ബ്രൂണോ മാര്‍സിന്റെ പാട്ട് കോപ്പിയടിച്ചെന്ന് ആരോപിച്ച് അമേരിക്കന്‍ ഗായിക മൈലി സൈറസിന് എതിരെ പരാതി. മൈലിയുടെ ഹിറ്റ് ഗാനം ഫ്‌ളവേഴ്‌സിന് എതിരെയാണ് കോപ്പിയടി ആരോപണം ഉയര്‍ന്നത്. സൈറസ് തന്റെ ആദ്യ ഗ്രാമി അവാര്‍ഡ് നേടി കൊടുത്ത ഗാനമായിരുന്നു ഫ്‌ളവേഴ്‌സ്.
2012ല്‍ പുറത്തിറങ്ങിയ ബ്രൂണോ മാര്‍സിന്റെ ‘വെന്‍ ഐ വോസ് യുവര്‍ മാന്‍’ എന്ന ഗാനത്തിന്റെ മെലഡിയും കോറസും സൈറസ് കോപ്പിയടിച്ചെന്നാണ് ആരോപണം. ബ്രൂണോ മാര്‍സിന്റെ ഗാനത്തിന്റെ ഇന്‍വസ്റ്റ്‌മെന്റ് കമ്പനിയായ ടെമ്പോ മ്യൂസിക്കാണ് സൈറസിന് എതിരെ കേസ് ഫയല്‍ ചെയ്തത്.
‘വെന്‍ ഐ വോസ് യുവര്‍ മാന്‍’ എന്ന ഗാനത്തിന്റെ പകര്‍പ്പവകാശത്തിന്റെ ഒരു പങ്ക് തങ്ങള്‍ക്കുണ്ടെന്നും സൈറസ് ആ ഗാനം മനപൂര്‍വം കോപ്പിയടിക്കുകയായിരുന്നുവെന്നും ടെമ്പോ മ്യൂസിക്ക് ആരോപിച്ചു. രണ്ട് പാട്ടുകളും തമ്മിലുള്ള സാമ്യതകള്‍ കണക്കിലെടുത്താല്‍ ബ്രൂണോ മാര്‍സിന്റെ ഗാനമില്ലാതെ ഫ്‌ളവേഴ്‌സ് എന്ന ഗാനമുണ്ടാകില്ലെന്ന് കമ്പനി പരാതിയില്‍ പറയുന്നു.
സോണി മ്യൂസിക് പബ്ലിഷിങ്, ആപ്പിള്‍, ടാര്‍ഗെറ്റ്, വാള്‍മാര്‍ട്ട് തുടങ്ങിയ മറ്റ് നിരവധി കമ്പനികളുടെ പേരും പരാതിയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഈ കമ്പനികളാണ് മൈലി സൈറസിന്റെ ഫ്‌ളവേഴ്‌സ് വിവിധ പ്ലാറ്റ്‌ഫോമുകളില്‍ വിതരണത്തിന് എത്തിച്ചത്. അതേസമയം ടെമ്പോ മ്യൂസിക് നല്‍കിയ പരാതിയില്‍ ഗായകന്‍ മാര്‍സിനെ വാദിയായി കൊണ്ടുവന്നിട്ടില്ല. പകരം കമ്പനി നേരിട്ടാണ് കേസ് നല്‍കിയത്.
അതേസമയം 2023ല്‍ പുറത്തിറങ്ങിയ മൈലി സൈറസിന്റെ എട്ടാമത്തെ സ്റ്റുഡിയോ ആല്‍ബമായ എന്‍ഡ്ലെസ് സമ്മര്‍ വെക്കേഷനിലെ ഗാനമാണ് ‘ഫ്‌ളവേഴ്‌സ്’. മൈലി സൈറസിനൊപ്പം ഗ്രിഗറി ആല്‍ഡേ ഹെയ്‌നും മൈക്കല്‍ പൊള്ളാക്കും ചേര്‍ന്നാണ് ഈ ഗാനം രചിച്ചത്.
നിരവധി റെക്കോഡുകള്‍ തകര്‍ത്തു കൊണ്ട് സൈറസിന്റെ കരിയറില്‍ വന്‍ വിജയമായി മാറിയ ഗാനമാണ് ഇത്. 2023ല്‍ ആഗോള തലത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട ഗാനം ബില്‍ബോര്‍ഡ് ഹോട്ട് 100ല്‍ തുടര്‍ച്ചയായി എട്ട് ആഴ്ചകള്‍ സ്ഥാനം പിടിച്ചിരുന്നു.
ബ്രൂണോ മാര്‍സിന്റെ രണ്ടാമത്തെ സ്റ്റുഡിയോ ആല്‍ബമായ അണ്‍ ഓര്‍ത്തഡോക്‌സ് ജൂക്ക്‌ബോക്‌സില്‍ നിന്നുള്ള ഒരു ഗാനമാണ് ‘വെന്‍ ഐ വാസ് യുവര്‍ മാന്‍’. 2013ല്‍ പുറത്തിറങ്ങിയ ഗാനം നിരവധി റെക്കോഡുകള്‍ സൃഷ്ടിച്ചിരുന്നു. മാര്‍സിനൊപ്പം ഫിലിപ്പ് ലോറന്‍സ്, അരി ലെവിന്‍, ആന്‍ഡ്രൂ വ്യാട്ട് എന്നിവര്‍ ചേര്‍ന്നാണ് പാട്ടിന് വരികള്‍ എഴുതിയത്.
Content Highlight: Complaint Against Miley Cyrus For Plagiarize Bruno Mars’ song