| Thursday, 29th July 2021, 1:20 pm

'അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമം'; രഞ്ജിനി ഹരിദാസിനെതിരെ തൃക്കാക്കര നഗരസഭാധ്യക്ഷയുടെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

എറണാകുളം: സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് അവതാരക രഞ്ജിനി ഹരിദാസിനെതിരെ പരാതി നല്‍കി നഗരസഭാധ്യക്ഷ അജിതാ തങ്കപ്പന്‍. നടന്‍ അക്ഷയ് രാധാകൃഷ്ണനെതിരെയും അധ്യക്ഷ പരാതി നല്‍കിയിട്ടുണ്ട്.

തൃക്കാക്കരയില്‍ നായ്ക്കളെ കൂട്ടമായി കൊന്നൊടുക്കിയ സംഭവത്തില്‍ രഞ്ജിനി ഹരിദാസ് കഴിഞ്ഞദിവസം പ്രതിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ അധ്യക്ഷ പരാതി നല്‍കിയത്.

നഗരസഭയ്ക്ക് നേരെ നടക്കുന്ന ആരോപണങ്ങളിലേക്ക് തന്നെ ഇരുവരും അനാവശ്യമായി വലിച്ചിഴച്ചുവെന്നാരോപിച്ചാണ് അജിതാ തങ്കപ്പന്‍ പരാതി നല്‍കിയത്. തന്റെ ചിത്രം അടക്കം ഉപയോഗിച്ച് സഭ്യമല്ലാത്ത ഭാഷയില്‍ പ്രചാരണം നടത്തുകയാണെന്നും പലരുടെയും കമന്റുകള്‍ മ്ലേച്ഛമാണെന്നും തൃക്കാക്കര എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

സമൂഹ മാധ്യമങ്ങളിലെ പോസ്റ്ററുകളുടെ സ്‌ക്രീന്‍ഷോട്ട് അടക്കമാണ് അജിത പരാതി നല്‍കിയിരിക്കുന്നത്.

തിങ്കളാഴ്ചയാണ് 30 നായ്ക്കളുടെ ജഡം തൃക്കാക്കര നഗരസഭാ യാര്‍ഡില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഹൈക്കോടതി ഇടപെടുകയും പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

നായ്ക്കളെ കൊന്നത് നഗരസഭയുടെ നിര്‍ദേശ പ്രകാരമാണ് എന്ന് പ്രതികള്‍ മൊഴി നല്‍കിയതായി സൂചനയുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് രഞ്ജിനിയുടെ നേതൃത്വത്തില്‍ മൃഗസ്നേഹികള്‍ തൃക്കാക്കരനഗരസഭയ്ക്ക് മുന്നില്‍ കുത്തിയിരുന്നു പ്രതിഷേധിച്ചത്.

നായ്ക്കളെ കൈകളില്‍ പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധം. കുറ്റവാളികള്‍ക്കെതിരെ ഉചിതമായ നടപടി എടുക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.

നായ്ക്കളെ കൊന്നു തള്ളാന്‍ നഗരസഭ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെങ്കില്‍ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ഹൈക്കോടതിയും നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

നായകളെയോ മൃഗങ്ങളെയോ മുറിവേല്‍പ്പിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്യുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമം 248, 249 പ്രകാരം മൂന്നു വര്‍ഷം വരെ തടവു കിട്ടാവുന്ന ശിക്ഷയാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Complaint against Ranjini Haridas by Thrikkakkara municipality chairperson

We use cookies to give you the best possible experience. Learn more