വാങ്ങുന്ന കാശിന് നല്ല ഓഡിയോ തന്നൂടെ; ഭ്രമയുഗം ഒ.ടി.ടി. റിലീസിന് പിന്നാലെ സോണി ലിവിനെതിരെ പരാതിയുമായി പ്രേക്ഷകര്‍
Entertainment
വാങ്ങുന്ന കാശിന് നല്ല ഓഡിയോ തന്നൂടെ; ഭ്രമയുഗം ഒ.ടി.ടി. റിലീസിന് പിന്നാലെ സോണി ലിവിനെതിരെ പരാതിയുമായി പ്രേക്ഷകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 15th March 2024, 12:57 pm

കാത്തിരിപ്പിനൊടുവില്‍ ഒ.ടി.ടി.യില്‍ എത്തിയിരിക്കുകയാണ് മമ്മൂട്ടി ചിത്രം ഭ്രമയുഗം. ഏറെക്കാലത്തിന് ശേഷം പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പുറത്തിറങ്ങിയ സിനിമ എന്ന പ്രത്യേകതയും ഭ്രമയുഗത്തിനുണ്ട്. റിലീസ് ചെയ്ത് 28ാം ദിവസത്തിലാണ് ചിത്രം ഒ.ടി.ടി.യിലെത്തിയത്. വമ്പന്‍ തുകയ്ക്കാണ് സോണി ലിവ് ചിത്രത്തിന്റെ സ്ട്രീമിങ് റൈറ്റ്‌സ് വാങ്ങിയത്.

എന്നാല്‍ ഒ.ടി.ടി റിലീസിന് പിന്നാലെ സോണി ലിവിനെതിരെ പലരും പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ശബ്ദത്തിന് വളരെയധികം പ്രാധാന്യമുള്ള ചിത്രം മോശം ഓഡിയോ ക്വാളിറ്റിയിലാണ് സോണി ലിവില്‍ സ്ട്രീം ചെയ്യുന്നത് എന്നാണ് പരാതി. അറ്റ്‌മോസ് കണ്ടന്റിന് പ്രാധാന്യം നല്‍കിക്കൊണ്ട് സൗണ്ട് ഡിസൈന്‍ ചെയ്ത ഭ്രമയുഗം ഒ.ടി.ടി.യില്‍ ആസ്വദിക്കണമെങ്കില്‍ ചുരുങ്ങിയത് 5.1 ഓഡിയോ ക്വാളിറ്റിയെങ്കിലും വേണം.

എന്നാല്‍ സോണി ലിവില്‍ ഉള്ളത് വെറും 2.1 ഓഡിയോ ആണെന്നും സിനിമയോട് ഒട്ടും നീതി പാലിക്കാത്ത പരിപാടിയാണെന്നുമാണ് പലരും പറയുന്നത്. സോണി ലിവിന്റെ വാര്‍ഷിക സബ്‌സ്‌ക്രിപ്ഷനില്‍ 4k, അറ്റ്‌മോസ് എന്നീ സൗകര്യങ്ങള്‍ ഉണ്ടന്ന് പറയുമ്പോഴാണ് ഇത്തരം സിനിമകള്‍ ക്വാളിറ്റി കുറഞ്ഞ ഓഡിയോയില്‍ സ്ട്രീം ചെയ്യുന്നത് എന്ന് പലരും പറയുന്നുണ്ട്.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ 2018 എന്ന സിനിമയുടെ സ്ട്രീമിങ് റൈറ്റ്‌സ് വാങ്ങിയതും സോണി തന്നെയായിരുന്നു. അന്നും ഇതേ ഓഡിയോ പ്രശ്‌നം പലരും ഉന്നയിച്ചിരുന്നു. തുടര്‍ച്ചയായി ഒരേ തെറ്റ് തന്നെ ആവര്‍ത്തിക്കുന്നത് സോണിക്ക് തിരിച്ചടിയാകുമെന്നാണ് പലരും പറയുന്നത്. ടെക്‌നോളജി ഇത്രയും പുരോഗമിക്കുമ്പോള്‍ അതിനനുസരിച്ച് അപ്‌ഡേറ്റ് ആവേണ്ടതുണ്ടെന്നും പലരുടെയും പോസ്റ്റില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷത്തെ ഹിറ്റ് ചിത്രമായ രോമാഞ്ചം ഹോട്‌സ്റ്റാറില്‍ വന്നപ്പോഴും ഓഡിയോ പ്രശ്‌നം കാരണം പാട്ടുകളും ബി.ജി.എമ്മും ആദ്യ ആഴ്ചയില്‍ കേള്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. കാശ് കൊടുത്ത് സബ്‌സ്‌ക്രിപ്ഷന്‍ എടുക്കുന്ന സാധാരണക്കാരോട് ചെയ്യുന്ന നീതികേടാണ് ഇതെന്ന് പലരും സമൂഹമാധ്യമങ്ങളിലൂടെ പ്രതികരിച്ചിരുന്നു.

മമ്മൂട്ടി പ്രധാന കഥാപാത്രമായെത്തിയ ഭ്രമയുഗത്തില്‍ അര്‍ജുന്‍ അശോകനും സിദ്ധാര്‍ത്ഥ് ഭരതനുമാണ് പ്രധാന താരങ്ങള്‍. ഒരു പരീക്ഷണ ചിത്രമായിരുന്നിട്ടു കൂടി ബോക്‌സ് ഓഫീസില്‍ 60 കോടിയോളം ഭ്രമയുഗം കളക്ട് ചെയ്തിരുന്നു. 50 കോടി ക്ലബ്ബില്‍ ഇടം നേടിയ ആദ്യ ബ്ലാക്ക് ആന്‍ഡ് വൈറ്റ് സിനിമ എന്ന റെക്കോഡും ഭ്രമയുഗം സ്വന്തമാക്കി.

Content Highlight: Complaint against Sony Liv for audio problem after the OTT release of Bramayugam