ശ്രീധരന്‍ പിള്ളയെ അഭിഭാഷക വൃത്തിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബാര്‍ കൗണ്‍സിലില്‍ പരാതി
Kerala News
ശ്രീധരന്‍ പിള്ളയെ അഭിഭാഷക വൃത്തിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബാര്‍ കൗണ്‍സിലില്‍ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 13th November 2018, 9:46 am

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ളയെ അഭിഭാഷക വൃത്തിയില്‍ നിന്ന് പുറത്താക്കണമെന്നാവശ്യപ്പെട്ട് ബാര്‍ കൗണ്‍സിലില്‍ പരാതി. കൊല്ലം സ്വദേശിയായ അഭിഭാഷകന്‍ കെ.വിനയ കുമാര്‍ ആണ് പരാതി നല്‍കിയത്.

1961 ലെ അഭിഭാഷക നിയമത്തിലെ 35 (ഒന്ന്) വകുപ്പ് പ്രകാരമാണ് അഭിഭാഷകന്‍ കൂടിയായ പി.എസ്.ശ്രീധരന്‍പിള്ളയ്‌ക്കെതിരെ വിനയകുമാര്‍ കേരള ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയത്.

തൊഴില്‍പരമായ പെരുമാറ്റ ദൂഷ്യം, കോടതിയലക്ഷ്യം, പ്രേരണ തുടങ്ങിയ കുറ്റങ്ങളാണ് പരാതിക്കാരന്‍ ശ്രീധരന്‍പിള്ളയ്‌ക്കെതിരെ ഉന്നയിക്കുന്നത്.


Also Read കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും ജാഥ ജനങ്ങള്‍ കാണുന്നത് ഒരുപോലെ; ശബരിമല വിധിയില്‍ രാഹുല്‍ഗാന്ധിയുടെ നിലപാടിനോട് യോജിക്കുന്നുവെന്ന് വി.ഡി സതീശന്‍


ഒരു അഭിഭാഷകന്‍ കോടതി ഉദ്യാഗസ്ഥനും വിധികള്‍ നടപ്പിലാക്കാന്‍ ബാധ്യയുള്ളവരുമാണെന്നിരിക്കെ പരസ്യമായി സുപ്രീംകോടതിവിധിയെ വെല്ലുവിളിക്കുകയും യുവതികള്‍ ശബരിമലയില്‍ പ്രവേശിച്ചാല്‍ നടയടക്കണമെന്ന് തന്ത്രിക്ക് നിര്‍ദ്ദേശം നല്‍കുകയും, യുവതികളെ തടയാന്‍ അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കുകയും ചെയ്തത് പ്രഥമ ദൃഷ്ടിയാല്‍ കോടതി അലക്ഷ്യമാണെന്ന് പരാതിയില്‍ പറയുന്നു.

ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കോഴിക്കോട് കസബ പൊലീസ് സ്റ്റേഷന്‍ കേസ് റജിസറ്റര്‍ ചെയ്തതിന്റെ എഫ്.ഐ.ആറിന്റെ പകര്‍പ്പ് സഹിതമാണ് ബാര്‍ കൗണ്‍സിലില്‍ പരാതി നല്‍കിയത്.

ബാര്‍ കൗണ്‍സിലിന്റെ അധികാരം ഉപയോഗിച്ച് പി.എസ്.ശ്രീധരന്‍പിള്ളയെ അഭിഭാഷക വൃത്തിയില്‍ നിന്ന് പുറത്താക്കണമെന്നും അഭിഭാഷകനായ കെ വിനയകുമാര്‍ ആവശ്യപ്പെട്ടു.