ബീഫ് വിറ്റതിന്റെ പേരില്‍ ദല്‍ഹിയില്‍ മലയാളിയുടെ ഹോട്ടല്‍ അടപ്പിച്ചതായി പരാതി
India
ബീഫ് വിറ്റതിന്റെ പേരില്‍ ദല്‍ഹിയില്‍ മലയാളിയുടെ ഹോട്ടല്‍ അടപ്പിച്ചതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th August 2019, 4:21 pm

 

ന്യൂദല്‍ഹി: ബീഫ് വിറ്റതിന്റെ പേരില്‍ ദല്‍ഹി ഗുഡ്ഗാവില്‍ മലയാളിയുടെ ഹോട്ടല്‍ അടപ്പിച്ചതായി പരാതി. രണ്ടാഴ്ച്ച മുമ്പാണ് സംഭവം. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് അലിയുടെ ഹോട്ടലാണ് അടപ്പിച്ചത്. 2004 മുതല്‍ ദല്‍ഹിയില്‍ ഹോട്ടല്‍ വ്യവസായരംഗത്തുള്ളയാളാണ് ഇദ്ദേഹം.

ഒരു വര്‍ഷം മുമ്പാണ് ഗുരുഗ്രാമിലെ ഗോള്‍ഫ് കോഴ്‌സ് റോഡില്‍ കേരള വിഭവങ്ങള്‍ ഉള്‍പ്പെടുത്തി ഇദ്ദേഹം ഹോട്ടല്‍ തുടങ്ങിയത്. രണ്ടാഴ്ച മുന്‍പ് ഒരാള്‍ ഹോട്ടലിലെത്തി ഭക്ഷണങ്ങള്‍ പരിശോധിച്ചു.

പിന്നാലെ ഒരു സംഘം ആളുകള്‍ എത്തുകയും എത്രയും വേഗം ഹോട്ടല്‍ അടയ്ക്കണമെന്നാവശ്യപ്പെടുകയായിരുന്നു. കെട്ടിട ഉടമയും മുറി ഒഴിയണമെന്ന് ആവശ്യപ്പെട്ടു. തുടര്‍ന്നാണ് കടയടച്ചത്.

ദല്‍ഹിയിലെ ഗാസിര്‍പുര്‍ മാര്‍ക്കറ്റിലെ സര്‍ക്കാര്‍ അംഗീകൃത അറവ് ശാലയില്‍ നിന്നാണ് ഇറച്ചി വാങ്ങുന്നതെന്ന് മുഹമ്മദലി പറഞ്ഞു. എല്ലാ അനുമതികളും ഹോട്ടല്‍ നടത്തിപ്പിന് വേണ്ടി വാങ്ങിയിട്ടുണ്ടെന്നും ഇദ്ദേഹം പറഞ്ഞു.

സൗത്ത് ദല്‍ഹിയിലുള്ള മുഹമ്മദലിയുടെ മറ്റൊരു ഹോട്ടലിനും സമാനമായ ഭീഷണി ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ബീഫ് വിഭവങ്ങള്‍ മെനുവില്‍ നിന്ന് ഒഴിവാക്കുകയായിരുന്നു.