| Sunday, 22nd September 2024, 5:13 pm

സെബിക്കെതിരായ പരാതി; ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ വിശ്വാസ്യത ചോദ്യം ചെയ്ത് ലോക്പാല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: സെബിക്കെതിരായുള്ള പരാതികളില്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രം പ്രാഥമിക അന്വേഷണം നടത്താന്‍ കഴിയില്ലെന്ന് ലോക്പാല്‍. ലോക്‌സഭാ എം.പി മഹുവ മൊയ്ത്രയും മുന്‍ ഐ.പി.എസ് ഓഫീസര്‍ അമിതാഭ് ഠാക്കൂറും നല്‍കിയ പരാതികളില്‍ പ്രാഥമിക അന്വേഷണം നടത്താന്‍ കഴിയില്ലെന്നാണ് ലോക്പാല്‍ വ്യക്തമാക്കിയത്.

അഴിമതി വിരുദ്ധ അതോറിറ്റിയായ ലോക്പാല്‍ ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയെയും ചോദ്യം ചെയ്തു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സെബി ചെയര്‍പേഴ്‌സണായ മാധബി ബുച്ചിനെതിരെ ലോക്പാലിന് ലഭിച്ച പരാതികള്‍ പരിശോധിക്കുന്നതിനിടെയാണ് പ്രസ്താവന.

റിട്ടയേര്‍ഡ് സുപ്രീം കോടതി ജഡ്ജി എ.എം. ഖാന്‍വില്‍ക്കറുടെ നേതൃത്വത്തില്‍ ലോക്പാല്‍ സെപ്റ്റംബര്‍ 20ന് പുറത്തിറക്കിയ ഉത്തരവിലാണ് ഹിന്‍ഡന്‍ബര്‍ഗിനെതിരായ പ്രസ്താവന.

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിന്റെ വിശ്വാസ്യതയും ആധികാരികതയും എത്രത്തോളമുണ്ടെന്ന് പരിശോധിക്കാന്‍ പരാതിക്കാര്‍ നടത്തിയ ശ്രമങ്ങള്‍ എന്തൊക്കെയാണെന്ന് വിശദീകരിക്കണമെന്നും ലോക്പാല്‍ വ്യക്തമാക്കി.

പരാതിയില്‍ പറയുന്നതിനനുസൃതമായി മാധബി ബുച്ചിനെതിരെ അദാനി ഗ്രൂപ്പുമായുള്ള അഴിമതിയും ക്വിഡ് പ്രോക്വോ ആരോപണവും സംബന്ധിച്ച് വിശ്വസനീയമായ വിവരങ്ങള്‍ ഹാജരാക്കാനും ലോക്പാല്‍ ആവശ്യപ്പെട്ടു. പരാതികളില്‍ പറയുന്ന ആരോപണങ്ങള്‍ വ്യക്തമാക്കുന്നതിനായി വസ്തുതകള്‍ വെളിപ്പെടുത്തുന്ന സത്യവാങ്മൂലം ലോക്പാലിന് നല്‍കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്.

അതേസമയം അദാനിയുടെ വിദേശത്തുള്ള രഹസ്യ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന ആരോപണത്തെ ചൂണ്ടിക്കാട്ടിയായിരുന്നു മഹുവയുടെ പരാതി. ബുച്ചിനെതിരെ ഹിന്‍ഡന്‍ബര്‍ഗ് വെളിപ്പെടുത്തല്‍ നടത്തിയതിന് പിന്നാലെയായിരുന്നു മഹുവ മൊയ്ത്ര ലോക്പാലിന് പരാതി നല്‍കിയിരുന്നത്.

മാധബി ബുച്ചിന്റെയും അദാനിയുടെയും നീക്കങ്ങള്‍ ദേശീയ താത്പര്യങ്ങളെയും കോടിക്കണക്കിനുള്ള നിക്ഷേപകരെയും ബാധിക്കുന്ന വിഷയമാണെന്നും മഹുവ പരാതിയില്‍ പറഞ്ഞിരുന്നു. ക്രമക്കേടുമായി ബന്ധപ്പെട്ട മുഴുവന്‍ സ്ഥാപനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി അദാനിയുമായുള്ള ഇടപാടുകളെ കുറിച്ച് അന്വേഷിക്കണമെന്നും മഹുവ ലോക്പാലിനയച്ച പരാതിയില്‍ പറഞ്ഞിരുന്നു.

അതേസമയം അദാനി ഗ്രൂപ്പിന്റെ ഷെല്‍ കമ്പനികളില്‍ മാധബി പുരി ബുച്ചിന് നിക്ഷേപമുണ്ടെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് പുറത്തുവിട്ട വിവരം. വിസില്‍ബ്ലോവര്‍മാരെ ഉദ്ധരിച്ചായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

Content Highlight: complaint against SEBI; LOKPAL questions credibility of Hindenburg report

We use cookies to give you the best possible experience. Learn more