റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്; തട്ടിപ്പിന് പിന്നില്‍ ബി.ജെ.പി പ്രാദേശിക നേതാവടക്കമുള്ള സംഘം
Kerala News
റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് വന്‍ തട്ടിപ്പ്; തട്ടിപ്പിന് പിന്നില്‍ ബി.ജെ.പി പ്രാദേശിക നേതാവടക്കമുള്ള സംഘം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 1st July 2022, 8:51 pm

കോഴിക്കോട്: റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയ ബി.ജെ.പി നേതാവിനെതിരെ പരാതി. ബി.ജെ.പി പ്രാദേശിക നേതാവായ മുക്കം സ്വദേശിയായ ഷിജു എം.കെക്കെതിരെയാണ് പരാതി. തട്ടിപ്പില്‍ ഷിജു, മലപ്പുറം എടപ്പാള്‍ സ്വദേശി
അശ്വതി വാരിയര്‍ എന്നിവരുടെ പേരിലാണ് മുക്കം പൊലീസ് കേസെടുത്തത്. റെയില്‍വേയില്‍ ജോലി വാഗ്ദാനംചെയ്ത് പലരില്‍നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത് മുങ്ങിയെന്നാണ് ഇവര്‍ക്കെതിരായ പരാതി.

റെയില്‍വേ റിക്രൂട്ട്‌മെന്റ് ബോര്‍ഡിന്റേതെന്ന് തെറ്റിദ്ധരിക്കുന്ന ഇ-മെയില്‍ ഐ.ഡി. ഉപയോഗിച്ചായിരുന്നു എം.കെ. ഷിജുവും വന്‍തട്ടിപ്പ് നടത്തിയത്. കൊവിഡ് കാലത്ത് തുടങ്ങിയ തട്ടിപ്പ് അടുത്തിടെയാണ് തിരിച്ചറിഞ്ഞത്.

ചിലര്‍ക്ക് സതേണ്‍ റെയില്‍വേ ചെയര്‍മാന്റെ പേരില്‍ വ്യാജ നിയമന ഉത്തരവുവരെ തട്ടിപ്പ് സംഘം നല്‍കിയിരുന്നു. 40,000 രൂപമുതല്‍ പതിനഞ്ചുലക്ഷം രൂപ വരെ പല ഘട്ടമായാണ് പലരില്‍നിന്നായി ഈടാക്കിയിരുന്നത്.

സതേണ്‍ റെയില്‍വേക്ക് ചെയര്‍മാനില്ല എന്ന വസ്തുതയില്‍ നിന്നുമാണ് തങ്ങള്‍ പറ്റിക്കപ്പെടുകയായിരുന്നു എന്ന സംശയം നിയമനം ലഭിച്ചവര്‍ക്ക് തോന്നിത്തുടങ്ങിയത്. ഇവരില്‍ ചിലര്‍ നടത്തിയ അന്വേഷണത്തിലാണ് തങ്ങള്‍ വഞ്ചിക്കപ്പെടുകയായിരുന്നെന്ന് മനസിലാവുന്നത്. മലബാറിലെ ജില്ലകളില്‍നിന്നുമാത്രമായി ചുരുങ്ങിയത് അഞ്ഞൂറുപേരെങ്കിലും തട്ടിപ്പിനിരയായിട്ടുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്.

അതേസമയം, സംഭത്തിന്റെ പശ്ചത്തലത്തില്‍ എം.കെ. ഷിജുവിനെ പുാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതായി ബി.ജെ.പി കോഴിക്കോട് ജില്ലാ നേതൃത്വം അറിയിച്ചു. ഷിജുവിനെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയെന്നും നേരത്തേയും പരാതികള്‍ ഉയര്‍ന്ന പശ്ചാത്തലത്തില്‍ പാര്‍ട്ടി ചുമതലകളില്‍ നിന്ന് ഷിജുവിനെ ഒഴുവാക്കെയെന്നും ബി.ജെ.പി അറിയിച്ചു.