'പള്ളിയില്‍ കയറി വെട്ടും ഞങ്ങള്‍'; ആര്‍.എസ്.എസിന്റെ പ്രകോപനപരമായ മുദ്രാവാക്യത്തിനെതിരെ ജനകീയ നീതിവേദിയുടെ പരാതി
Kerala
'പള്ളിയില്‍ കയറി വെട്ടും ഞങ്ങള്‍'; ആര്‍.എസ്.എസിന്റെ പ്രകോപനപരമായ മുദ്രാവാക്യത്തിനെതിരെ ജനകീയ നീതിവേദിയുടെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 20th April 2018, 7:28 pm

കാസറഗോഡ്: പള്ളിയില്‍ കയറി വെട്ടുമെന്ന ആര്‍.എസ്.എസിന്റെ പ്രകോപനപരമായ മുദ്രാവാക്യത്തിനെതിരെ ജനകീയ നീതി വേദിയുടെ പരാതി. കുറ്റക്കാര്‍ക്കെതിരെ 153 എ പ്രകാരം കേസെടുക്കണമെന്നാണ് ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടത്.

മുദ്രാവാക്യം കലാപം സൃഷ്ടിക്കാനുള്ള സംഘപരിവാറിന്റെ ഗൂഡ നീക്കമാണെന്നും പള്ളിയില്‍ കയറി വെട്ടുമെന്നും ഗുജറാത്ത് ആവര്‍ത്തിക്കുമെന്നുമുള്ള മുദ്രാവാക്യം മുഴക്കിയവര്‍ക്കെതിരെ 153 എ വകുപ്പു ചുമത്തി കേസെടുക്കണമെന്നും ജനകീയ നീതി വേദി ജ.സെക്രട്ടറി കാദര്‍കരിപ്പൊടി ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ 153 എ ചുമത്തുമെന്ന് ഹോര്‍ദുര്‍ഗ് പൊലീസ് ഉറപ്പ് നല്‍കിയതായും കാദര്‍ അറിയിച്ചു.


Read | സി.പി.ഐ.എം കരട് രാഷ്ട്രീയ പ്രമേയത്തില്‍ വോട്ടെടുപ്പ് ഒഴിവായി


ആര്‍.എസ്.എസിന് നേരെ വന്നാല്‍ പള്ളിയില്‍ കയറി വെട്ടും ഞങ്ങള്‍ എന്നാണ് കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട് ടൗണില്‍ ആര്‍.എസ്.എസ് നടത്തിയ പ്രകടനത്തില്‍ മുദ്രാവാക്യം വിളിച്ചത്. പ്രകടനത്തിന്റെ വീഡിയോ വ്യാപകമായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്തിരുന്നു.

കഠ്വയില്‍ മുസ്ലിം പെണ്‍കുട്ടി ക്രൂരമായ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് നടന്ന അപ്രഖ്യാപിത ഹര്‍ത്താലിനെതിരെയായിരുന്നു ആര്‍.എസ്.എസ് പ്രകടനം. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് കാഞ്ഞങ്ങാടും പ്രകടനം നടത്തിയത്.


Read | തൃണമൂല്‍ ആക്രമണം: ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ് തീയതി മാറിയേക്കും; നോമിനേഷന്‍ തീയതി നീട്ടി


എന്നാല്‍ തിങ്കളാഴ്ച്ച നടന്ന ഹര്‍ത്താല്‍ കാഞങ്ങാട് ബാധിച്ചിരുന്നില്ലെന്നും ഒരു അക്രമ സംഭവങ്ങളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നില്ലെന്നും യുവജനതാദള്‍ കാസറഗോഡ് ജില്ലാ പ്രസിഡന്റ് നൗഫല്‍ പറഞ്ഞു.

അതേസമയം ക്രമസമാധാന പ്രശ്നങ്ങളുടെ ഭാഗമായി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ കാസറഗോഡ്, മഞ്ചേശ്വരം, കുമ്പള, വിദ്യാനഗഗര്‍, ആധൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ രാത്രി കാലങ്ങളില്‍ തുറന്ന് പ്രവര്‍ത്തിക്കുന്ന ഹോട്ടലുകള്‍, പെട്ടികടകള്‍ രാത്രി 11 മണിവരെ തുറന്ന് പ്രവര്‍ത്തിക്കാന്‍ പാടുള്ളുവെന്നും രാത്രി 10 മണിക്ക് ശേഷം കായിക പരിപാടികള്‍ക്ക് അനുമതി ഉണ്ടായിരിക്കുന്നതല്ലെന്നും കാസറഗോഡ് ഡി.വൈ.എസ്.പി അറിയിച്ചിട്ടുണ്ട്. വീഴ്ച്ച വരുത്തിയാല്‍ നടപടി സ്വീകരിക്കുന്നതാണെന്നും നിര്‍ദേശമുണ്ട്.