റാലിയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ സംഘാടകര്‍ പണവും സമ്മാനങ്ങളും നല്‍കാമെന്നു പറഞ്ഞപ്പോഴാണ് വന്നത്
ഡെറാഡൂണ്‍: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്ത ഡെറാഡൂണിലെ റാലിയില്‍ ആളെക്കൂട്ടാനായി പണവും ഭക്ഷണവും വാഗ്ദാനം നല്‍കി ക്ഷണിച്ചുവരുത്തി സംഘാടകര്‍ പറ്റിച്ചെന്നു പരാതി. ഉത്തര്‍പ്രദേശില്‍ നിന്നും ഉത്തരാഖണ്ഡില്‍ നിന്നും ബസുകളിലായി ഡെറാഡൂണിലെത്തിച്ചവര്‍ക്കാണ് ഭക്ഷണം പോലും കഴിക്കാതെ മടങ്ങേണ്ടി വന്നത്.
ഡെറാഡൂണിലെ റാലിയില്‍ പങ്കെടുക്കാനായി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടതു പ്രകാരം 12 മണിക്കൂറോളം സഞ്ചരിച്ചെത്തിയ ഒട്ടേറെ സ്ത്രീകള്‍ ഭക്ഷണം പോലും കിട്ടിയില്ലെന്ന് പരാതി പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടു ചെയ്യുന്നു. ടോയ്‌ലറ്റ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താത്തതു കാരണം ഏറെ ബുദ്ധിമുട്ടിയെന്നും ഇവര്‍ പറയുന്നു.
“ചൊവ്വാഴ്ചത്തെ റാലിയില്‍ പങ്കെടുക്കാനായി തിങ്കളാഴ്ച എട്ടു മണിക്കാണ് കിച്ചയില്‍ നിന്നും ഞങ്ങള്‍ ബസില്‍ പുറപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് ഡെറാഡൂണിലെത്തി. അവിടെ യാതൊരു സജ്ജീകരണവും ഒരുക്കിയിരുന്നില്ല. ഭക്ഷണമെല്ലാം ഉറപ്പാക്കിയിട്ടുണ്ടെന്നു പറഞ്ഞാണ് ഞങ്ങളെ കൂട്ടിക്കൊണ്ടുവന്നത്. എന്നാല്‍ യാത്രയ്ക്കുള്ള സൗകര്യമല്ലാതെ മറ്റൊന്നും സംഘാടകര്‍ ചെയ്തിരുന്നില്ല. റാലിയില്‍ പങ്കെടുക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. എന്നാല്‍ സംഘാടകര്‍ പണവും സമ്മാനങ്ങളും നല്‍കാമെന്നു പറഞ്ഞപ്പോഴാണ് വന്നത്.” ഉദ്ധം സിങ് നഗറിലെ കുല്‍വതി ദേവി പറയുന്നു.
വാഷ്‌റൂമുകള്‍ ആവശ്യത്തിന് ഉണ്ടായിരുന്നില്ലെന്നും കുടിവെള്ളം പോലും ഉറപ്പാക്കിയില്ലെന്നും ചിലര്‍ പരാതിപ്പെടുന്നു.
” രണ്ട് മൊബൈല്‍ വാഷ്‌റൂം യൂണിറ്റുകള്‍ മാത്രമാണ് അവിടെയുണ്ടായിരുന്നത്. അതിനുമുമ്പില്‍ വലിയ തിരക്കായിരുന്നു. ഈ വാഷ്‌റൂമുകളിലുണ്ടായിരുന്ന ടാപ്പുകളില്‍ ആവശ്യത്തിന് വെള്ളവും ഉണ്ടായിരുന്നില്ല. ഇത്രയും വലിയ റാലി സംഘടിപ്പിക്കുമ്പോള്‍ സ്ത്രീകളുടെ അന്തസ്സ് സംരക്ഷിക്കേണ്ടതുണ്ട്.” ഹെര്‍ബത്പൂരിലെ അധ്യാപികയായ വീണ കുമാരി പറയുന്നു.
“സൗകര്യക്കുറവുകള്‍ കാരണം ഞങ്ങള്‍ റാലിയുടെ പകുതിയ്ക്കുവെച്ച് തിരിച്ചുപോന്നു. എല്ലാവീട്ടിലും ടോയ്‌ലറ്റ് സൗകര്യം വേണമെന്ന് പ്രധാനമന്ത്രി ലക്ഷ്യമിടുമ്പോള്‍ കുറഞ്ഞത് ഈ റാലിയിലെങ്കിലും ടോയ്‌ലറ്റ് സൗകര്യം ഉറപ്പാക്കാന്‍ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കണമായിരുന്നു.” അവര്‍ ചൂണ്ടിക്കാട്ടുന്നു.
പ്രതിഷേധം ഭയന്ന് കറുത്തവസ്ത്രം ധരിച്ചവരെ വിലക്കി:
ഡെറാഡൂണിലെ റാലിയില്‍ കറുത്തവസ്ത്രമണിഞ്ഞെത്തിയവര്‍ക്കു വലിയ ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വന്നു. കറുത്ത ഷര്‍ട്ടോ ജാക്കറ്റോ ധരിച്ചെത്തിയവര്‍ക്കു പ്രവേശനം നല്‍കേണ്ടെന്ന് സംഘാടര്‍ പൊലീസിനോട് ആവശ്യപ്പെടുകയായിരുന്നു.
റാലിയില്‍ എന്തെങ്കിലും തരത്തിലുള്ള പ്രതിഷേധം ഉയരുമെന്ന് ഭയന്നാണ് കറുത്തവസ്ത്രമണിഞ്ഞെത്തിയവരെ വിലക്കിയതെന്നാണ്് റിപ്പോര്‍ട്ട്. കൊടുംതണുപ്പില്‍ ജാക്കറ്റ് ഉപേക്ഷിക്കേണ്ടിവന്നതുമൂലം പലരും ബുദ്ധിമുട്ടി. ജാക്കറ്റ് ധരിച്ചെത്തിയവര്‍ക്ക് സമ്മേളന നഗരിക്കു പുറത്ത് ജാക്കറ്റ് സൂക്ഷിക്കാന്‍ സൗകര്യമൊരുക്കുകയായിരുന്നു.