Advertisement
Movie Day
അഡ്വാന്‍സ് വാങ്ങിയതിന് ശേഷം ഷൂട്ടിന് വരുന്നില്ല; യോഗി ബാബുവിനെതിരെ പരാതി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
2023 Aug 21, 03:10 am
Monday, 21st August 2023, 8:40 am

തമിഴ് നടന്‍ യോഗി ബാബുവിനെതിരെ പരാതി. അഡ്വാന്‍സ് തുക വാങ്ങിയതിന് ശേഷം ഷൂട്ടിന് വരുന്നില്ലെന്ന് ആരോപിച്ച് റൂബി ഫിലിം നിര്‍മാണ കമ്പനി ഉടമയും നിര്‍മാതാവുമായ ഹസിയാണ് വിരുമ്പാകം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജാക്ക് ഡാനിയേല്‍ എന്ന പുതിയ ചിത്രത്തിനായി 65 ലക്ഷം രൂപയാണ് യോഗി ബാബുവിന് പ്രതിഫലമായി സംസാരിച്ച് വെച്ചത്. 20 ലക്ഷത്തിന്റെ ചെക്ക് അഡ്വാന്‍സായി നല്‍കുകയും ചെയ്തു. എന്നാല്‍ ചിത്രീകരണം ആരംഭിച്ചതിന് ശേഷം ഇദ്ദേഹം ഷൂട്ടിന് വരാതെ വഞ്ചിക്കുകയാണെന്നാണ് ഹസി ആരോപിക്കുന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്.

തമിഴ് മുഖ്യധാര സിനിമകളിലെല്ലാം പ്രധാന സാന്നിധ്യമാണ് ഇപ്പോള്‍ യോഗി ബാബു. രജിനികാന്തിന്റെ ജയിലറാണ് ഒടുവില്‍ റിലീസ് ചെയ്ത യോഗി ബാബുവിന്റെ ചിത്രം. നെല്‍സണ്‍ ദിലിപ്കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ രമ്യ കൃഷ്ണ, മിര്‍ണ, മോഹന്‍ലാല്‍, വിനായകന്‍, ശിവ രാജ്കുമാര്‍, തമന്ന എന്നിവരാണ് മറ്റ് കഥാപാത്രങ്ങളായി എത്തിയത്. ചിത്രം 500 കോടി നേടിയെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

അറ്റ്‌ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രം ജവാനിലും യോഗി അഭിനയിക്കുന്നുണ്ട്. ഷാരൂഖ് ഖാന്‍, നയന്‍ താര, പ്രിയാമണി എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

Content Highlight: Complaint against Tamil actor Yogi Babu