| Thursday, 10th October 2013, 12:49 pm

താജ്മഹലിനകത്ത് ചിത്രീകരണം; വിശ്വസുന്ദരിക്കെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

[]ന്യൂദല്‍ഹി: ലോകാത്ഭുതങ്ങളില്‍ ഒന്നായ താജ്മഹലില്‍ പരസ്യ ചിത്രീകരണത്തിനെത്തിയ വിശ്വസുന്ദരി ഒലീവിയ കള്‍പോയ്‌ക്കെതരെ പരാതി. ചരിത്ര പ്രധാനമായ സ്മാരകത്തിലെ നിയമങ്ങളും നിയന്ത്രണങ്ങളും ലംഘിച്ചുവെന്ന് കാണിച്ച് ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യക്കാണ് (എ.എസ്.ഐ)പരാതി ലഭിച്ചത്.

ഒരു പ്രമുഖ പാദരക്ഷ കമ്പനിയുടെ പരസ്യ ചിത്രീകരണത്തിനായാണ് ഒലീവിയ കള്‍പ്പോ അടങ്ങുന്ന സംഘം താജ് മഹലിലെത്തിയത്. താജ് മഹല്‍ സന്ദര്‍ശിക്കാനെത്തിയ സംഘം പാദരക്ഷയുടെ പരസ്യത്തിനായി ഫോട്ടോ എടുക്കുകയായിരുന്നു.

ഒലീവിയയ്‌ക്കൊപ്പം പ്രമുഖ ഫാഷന്‍ ഡിസൈനര്‍ സഞ്ജന ജോണും ഉണ്ടായിരുന്നു. താജ്മഹലിനകത്തെ മാര്‍ബിള്‍ ടാങ്കിന് സമീപം വെച്ച് ബാഗില്‍ നിന്ന് പുറത്തെടുത്ത ചെരുപ്പ് ധരിച്ച് ഫോട്ടോ എടുക്കുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.

ചരിത്ര സ്മാരകങ്ങളായി സംരക്ഷിക്കുന്നവയെ യാതൊരു വിധ വാണിജ്യ ആവശ്യങ്ങള്‍ക്കുമായി ഉപയോഗിക്കരുതെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. താജിന്റെ സുരക്ഷയുടെ ഉത്തരവാദിത്തമുള്ള ടൂറിസം പോലീസും സെന്റട്രല്‍ ഇന്‍ഡസ്ട്രിയല്‍ സെക്യൂരിറ്റി ഫോഴ്‌സും (സി.ഐ.എസ്.എഫ്) ഇവരുടെ പ്രവര്‍ത്തിയെ തടഞ്ഞില്ല എന്നും എ.എസ്.ഐ അധികൃതര്‍ പറയുന്നു.

എ.എസ്.ഐ കണ്‍സര്‍വേറ്റീവ് അസിസ്റ്റന്റ് സയിദ് മുസര്‍ അലി ഷൂട്ട് തടയുന്നതില്‍ സി.ഐ.എസ്.എഫിന്റെയും ടൂറിസത്തിന്റെയും ഭാഗത്ത് ചെറിയ തെറ്റ് നടന്നുവെന്നുവെന്നും പറഞ്ഞു.

പത്ത് ദിവസത്തെ ഇന്ത്യ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഒലീവിയ. സ്ത്രീ ശാക്തീകരണം, എയിഡ്‌സ് ബോധവത്കരണം, പെണ്‍ ഭ്രൂണഹത്യ എന്നിവയെക്കുറിച്ച് ബോധവത്കരണം നടത്തുന്നതിനായാണ് വിശ്വ സുന്ദരി ഇന്ത്യയിലെത്തിയത്.

We use cookies to give you the best possible experience. Learn more