Kerala News
ലോഡിറക്കിയ ശേഷം വിശ്രമിച്ചതിന് സ്റ്റൂള്‍ തട്ടിത്തെറിപ്പിച്ചു; പരിക്കേറ്റപ്പോള്‍ കേസാക്കാതിരിക്കാന്‍ പൊലീസുകാരന്‍ പണം നല്‍കിയെന്നും ജീവനക്കാരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2023 Mar 04, 06:31 am
Saturday, 4th March 2023, 12:01 pm

മലപ്പുറം: എം.എസ്.പി ഉദ്യോഗസ്ഥന്റെ അക്രമത്തില്‍ ഗുരുതര പരിക്കേറ്റെന്ന് ആരോപിച്ച് മലപ്പുറം സബ്‌സിഡറി സെന്‍ട്രല്‍ പൊലീസ് കാന്റീനിലെ ജീവനക്കാരി. അസിസ്റ്റന്റ് കമാന്‍ഡന്റ് റോയി റോജസിനെതിരെയാണ് ജീവനക്കാരി ആരോപണമുന്നയിച്ചിരിക്കുന്നത്. ഉമ്മത്തൂര്‍ പരുവണ്ണ സ്വദേശിയായ ബിന്ദു സുരേന്ദ്രനാണ് പരാതിയുമായി രംഗത്തുവന്നിരിക്കുന്നത്.

നവംബര്‍ അഞ്ചിനായിരുന്നു സംഭവം. കാന്റീനിലെത്തിയ ഉപകരണങ്ങളുടെ ലോഡ് ഇറക്കി വെച്ച ശേഷം വിശ്രമിക്കുകയായിരുന്ന ജീവനക്കാര്‍ക്ക് നേരെ റോയി റോജസ് ദേഷ്യപ്പെടുകയായിരുന്നു. ആക്രോശിച്ച് ചീത്ത പറയുന്നതിനിടയില്‍ ഇയാള്‍ അടുത്തിരുന്ന സ്റ്റൂള്‍ തട്ടിത്തെറിപ്പിക്കുകയും ഇത് തന്റെ ദേഹത്ത് വന്നിടിക്കുകയുമായിരുന്നുവെന്നും ബിന്ദു പറഞ്ഞു. മനോരമ ന്യൂസാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

സ്റ്റൂള്‍ ദേഹത്ത് പതിച്ചതിനെ തുടര്‍ന്ന കാലില്‍ പ്ലാസ്റ്ററിടേണ്ടി വന്നു. ഗുരുതര ഹൃദ്രോഗബാധിതയായ തനിക്ക് ഇപ്പോള്‍ ജോലിക്ക് പോകാന്‍ പോലും കഴിയാത്ത അവസ്ഥയാണെന്നും ബിന്ദു പറഞ്ഞു.

സംഭവം കേസാക്കാതിരിക്കാന്‍ എം.എസ്.പിയിലെ നിരവധി ഉദ്യോഗസ്ഥര്‍ തന്നെ കാണാനെത്തിയെന്നും 11,000 രൂപയോളം നല്‍കിയെന്നും ബിന്ദു പറഞ്ഞു.

‘ഞങ്ങള്‍ കേസാക്കാന്‍ തന്നെ വിചാരിച്ചിരിക്കുകയായിരുന്നു. പക്ഷെ എം.എസ്.പിയില്‍ നിന്ന് കുറെ സാറുമാര്‍ വന്ന് തടയുകയായിരുന്നു. പിന്നീട് വീട്ടിലേക്ക് വന്നു. എനിക്ക് ഹൃദ്രോഗത്തിനുള്ള മരുന്ന് വാങ്ങിക്കാന്‍ തന്നെ 1000 രൂപയോളമാകും. ആവുന്ന കാലം അതിനൊന്നും ആരെയും ആശ്രയിക്കണ്ടല്ലോ എന്ന് കരുതിയാണ് അവിടെ ജോലിക്ക് പോയിരുന്നത്,’ ബിന്ദു പറയുന്നു.

സംഭവം നടന്ന് ഒരു മാസത്തിന് ശേഷം താന്‍ ജോലിക്ക് തിരിച്ചുപോകാന്‍ ശ്രമിച്ചെങ്കിലും കടുത്ത ശാരീരിക പ്രയാസങ്ങളെ തുടര്‍ന്ന് മടങ്ങേണ്ടി വന്നുവെന്നും ഇവര്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. സ്വസ്ഥമായി നില്‍ക്കാനോ ഇരിക്കാനോ നടുനിവര്‍ത്താനോ കഴിയാത്ത അവസ്ഥയിലാണ് താനെന്നും ഇവര്‍ പറയുന്നുണ്ട്.

ഇവര്‍ പൊലീസിലോ മറ്റ് നിയമസംവിധാനങ്ങളിലോ പരാതി സമര്‍പ്പിച്ചതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ റിപ്പോര്‍ട്ടിലില്ല. ആരോപണ വിധേയനായ അന്വേഷണ ഉദ്യോഗസ്ഥനോ എം.എസ്.പിയോ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

Content Highlight: Canteen worker woman complaints against MSP Police