| Tuesday, 27th August 2024, 2:39 pm

മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തതിൽ കേസെടുക്കണം; സുരേഷ് ഗോപിക്കെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ പരാതി. മാധ്യമപ്രവര്‍ത്തകരെ കൈയേറ്റം ചെയ്തതിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കരയാണ് പരാതി നല്‍കിയത്.

തൃശൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് അനില്‍ അക്കര പരാതി കൈമാറിയിരി ക്കുന്നത്. തന്റെ വഴി തന്റെ അവകാശമാണെന്നും പ്രതികരിക്കാന്‍ സൗകര്യമില്ലെന്നുമാണ് സുരേഷ് ഗോപി പറഞ്ഞത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ ലൈംഗികാതിക്രമ ആരോപണം നേരിട്ട എം.എല്‍.എ മുകേഷിന്റെ രാജിയുമായി ബന്ധപ്പെട്ട ചോദ്യങ്ങളിലാണ് കേന്ദ്ര മന്ത്രി പ്രകോപിതനായത്. ഇതിനെതിരെയാണ് അനില്‍ അക്കര നിലവില്‍ പരാതിപ്പെട്ടിരിക്കുന്നത്.

മാധ്യമങ്ങള്‍ വലിയ സംവിധാനങ്ങളെ തകര്‍ക്കുകയാണെന്നായിരുന്നു സുരേഷ് ഗോപി നേരത്തെ പ്രതികരിച്ചത്. ‘മുകേഷിന്റെ കാര്യം കോടതി തീരുമാനിക്കും. വിവാദങ്ങള്‍ മാധ്യമങ്ങളുടെ തീറ്റയാണ്. ആരോപണങ്ങള്‍ മാധ്യമസൃഷ്ടിയാണ്. ഒരു വലിയ സംവിധാനത്തെ തകിടം മറിക്കുകയാണ് മാധ്യമങ്ങള്‍,’ എന്നാണ് സുരേഷ് ഗോപി പ്രതികരിച്ചത്.

അതേസമയം സുരേഷ് ഗോപിയുടെ പരാമര്‍ശത്തെ തള്ളി ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ രംഗത്തെത്തി. ഒരു നടനെന്ന നിലയില്‍ സുരേഷ് ഗോപിക്ക് അഭിപ്രായം പറയാമെന്നും ബി.ജെ.പിയുടെ നിലപാട് പാര്‍ട്ടി നേതൃത്വം പറയുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

‘സുരേഷ് ഗോപി പറയുന്നതല്ല പാര്‍ട്ടി നിലപാട്. മുകേഷ് രാജി വെക്കണം എന്ന് തന്നെയാണ് ബി.ജെ.പിയുടെ നിലപാട്,’ എന്ന് കെ. സുരേന്ദ്രന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. കൊല്ലം എം.എല്‍.എയുടെ രാജി എഴുതി വാങ്ങാന്‍ പിണറായി തയ്യാറാകണമെന്നും ചലച്ചിത്ര മേഖലയിലെ അനാശാസ്യ പ്രവണതകള്‍ കാണാതെ പോകരുത്. വരുന്നത് ഗുരുതരമായ ആരോപണങ്ങളാണെന്നും സുരേന്ദന്‍ പറഞ്ഞു.

സിനിമാ മേഖലയിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച ഹേമ കമ്മിറ്റി, അന്വേഷണത്തിന് ഒടുവില്‍ കൈമാറിയ റിപ്പോര്‍ട്ട് പുറത്തുവിട്ടതിന് പിന്നാലെ മലയാള സിനിമയിലെ വിവാദങ്ങള്‍ കനക്കുകയായിരുന്നു.

ലൈംഗികാതിക്രമ ആരോപണങ്ങളെ തുടര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് സംവിധായകന്‍ രഞ്ജിത്ത് രാജിവെച്ചിരുന്നു. സമാനമായ ആരോപണത്തെ തുടര്‍ന്ന് തുടര്‍ന്ന് നടന്‍ സിദ്ദിഖ് അമ്മ സംഘനയുടെ ജനറല്‍ സെക്രട്ടറി സ്ഥാനവും ഒഴിഞ്ഞിരുന്നു. ഇതിനുപിന്നാലെ മുകേഷ്, ജയസൂര്യ തുടങ്ങിയ നിരവധി പേര്‍ക്കെതിരെ ഇത്തരത്തില്‍ ആരോപണങ്ങള്‍ ഉയരുകയുണ്ടായി.

Content Highlight: Complaint against Suresh Gopi for pushing journalists

Latest Stories

We use cookies to give you the best possible experience. Learn more