ഷൂട്ടിങ് മൂലം ഗതാഗതകുരുക്ക്, ചട്ടലംഘനം; ജോജു ജോര്‍ജ് ചിത്രത്തിനെതിരെ പരാതിയുമാടി പാലാ നഗരസഭ
Entertainment news
ഷൂട്ടിങ് മൂലം ഗതാഗതകുരുക്ക്, ചട്ടലംഘനം; ജോജു ജോര്‍ജ് ചിത്രത്തിനെതിരെ പരാതിയുമാടി പാലാ നഗരസഭ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 6th May 2023, 8:16 pm

ജോജു ജോര്‍ജിന്റെ പുതിയ ചിത്രത്തിന്റെ ഷൂട്ടിനെതിരെ പരാതി. ജോഷി സംവിധാനം ചെയ്യുന്ന ആന്റണി എന്ന ചിത്രത്തിനെതിരെ നിയമ ലംഘനം നടന്നുവെന്ന് കാട്ടി മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കുമടക്കമാണ് പരാതി ലഭിച്ചിരിക്കുന്നത്. ചിത്രീകരണം മൂലം നഗരത്തില്‍ ഗതാഗത കുരുക്ക് ഉണ്ടായെന്നാണ് പാലാ നഗസഭ നല്‍കിയ പരാതിയില്‍ പറഞ്ഞിരിക്കുന്നത്.

സിവില്‍ സ്റ്റേഷന്റെ പ്രവര്‍ത്തനം തടസപ്പെടുന്ന സാഹചര്യമുണ്ടായി. പാലാ സബ്ജയിലിന്റെ ബോര്‍ഡ് മാറ്റിയാണ് ചിത്രീകരണം നടത്തിയത്. ഇത് ചട്ടലംഘനമാണെന്നും പരാതിയില്‍ പറയുന്നു. പാലാ നഗരസഭ തന്നെ ഈ ചിത്രീകരണത്തിന് നേരത്തെ അനുമതി നല്‍കിയിരുന്നു. എന്നാല്‍ പറഞ്ഞ വ്യവസ്ഥകള്‍ മറികടന്നുകൊണ്ടാണ് ചിത്രീകരണം എന്ന വിശദീകരണവുമായാണ് അവര്‍ മുന്നോട്ട് വന്നിരിക്കുന്നത്.

പാലായിലെ സബ്ജയിലിന് മുന്നിലുള്ള ഇടുങ്ങിയ വഴിയില്‍ സിനിമ ചിത്രീകരണത്തിന് അനുമതി ആവശ്യപ്പെട്ട് സിനിമയുടെ പിന്നണി പ്രവര്‍ത്തകര്‍ നഗരസഭയെ സമീപിച്ചിരുന്നു. നഗരസഭ സ്‌പെഷ്യല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്ന് ഈ അനുമതി നല്‍കുകയും ചെയ്തിരുന്നു. അഞ്ച്, ആറ് തീയതികളിലായിരുന്നു ചിത്രീകരണത്തിന് അനുമതി നല്‍കിയിരുന്നത്. ഇതില്‍ നഗരസഭ പറഞ്ഞ ഒരു പ്രധാനപ്പെട്ട വ്യവസ്ഥ ആളുകള്‍ക്ക് ബുദ്ധിമുട്ടുണ്ടാകുന്ന തരത്തില്‍ സിനിമാ ചിത്രീകരണം നടത്തരുതെന്നായിരുന്നു.

പക്ഷേ ഇന്നലെ നടന്ന സിനിമാ ചിത്രീകരണത്തിനിടെ ആളുകള്‍ക്ക് വലിയ രീതിയില്‍ ബുദ്ധിമുട്ടുണ്ടായി എന്നാണ് പരാതിയില്‍ പറയുന്നത്. താരങ്ങളുടെ കാരവനുകളും പ്രൊഡക്ഷന്‍ വാഹനങ്ങളും മൂലം റോഡാകെ ഗതാഗതം തടസപ്പെടുന്ന സ്ഥിതിയുണ്ടായി എന്ന് നഗരസഭ പരാതിയില്‍ പറയുന്നു. ആളുകള്‍ക്ക് വലിയ രീതിയില്‍ ബുദ്ധിമുട്ടുണ്ടാവുന്ന ഒരു സാഹചര്യത്തിലാണ് മുന്‍കൂറായി ചിത്രീകരണത്തിന് അനുമതി നല്‍കിയ നഗരസഭ തന്നെ ഇടപെടല്‍ ആവശ്യപ്പെട്ടുകൊണ്ട് മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും ജില്ലാ കളക്ടര്‍ക്കും മോട്ടോര്‍ വാഹന വകുപ്പിനും പരാതി നല്‍കിയിരിക്കുന്നത്.

നഗരസഭാ അധ്യക്ഷ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്ന ഒരു പ്രധാനകാരണം സിനിമ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജയില്‍ നിയമങ്ങളുടെ ലംഘനവുമുണ്ടായി എന്നതാണ്. നിശ്ചിത സമയം കഴിഞ്ഞതിന് ശേഷവും ഷൂട്ടിങ് വാഹനങ്ങള്‍ പാല സബ് ജയില്‍ കോമ്പൗണ്ടില്‍ സൂക്ഷിച്ചു എന്നുള്ളതാണ് ഒരു ആരോപണം. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ തഹസില്‍ദാരോട് ആര്‍.ഡി.ഒ ആവശ്യപ്പെട്ടിട്ടുണ്ട്.

Content Highlight: Complaint against the shoot of Joju George’s new film