ഇന്ത്യാവിഷന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ചെയ്ത് വഞ്ചിച്ചു: മുനീറിനെതിരെ പരാതി
Daily News
ഇന്ത്യാവിഷന്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം വാഗ്ദാനം ചെയ്ത് വഞ്ചിച്ചു: മുനീറിനെതിരെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th September 2014, 9:26 am

[]കോഴിക്കോട്: ഇന്ത്യാവിഷന്‍ ചാനല്‍ വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന് പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്നാരോപിച്ച് മന്ത്രി ഡോ. എം.കെ. മുനീറിനെതിരെ പരാതി. മുനീറിന്റെ കുടുംബ സുഹൃത്ത് കോഴിക്കോട് സിവില്‍ സ്‌റ്റേഷനുസമീപം പി.എം. അബ്ദുല്‍ ഷമീമാണ് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ പരാതി നല്‍കിയത്.

കുവൈത്തില്‍ ബിസിനസുകാരനായ ഷമീമിനെ മന്ത്രി നേരിട്ട് സമീപിച്ച് ചാനല്‍ വൈസ്‌ചെയര്‍മാനാക്കുമെന്ന് വാഗ്ദാനം ചെയ്ത് പണം ആവശ്യപ്പെട്ടെന്നാണ് പരാതി. വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കാമെന്ന് പറഞ്ഞ് മുനീര്‍ 1.18 കോടി രൂപ വാങ്ങിയെന്നാണ് പരാതിക്കാരന്റെ ആരോപണം. ഉന്നത ഇടപെടലിനെ തുടര്‍ന്ന് 70 ലക്ഷം രൂപം തിരിച്ചുകിട്ടിയെങ്കിലും 48 ലക്ഷം നല്‍കാതെ വഞ്ചിച്ചെന്നും പരാതിക്കാരന്‍ പറയുന്നു.

പരാതി പരിഗണിച്ച നാലാം ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കെ. പ്രിയ ഒക്ടോബര്‍ 15ന് പരിഗണിക്കാനായി മാറ്റി. അന്ന് പരാതിക്കാരന്റെ മൊഴി കോടതി രേഖപ്പെടുത്തും.

2011 ഫെബ്രുവരി ഏഴിന് വൈസ് ചെയര്‍മാന്‍ സ്ഥാനം നല്‍കുന്നത് സംബന്ധിച്ച് ധാരണാപത്രവുമുണ്ടാക്കി. ആദ്യഗഡുവായി 10 ലക്ഷം രൂപ എറണാകുളത്തെ ഹോട്ടലില്‍ കൈമാറി. പിന്നീട് 45 ലക്ഷം ആവശ്യപ്പെട്ട അക്കൗണ്ടില്‍ നിക്ഷേപിച്ചു. മാര്‍ച്ച് 23ന് 23 ലക്ഷം രൂപ ചാനല്‍ ഡയറക്ടറായ ജമാലുദ്ദീന്‍ ഫാറൂഖിക്ക് കൊടുത്തു. തുടര്‍ന്ന് കോഴിക്കോട്ടെ വീട്ടില്‍വെച്ച് ബാക്കി പണവും നല്‍കി.

പിന്നീട് കുവൈത്തില്‍ ചാനലിന്റെ ഔദ്യോഗിക പ്രതിനിധിയായി നിയമിച്ചതായി കത്ത് കിട്ടി. ഓഹരി സര്‍ട്ടിഫിക്കറ്റ് തുടര്‍ച്ചയായി ആവശ്യപ്പെട്ടപ്പോള്‍ വ്യാജ സര്‍ട്ടിഫിക്കറ്റാണ് നല്‍കിയതെന്നും പരാതിക്കാരന്‍ ആരോപിക്കുന്നു. ഇന്ത്യാവിഷന്‍ ടെലികാസ്റ്റിങ് എന്റര്‍പ്രൈസസ് എന്ന പേരിലായിരുന്നു സര്‍ട്ടിഫിക്കറ്റ്. ഇത് യഥാര്‍ഥ കമ്പനിയല്ലെന്നും വ്യാജ സര്‍ട്ടിഫിക്കറ്റ് നിര്‍മിച്ചുനല്‍കി ചതിക്കുകയായിരുന്നെന്നും അന്യായത്തിലുണ്ട്.

വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയതിനും വഞ്ചിച്ചതിനുമെതിരെ ഇന്ത്യന്‍ ശിക്ഷാനിയമം 420, 468 വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നാണ് ആവശ്യം. അഡ്വ. പി. രാജേഷ്, എസ്. സുമിപ്രിയ എന്നിവര്‍ മുഖേനയാണ് പരാതി നല്‍കിയത്.