വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമം; മലപ്പുറത്ത് യു.ഡി.എഫ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പരാതി
Kerala News
വോട്ടര്‍മാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമം; മലപ്പുറത്ത് യു.ഡി.എഫ്, സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 12th December 2020, 4:39 pm

മലപ്പുറം: മലപ്പുറത്ത് കൊണ്ടോട്ടിയിലും നിലമ്പൂരിലും സ്ഥാനാര്‍ത്ഥികള്‍ വോട്ടര്‍മാര്‍ക്ക് പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ചതായി പരാതി. കൊണ്ടോട്ടി നഗരസഭയിലെ 28ാം വാര്‍ഡായ ചിറയിലിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി താജുദ്ദീനെതിരെയും നിലമ്പൂരില്‍ 27ാം ഡിവിഷനിലെ യു.ഡിഎഫ് സ്ഥാനാര്‍ത്ഥി ഫിറോസ് ഖാനെതിരെയുമാണ് പരാതി ഉയര്‍ന്നത്.

കൊണ്ടോട്ടി ചിറയിലിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ താജുദ്ദീന്‍ വോട്ടര്‍മാരുടെ വീട്ടിലെത്തി പണം നല്‍കാന്‍ ശ്രമിക്കുന്നതായുള്ള മൊബൈല്‍ ദൃശ്യങ്ങള്‍ പുറത്ത് വന്നു. എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ ആണ് ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്.

സംഭവത്തില്‍ പരാതി ലഭിച്ചതായി കൊണ്ടോട്ടി നഗരസഭാ തെരഞ്ഞെടുപ്പ് റിട്ടേണിംഗ് ഓഫീസര്‍ ഇംതിയാസ് വ്യക്തമാക്കി. പരാതി ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൈമാറിയെന്നും റിട്ടേണിംഗ് ഓഫീസര്‍ വ്യക്തമാക്കി.

മുന്‍കാല കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ താജുദ്ദീന്‍. കോണ്‍ഗ്രസ് വിട്ട ഇദ്ദേഹം സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ തവണ ഒരു വോട്ടിന് യു.ഡി.എഫ് വിജയിച്ച വാര്‍ഡാണിത്.

നിലമ്പൂരിലെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഫിറോസ് ഖാന്‍ വോട്ടു ചോദിച്ചെത്തിയപ്പോള്‍ 1500 രൂപ നിര്‍ബന്ധിച്ച് കയ്യില്‍ വെച്ച് നല്‍കിയെന്നാണ് പരാതി. വോട്ടറായ ശകുന്തള എന്ന യുവതിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മലപ്പുറമടക്കം നാല് ജില്ലകളില്‍ ഇന്ന് പരസ്യ പ്രചാരണം അവസാനിക്കുകയാണ്. ഇതിനിടയിലാണ് പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നതായുള്ള പരാതികള്‍ ഉയരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Complaint against candidates alleges that tried to influence voters by giving money