ചങ്ങരംകുളം: മകളുടെ വിവാഹം നടത്താന്‍ മഹല്ല് സെക്രട്ടറി അനുവദിക്കുന്നില്ലെന്ന് മലപ്പുറം ചങ്ങരംകുളം സ്വദേശിയുടെ പരാതി. പൂക്കറത്തറ മഹല്ല് സെക്രട്ടറിക്കെതിരെ പരാതിപ്പെട്ടതിനാലാണ് മകളുടെ വിവാഹത്തിന് തടസ്സം നില്‍ക്കുന്നതെന്ന് സിദ്ദിഖ് പറയുന്നു. പൊലീസില്‍ പരാതി നല്‍കി.
ശനിയാഴ്ച നടക്കേണ്ട വിവാഹത്തിനാണ് മഹല്ല് സെക്രട്ടറി തടസ്സം നിന്നത്. സമൂഹ വിവാഹത്തില്‍ ഉള്‍പ്പെടുത്തിയായിരുന്നു മകളുടെ വിവാഹം നടക്കേണ്ടിയിരുന്നത്. ഇതിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി.
എന്നാല്‍ ജൂലൈ നാലിന് നിക്കാഹ് നടക്കില്ലെന്ന് പിലാക്കല്‍ മഹല്ല് കമ്മിറ്റിയില്‍ നിന്ന് ഒരാള്‍ തന്നെ അറിയിക്കുകയായിരുന്നുവെന്ന് സിദ്ദിഖ് പറഞ്ഞു.
കമ്മിറ്റിക്ക് എതിരായി പരാതി നല്‍കിയിട്ടുണ്ടെന്നാണ് വിവാഹം നടത്തിക്കൊടുക്കാത്തതിനു കാരണമായി അവര്‍ പറഞ്ഞതെന്നും സിദ്ദിഖ് പറയുന്നു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു സിദ്ദിഖിന്റെ പ്രതികരണം.
‘മൂത്തമകളുടെ വിവാഹത്തിന് ശേഷം പൂക്കറത്തറ മഹല്ല് കമ്മിറ്റി സെക്രട്ടറി തന്നെയും കുടുംബത്തെയും അപകീര്‍ത്തിപ്പെടുത്തുന്ന രീതിയില്‍ സംസാരിച്ചിരുന്നു.
തുടന്ന് ഇത് ചൂണ്ടിക്കാടി സിദ്ദിഖിന്റെ ഭാര്യ ചങ്ങരംകുളം പൊലീസില്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് മഹല്ല് കമ്മിറ്റി തനിക്കെതിരെ തിരിഞ്ഞതെന്നും’ സിദ്ദിഖ് ആരോപിച്ചു. ആറുമാസങ്ങള്‍ക്ക് മുമ്പായിരുന്നു സംഭവം.
പരാതി പിന്‍വലിച്ചാല്‍ മാത്രമേ രണ്ടാമത്തെ മകളുടെ നിക്കാഹിന് അനുമതി നല്‍കുവെന്നാണ് സെക്രട്ടറി അറിയിച്ചതെന്നും സിദ്ദിഖ് പറഞ്ഞു.
പൂക്കറത്തറ മഹല്ല് കമ്മിറ്റിയില്‍ നിന്ന് സിദ്ദിഖിന്റെ മകളുടെ വിവാഹത്തിന് ധനസഹായം നല്‍കരുതെന്ന അറിയിപ്പ് കിട്ടിയതായും മഹല്ലില്‍ നിന്ന് വന്നയാള്‍ പറഞ്ഞെന്ന് സിദ്ദിഖ് പറഞ്ഞു.
വിവാഹം മഹല്ലില്‍ രജിസ്റ്റര്‍ ചെയ്യാനാവശ്യമായ പണം അടച്ച രസീത് കൈപ്പറ്റി ദിവസങ്ങള്‍ കഴിഞ്ഞശേഷമാണ് മഹല്ലില്‍ നിന്നുള്ള നടപടിയുണ്ടായത്.
മഹല്ലില്‍ നിന്നുള്ള അനുമതി ലഭിക്കാത്തതിനെത്തുടര്‍ന്ന് മകളുടെ നിക്കാഹ് മറ്റൊരിടത്ത് വച്ച് നടത്തേണ്ടി വന്നെന്നും സിദ്ദിഖ് പറഞ്ഞു. എന്നാല്‍ സിദ്ദിഖിന്റെ പരാതിയില്‍ കമ്മിറ്റി അംഗങ്ങളെ വിളിച്ച് വിവരം തിരക്കിയതാണെന്നും കേസ് ഒത്തുത്തീര്‍പ്പാക്കിയതാണെന്നും പൊലീസ് വ്യക്തമാക്കി.