പത്തനംതിട്ടയില്‍ അന്ധരായ വോട്ടര്‍മാരുടെ വോട്ട് പ്രിസൈഡിങ് ഓഫീസര്‍ തന്നെ ചെയ്തു; തെരഞ്ഞെടുപ്പു കമ്മീഷന് എല്‍.ഡി.എഫിന്റെ പരാതി
റാന്നി: അന്ധരായ വോട്ടര്‍മാരുടെ വോട്ട് പ്രിസൈഡിങ് ഓഫീസര്‍ സ്വന്തം നിലയ്ക്ക് ചെയ്തതായി പരാതി. റാന്നി 100 നമ്പര്‍ പോളിങ് ബൂത്തിലാണ് സംഭവം. എല്‍.ഡി.എഫ് ഇതുസംബന്ധിച്ച് തെരഞ്ഞെടുപ്പു കമ്മീഷന് പരാതി നല്‍കി.
പത്തനംതിട്ട മണ്ഡലത്തില്‍ രാവിലെ ഏഴരയോടെ തന്നെ വോട്ടെടുപ്പ് ആരംഭിച്ചെങ്കിലും ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് വോട്ടെടുപ്പ് വൈകി. യന്ത്രത്തകരാറ് റിപ്പോര്‍ട്ടു ചെയ്ത ഇടങ്ങളിലെല്ലാം പ്രശ്‌നം പരിഹരിച്ച് വോട്ടെടുപ്പ് തുടങ്ങിയെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ അറിയിച്ചു.
വള്ളിക്കോട് എന്ന സ്ഥലത്തായിരുന്നു അവസാനം യന്ത്രത്തകരാര്‍ സംഭവിച്ചത്. അതും പരിഹരിച്ചെന്നാണ് റിപ്പോര്‍ട്ട്. ബട്ടനുകള്‍ പ്രവര്‍ത്തിക്കുന്നില്ലയെന്നാരോപിച്ച് ഇവിടുത്തെ കോണ്‍ഗ്രസ് നേതൃത്വം തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചിട്ടുണ്ട്.
പത്തനംതിട്ടയില്‍ 11 മണിവരെ 22% വോട്ടിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞതവണ 66% ആയിരുന്നു പത്തനംതിട്ട മണ്ഡലത്തിലെ പോളിങ്. കാഞ്ഞിരപ്പള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞതവണയും ഇവിടെയായിരുന്നു ഏറ്റവുമധികം പോളിങ് നടന്നത്.
നേരത്തെ കൊല്ലത്ത് കള്ളവോട്ട് ചെയ്തെന്ന ആരോപണം ഉയര്‍ന്നിരുന്നു. പട്ടത്താനം എസ്.എ.ന്‍ഡി.പി യു.പി സ്‌കൂളിലെ പോളിംഗ് ബൂത്തിലാണ് കള്ളവോട്ട് ചെയ്തെന്ന പരാതി ഉയര്‍ന്നത്.
മഞ്ജു എന്ന യുവതിയുടെ വോട്ടാണ് മറ്റാരോ രേഖപ്പെടുത്തിയത്. ബൂത്തിലുണ്ടായിരുന്ന പോളിംഗ് ഓഫീസര്‍ സംശയം രേഖപ്പെടുത്തിയതിനെ തുടര്‍ന്ന് പരിശോധിക്കുകയായിരുന്നു. പരിശോധനയിലാണ് മഞ്ജുവിന്റെ വോട്ട് മറ്റാരോ രേഖപ്പെടുത്തിയതായി തെളിഞ്ഞത്.