ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
ന്യൂദല്‍ഹി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയോട് ലോക്‌സഭയില്‍ വെച്ച് കോണ്‍ഗ്രസ് അംഗങ്ങളായ ടി.എന്‍ പ്രതാപനും ഡീന്‍ കുര്യാക്കോസും അപമര്യാദയായി പെരുമാറിയെന്ന് ബി.ജെ.പി. ഇരുവര്‍ക്കുമെതിരെ നടപടിയാവശ്യപ്പെട്ട് ബി.ജെ.പി ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ളയ്ക്കു പരാതി നല്‍കി.
സ്ത്രീസുരക്ഷയുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കിടെ മന്ത്രി സംസാരിക്കുമ്പോള്‍ ഇരുവരും മുഷ്ടി ചുരുട്ടി ആക്രോശിച്ചെന്നും മര്‍ദ്ദിക്കുമെന്ന് ആംഗ്യം കാട്ടിയെന്നുമാണ് ബി.ജെ.പിയുടെ ആരോപണം. ബി.ജെ.പിയുടെ വനിതാ എം.പിമാരാണു പരാതി നല്‍കിയിരിക്കുന്നത്.
എന്നാല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മറുപടി നല്‍കേണ്ട ചര്‍ച്ചയ്ക്കു വനിതാ ശിശുക്ഷേമ മന്ത്രിയായ സ്മൃതി ഇറാനി മറുപടി നല്‍കിയതു ചോദ്യം ചെയ്യുക മാത്രമാണു ചെയ്തതെന്നായിരുന്നു കോണ്‍ഗ്രസ് ചീഫ് വിപ്പ് കൊടിക്കുന്നില്‍ സുരേഷ് പ്രതികരിച്ചത്.
ഉന്നാവോ സംഭവം വര്‍ഗീയവത്കരിക്കപ്പെട്ടെന്നും രാഷ്ട്രീയവത്കരിക്കപ്പെട്ടെന്നുമുള്ള സ്മൃതിയുടെ പരാമര്‍ശമാണ് സഭയില്‍ ഏറെ വിവാദമായത്. സഭയില്‍ ആരും ഈ വിഷയം വര്‍ഗീയവത്കരിക്കരുതെന്നും അവര്‍ പറഞ്ഞു. ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ലൈംഗികാക്രമണം എന്നത് ഒരു രാഷ്ട്രീയ ആയുധമായി ഉപയോഗിച്ചിരുന്നെന്നും അവര്‍ പറഞ്ഞു.
പ്രതിപക്ഷത്തിനെതിരായ ആക്രമണം സ്മൃതി തുടരുന്നതിനിടെയാണ് പ്രതാപനും ഡീനും സീറ്റുകളില്‍ നിന്നെഴുന്നേറ്റു പ്രതിഷേധിച്ചത്. മുഷ്ടി ചുരുട്ടി പ്രതിഷേധിച്ച പ്രതാപനെ മറ്റംഗങ്ങള്‍ ചേര്‍ന്നു പിന്തിരിപ്പിക്കുകയായിരുന്നെന്ന് എന്‍.ഡി.ടി.വി റിപ്പോര്‍ട്ട് ചെയ്തു. തന്നോട് ചൂടാകരുത് എന്നായിരുന്നു സ്മൃതി ഇതിനോടു പ്രതികരിച്ചത്.
തുടര്‍ന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് സഭയില്‍ വെച്ചുതന്നെ കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ സ്മൃതിയാണു രാഷ്ട്രീയ പരാമര്‍ശങ്ങള്‍ നടത്തി സ്ഥിതി വിഷളാക്കിയതെന്ന് കോണ്‍ഗ്രസംഗം ഗൗരവ് ഗോഗോയ് ആരോപിച്ചു.
ഉച്ചഭക്ഷണത്തിനു ശേഷം സഭ പുനരാരംഭിച്ചപ്പോള്‍ പ്രതാപനും ഡീനും ഉണ്ടായിരുന്നില്ല. ഇരുവരും മാപ്പ് പറയണമെന്ന ആവശ്യത്തില്‍ത്തന്നെ അപ്പോഴും ബി.ജെ.പി ഉറച്ചുനിന്നു.
‘അപലപനീയമായ സംഭവമാണിത്. സ്മൃതി ഇറാനി സംസാരിക്കുമ്പോള്‍ അവര്‍ ഇരുവരും ഭീഷണിപ്പെടുത്തുന്ന രീതിയിലാണു പെരുമാറിയത്. സ്മൃതി സഭയിലെ ഒരു വനിതാ അംഗമാണ്.’- പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു.
തുടര്‍ന്ന് ബി.ജെ.ഡി അംഗം അനുഭവ് മൊഹന്തി, ആംആദ്മി പാര്‍ട്ടി അംഗം ഭഗവന്ത് മന്‍ എന്നിവര്‍ ബി.ജെ.പിയെ പിന്തുണച്ചു. പ്രതാപനും ഡീനും സഭയില്‍ എത്താതിരുന്നത് അധ്യക്ഷ പദവിയിലുണ്ടായിരുന്ന മീനാക്ഷി ലേഖി ചോദ്യം ചെയ്യുകയുമുണ്ടായി.
നേരത്തേ മാര്‍ഷല്‍മാരോട് മോശമായി പെരുമാറിയെന്നാരോപിച്ച് പ്രതാപന് ഒരുദിവസം സഭയില്‍ നിന്നു വിലക്ക് നേരിട്ടിരുന്നു.