| Monday, 13th December 2021, 5:23 pm

'ആണുങ്ങളെ മോശക്കാരായി കാണിക്കുന്നു'; പുഷ്പയിലെ സാമന്തയുടെ ഡാന്‍സ് നമ്പറിനെതിരെ പരാതി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുന്റെ ചിത്രമാണ് പുഷ്പ. ഡിസംബര്‍ 17 നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തിന്റെ ഗ്രാന്റ് പാര്‍ട്ടി ഇവന്റ് കഴിഞ്ഞ ദിവസം ഹൈദരാബാദില്‍ വെച്ച് നടന്നിരുന്നു.

ചിത്രത്തില്‍ തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത ഡാന്‍സ് നമ്പറുമായി എത്തിയിരുന്നു. സാമന്തയുടെ ആദ്യത്തെ ഡാന്‍സ് നമ്പര്‍ കൂടിയാണിത്. റെക്കോര്‍ഡ് തുകയാണ് ഈ ഡാന്‍സ് നമ്പറിനായി സാമന്ത വാങ്ങിയത്.

എന്നാല്‍ ‘ഊ ആണ്‍ടവാ’ എന്ന് തുടങ്ങുന്ന ഈ ഗാനം ആണുങ്ങളെ മോശക്കാരായി കാണിക്കുന്നുവെന്നാരോപിച്ച് പരാതിയുമായി എത്തിയിരിക്കുകയാണ് മെന്‍സ് അസോസിയേഷന്‍ എന്ന സംഘടന.

പാട്ടിന്റെ വരികളില്‍ പുരുഷന്മാരെ കാമാസക്തിയുള്ളവരായി ചിത്രീകരിച്ചിരിക്കുന്നെന്നും ഗാനം പിന്‍വലിക്കണമെന്നുമാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ കേസ് ആന്ധ്രാപ്രദേശ് കോടതി ഇതുവരെ പരിഗണിച്ചിട്ടില്ല.

തെലുങ്കില്‍ ഇന്ദ്രവതി ചൗഹാന്‍ ആലപിച്ച ഗാനം മലയാളത്തില്‍ രമ്യ നമ്പീശനാണ് ആലപിച്ചിരിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. നേരത്തെ ചിത്രത്തിലെ ശ്രീവല്ലി എന്ന ഗാനവും പുറത്തുവിട്ടിരുന്നു.

ചിത്രം ഡിസംബര്‍ 17 ന് തിയേറ്ററുകളില്‍ എത്തും. പുഷ്പ ദ റൈസ് എന്നാണ് ആദ്യഭാഗത്തിന്റെ പേര്. ചിത്രത്തില്‍ ഫഹദ് ഫാസിലാണ് വില്ലനായി എത്തുന്നത്. ഫഹദിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് പുഷ്പ. ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ പുഷ്പയില്‍ എത്തുന്നത്. ചിത്രത്തിനായി 70 കോടി രൂപയാണ് അല്ലു പ്രതിഫലമായി വാങ്ങിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. 250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്.

മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് പുഷ്പ നിര്‍മിക്കുന്നത്. രണ്ട് ഭാഗങ്ങളായാണ് ചിത്രം ഒരുങ്ങുന്നത്.

മിറോസ്ലോ കുബ ബറോസ്‌ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും സൗണ്ട് ട്രാക്കും നിര്‍വഹിയ്ക്കുന്നത്.

ഓസ്‌കാര്‍ ജേതാവ് റസൂല്‍ പൂക്കുട്ടി സൗണ്ട് എന്‍ജിനീയറായി എത്തുന്ന ചിത്രത്തിന് വേണ്ടി ചിത്രസംയോജനം നടത്തുന്നത് കാര്‍ത്തിക് ശ്രീനിവാസ് ആണ്. പി.ആര്‍.ഒ ആതിര ദില്‍ജിത്ത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Complaint against Samantha’s dance number in Allu Arjun movie Pushpa

We use cookies to give you the best possible experience. Learn more