ഛണ്ഡിഗഢ്: പശു മാംസം നല്‍കുന്നുവെന്നാരോപിച്ച് കൊറിയന്‍ വിഭവങ്ങള്‍ വില്‍ക്കുന്ന രണ്ട് റസ്റ്റോറന്റുകളില്‍ പരിശോധനക്കെത്തി പൊലീസും ഭക്ഷ്യ സുരക്ഷാ വകുപ്പും. ഹിന്ദുസംഘടനകള്‍ പൊലീസിനും മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഖട്ടറിനും നല്‍കിയ പരാതിയെ തുടര്‍ന്നാണ് പൊലീസും ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധനക്കെത്തിയത്.
ഗുരുഗ്രാമിലെ സൗത്ത് പോയിന്റ് മാളിലെ രണ്ട് റസ്‌റ്റോറന്റുകളിലാണ് പൊലീസ് പരിശോധനക്കെത്തിയത്. സംസ്ഥാനത്ത് ഗോവധ നിരോധനം നിലനില്‍ക്കെ ഈ രണ്ട് റസ്‌റ്റോറന്റുകളും നിയമലംഘനം നടത്തിയെന്ന് പരാതിയില്‍ ഉന്നയിക്കുന്നു.
എരുമ മാംസം നല്‍കാറുണ്ടെന്ന് ജീവനക്കാര്‍ അറിയിച്ചതായി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.
ബജ്‌റംഗ്ദള്‍,വിശ്വ ഹിന്ദുപരിഷത്ത് അംഗമായ കുല്‍ഭൂഷണ്‍ ഭരദ്വാജ് ആണ് പരാതി നല്‍കിയിരിക്കുന്നത്. ബീഫ് വിഭവം കഴിക്കുന്ന ഒരു വ്‌ളോഗറുടെ ഇന്‍സ്റ്റഗ്രാം വീഡിയോ കണ്ടാണ് ഇയാള്‍ പരാതിയുമായി പൊലീസിനെ സമീപിച്ചത്. വ്യക്തിപരമായ നേട്ടത്തിനായി റസ്റ്റോറന്റ് ഉടമകള്‍ സര്‍ക്കാരിന്റെ ഉത്തരവ് ലംഘിക്കുകയാണെന്ന് കുല്‍ഭൂഷണ്‍ പറഞ്ഞു. ഹിന്ദു മതവികാരത്തെ വ്രണപ്പെടുത്തിയെന്നും അദ്ദേഹം പരാതിയില്‍ പറയുന്നു.
‘ വ്യക്തിപരമായ നേട്ടത്തിനായി റസ്റ്റോറന്റ് ഉടമകള്‍ സര്‍ക്കാരിന്റെ ഉത്തരവ് ലംഘിക്കുകയാണ്. പരസ്യമായി പോത്തിറച്ചി നല്‍കുകയാണ്. ഇവര്‍ക്കെതിരെ എത്രയും പെട്ടെന്ന് നടപടിയെടുത്തില്ലെങ്കില്‍, എല്ലാ ഹിന്ദുസംഘടനകളും ഒന്നിച്ച് നടപടിയെടുക്കും,’ കുല്‍ഭൂഷണ്‍ പറഞ്ഞു.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് വരികയാണെന്നും സംസ്ഥാനത്ത് ഗോവധ നിരോധനം ഉള്ളതിനാല്‍ ഭക്ഷ്യസുരക്ഷാ വകുപ്പുമായി ചേര്‍ന്ന് നടപടിയെടുക്കുമെന്നും ഡി.സി.പി നിതീഷ് അഗര്‍വാള്‍ പറഞ്ഞു.
ചൊവ്വാഴ്ച ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥരെത്തി പരിശോധന നടത്തിയിരുന്നതായി റസ്‌റ്റോറന്റിലെ ഒരു ജീവനക്കാരന്‍ പറഞ്ഞു. പരാതിയെ കുറിച്ച് അറിയില്ലെന്നും പോത്തിറച്ചി വിഭവങ്ങള്‍ നല്‍കാറുണ്ടോയെന്ന് ഉദ്യോഗസ്ഥര്‍ അന്വേഷിച്ചതായും ജീവനക്കാര്‍ അറിയിച്ചു.
തങ്ങളുടെ റസ്റ്റോറന്റില്‍ എരുമ മാംസമാണ് നല്‍കാറുള്ളതെന്നും പശുമാംസം നല്‍കിയിട്ടില്ലെന്നും മറ്റൊരു റസ്റ്റോറന്റിലെ മാനേജര്‍ പറഞ്ഞു. അഞ്ചാറ് പൊലീസുകാരെത്തി എഫ്.എസ്.എസ്.എ.ഐ ഉള്‍പ്പെടെയുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ആവശ്യപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. റസ്റ്റോറന്റില്‍ നിന്നും ചില സാമ്പിളുകള്‍ അവര്‍ ശേഖരിച്ചതായും മാനേജര്‍ വ്യക്തമാക്കി.
സംസ്ഥാനത്ത് 2015 ലെ ഗോവംശ് സംരക്ഷണ്‍ ആന്‍ഡ് ഗോസംവര്‍ധന്‍ നിയമപ്രകാരം ഗോവധ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Content Highlight: Complaint against two restaurents over beef serving