നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചു; എം.കെ രാഘവനെതിരെ വീണ്ടും പരാതി
കോഴിക്കോട്: കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി എം.കെ രാഘവനെതിരെ വീണ്ടും പരാതി. തെരഞ്ഞെടുപ്പിനായി സമര്‍പ്പിച്ച നാമനിര്‍ദേശ പത്രികയില്‍ രാഘവന്‍ പ്രസിഡന്റായ സൊസൈറ്റിയുടെ വിവരങ്ങള്‍ മറച്ചുവെച്ചുവെന്നാണ് പരാതി.
എല്‍.ഡി.എഫിനു വേണ്ടി മണ്ഡലം സെക്രട്ടറി അഡ്വ പി.എ മുഹമ്മദ് റിയാസാണ് റിട്ടേണിംഗ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. അഗ്രിന്‍ കോ സൊസൈറ്റിയിലെ റവന്യു റിക്കവറിയുടെ വിവരങ്ങള്‍ നാമനിര്‍ദേശ പത്രികയില്‍ വ്യക്തമാക്കിയിട്ടില്ലെന്നാണ് എല്‍.ഡി.എഫ് ആരോപിക്കുന്നത്.
29 കോടി 22 ലക്ഷത്തി 32 ആയിരം രൂപ അഗ്രിന്‍ കോയ്ക്ക് കടബാധ്യതയുണ്ട്. ഇക്കാര്യങ്ങളൊന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞിട്ടില്ല. നാമനിര്‍ദ്ദേശ പത്രിക റദ്ദ് ചെയ്ത് തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത് വിലക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
അതേസമയം രാഘവനെതിരെ ഉയര്‍ന്ന അഴിമതി ആരോപണങ്ങള്‍ വോട്ട് തേടാന്‍ ഉപയോഗിക്കില്ലെന്ന് ഇടത് സ്ഥാനാര്‍ത്ഥിയായ എ. പ്രദീപ് കുമാര്‍ പറഞ്ഞു.. വികസനം ചര്‍ച്ചയാകുന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയം സമ്മതിച്ചുകഴിഞ്ഞെന്നും വീഡിയോ വിവാദത്തില്‍ സി.പി.ഐ.എമ്മിനെതിരെ ആരോപണം ഉന്നയിച്ചതിനാലാണ് നിയമനടപടിയിലേക്ക് നീങ്ങിയതെന്നും അദ്ദേഹം വ്യക്തമാക്കി.