തിരുവനന്തപുരം: സി.പി.ഐ.എം നേതാവും മുന്‍ എം.പിയുമായ പി.കെ ബിജുവിന്റെ ഭാര്യയ്ക്കു കേരള സര്‍വകലാശാലയില്‍ ലഭിച്ച അസി.പ്രഫസര്‍ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ക്ക് പരാതി.
നിയമനം ലഭിക്കാന്‍ സമര്‍പ്പിച്ച ഗവേഷണ പ്രബന്ധങ്ങളിലെ ഡാറ്റാ പകര്‍ത്തിയതാണെന്ന് ആരോപിച്ചാണ് സേവ് യൂണിവേഴ്‌സിറ്റി ക്യാപെയ്ന്‍ സമിതി പരാതി നല്‍കിയിരിക്കുന്നത്.
കേരള സര്‍വകലാശാലയിലെ ബയോകെമിസ്ട്രി പഠന വകുപ്പിലാണ് പി.കെ ബിജുവിന്റെ ഭാര്യക്ക് അസി.പ്രഫസറായി നിയമനം നല്‍കിയത്. 2020ല്‍ അപേക്ഷിച്ച 140 പേരില്‍ നിന്നാണ് ഓപ്പണ്‍ തസ്തികയില്‍ ഒന്നാം റാങ്ക് ലഭിച്ചത്.
അപേക്ഷയോടൊപ്പം സമര്‍പ്പിച്ച ഗവേഷണ പ്രബന്ധങ്ങള്‍ക്കു ലഭിച്ച മാര്‍ക്കിന്റെ കൂടി അടിസ്ഥാനത്തിലാണ് ഒന്നാം റാങ്ക് നല്‍കിയത്. എന്നാല്‍ പ്രബന്ധരചനക്ക് ആധാരമായ ഡാറ്റാ കോപ്പിയടിച്ചതാണെന്നാണ് സേവ് യൂണിവേഴ്‌സിറ്റി സമിതി ആരോപിക്കുന്നത്.
രാജ്യാന്തരതലത്തില്‍ അംഗീകരിക്കപ്പെട്ട പബ്പീര്‍ വെബ്‌സൈറ്റ് വഴിയാണ് ഡാറ്റയിലെ സാദൃശ്യവും സാമ്യവും കണ്ടെത്തിയത്. പ്രബന്ധങ്ങള്‍ കോപ്പിയടിച്ച പരാതി പലര്‍ക്കെതിരെയും വന്നിട്ടുണ്ടെങ്കിലും ഡാറ്റയെ സംബന്ധിച്ച പരാതി രാജ്യത്തുതന്നെ അപൂര്‍വ്വമാണെന്ന് സമിതി അംഗങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക