| Wednesday, 26th April 2023, 1:06 pm

'ഗതാഗത നിയമം തെറ്റിച്ച് തുറന്ന ഡോറില്‍ തൂങ്ങി യാത്ര നടത്തി, എ.ഐ ക്യാമറയൊക്കെ വന്ന് നിയമം ശക്തമാക്കിയിരിക്കുകയല്ലേ?'; നരേന്ദ്ര മോദിക്കെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഗതാഗത നിയമങ്ങള്‍ ലംഘിച്ചെന്ന് പരാതി. തിരുവില്വാമല സ്വദേശി ജയകൃഷ്ണനാണ് പ്രധാനമന്ത്രിക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. തിങ്കളാഴ്ച നരേന്ദ്ര മോദി കൊച്ചിയില്‍ നടത്തിയ റോഡ് ഷോക്കിടെ വാഹനത്തിന്റെ തുറന്ന ഡോറില്‍ തൂങ്ങി യാത്ര ചെയ്തുവെന്നും ഇത് ഗതാഗത നിയമങ്ങളുടെ ലംഘനമാണെന്നുമാണ് പരാതി.

മോട്ടോര്‍ വാഹന വകുപ്പിനും ഡി.ജി.പിക്കുമാണ് പരാതി സമര്‍പ്പിച്ചിരിക്കുന്നത്. നിയമം എല്ലാവര്‍ക്കും ഒരുപോലെയാണെന്നും ഇത് സമൂഹത്തെ ബോധ്യപ്പെടുത്താന്‍ സംഭവത്തില്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്നുമാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന തരത്തില്‍ വാഹനത്തിന്റെ ഗ്ലാസ് പൂക്കള്‍ കൊണ്ട് മറച്ച അവസ്ഥയിലായിരുന്നെന്നും പരാതിയില്‍ പറയുന്നുണ്ട്.
കൊച്ചിയിലെ റോഡ് ഷോയ്ക്കിടെ കാറിന്റെ ഡോര്‍ തുറന്നിട്ട്, ഫൂട്ട്‌ബോഡില്‍ നിന്നായിരുന്നു മോദി ജനങ്ങളെ അഭിവാദ്യം ചെയ്തത്. തിരുവനന്തപുരത്തും മോദി ഇത്തരത്തില്‍ ആളുകളെ അഭിവാദ്യം ചെയ്തിരുന്നു.

‘രണ്ട് ദിവസം മുമ്പ് കൊച്ചിയില്‍ നരേന്ദ്ര മോദിയുടെ ഒരു റോഡ് ഷോ ഉണ്ടായിരുന്നു. അതില്‍ ഓടിക്കൊണ്ടിരുന്ന വണ്ടിയുടെ ഡോര്‍ തുറന്നിട്ടാണ് അദ്ദേഹം അണികളെ കൈവീശി കാണിച്ചിട്ടുണ്ടായിരുന്നത്. മാത്രമല്ല ഡ്രൈവറുടെ ഫ്രണ്ടിലെ ഗ്ലാസ് മൊത്തം പൂക്കള്‍ കൊണ്ട് കവര്‍ ചെയ്തിട്ടുണ്ടായിരുന്നു. ഇപ്പോ റോഡ് സുരക്ഷയ്ക്ക് വേണ്ടി എ.ഐ ക്യാമറയൊക്കെ വന്ന് നിയമം ശക്തമാക്കിയിരിക്കുകയാണല്ലോ, ഈ നിയമം പ്രധാനമന്ത്രിക്കും ബാധകമല്ലേ? അദ്ദേഹമാണല്ലോ പൊതുജനങ്ങള്‍ക്ക് മാതൃകയാകേണ്ടത്,’ ജയകൃഷ്ണന്‍ പറഞ്ഞു.

കേരളത്തിലെത്തിയ നരേന്ദ്ര മോദികൊച്ചിയില്‍ 1.8 കിലോമീറ്റര്‍ റോഡ് ഷോയില്‍ പങ്കെടുത്തിരുന്നു. ഒരു കിലോ മീറ്ററോളം കാല്‍നടയായും ബാക്കി ദൂരം വാഹനത്തിലുമായിരുന്നു മോദി ജനങ്ങളെ അഭിവാദ്യം ചെയ്തത്. റോഡ് ഷോയ്ക്ക് ശേഷം തേവരയില്‍ യുവം 2023 എന്ന പരിപാടിയില്‍ മോദി പങ്കെടുത്തിരുന്നു. പിന്നീട് എട്ട് ക്രൈസ്തവ മതമേലധ്യക്ഷന്‍മാരുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു.

ചൊവ്വാഴ്ച രാവിലെ തിരുവനന്തപുരത്ത് വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങ് നിര്‍വഹിച്ച മോദി തിരുവനന്തപുരം , കോഴിക്കോട്, വര്‍ക്കല ശിവഗിരി എന്നീ റെയില്‍വേ സ്റ്റേഷനുകളുടെ പുനര്‍വികസന പദ്ധതികളുടെ ഉദ്ഘാടനവും, ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ തറക്കല്ലിടലും നിര്‍വഹിച്ചിരുന്നു.

കൊച്ചി ജലമെട്രോ പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച മോദി ജല മെട്രോ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണെന്നും കേരളത്തിന്റെ വികസന ഉത്സവത്തില്‍ പങ്കാളിയാകാനായതില്‍ സന്തോഷമുണ്ടെന്നും പറഞ്ഞിരുന്നു. കേരളത്തിലെയും പുറത്തെയും കാര്യങ്ങളെ കുറിച്ച് മലയാളികള്‍ ബോധവാന്മാരാണെന്നും മോദി അഭിപ്രായപ്പെട്ടിരുന്നു.

Content Highlights: Complaint against Narendra Modi for violating traffic law

We use cookies to give you the best possible experience. Learn more