അയോധ്യ വിധി: എം. സ്വരാജ് എം.എല്‍.എയുടെ ഫേസ്ബുക്ക് പോസ്റ്റിനെതിരെ ഡി.ജി.പിക്ക് യുവമോര്‍ച്ചയുടെ പരാതി
എറണാകുളം: അയോധ്യ വിധിക്ക് പിന്നാലെ തൃപ്പുണിത്തുറ എം.എല്‍.എ എം സ്വരാജ് വിദ്വേഷ പ്രസ്താവന നടത്തിയെന്ന് ആരോപിച്ച് യുവമോര്‍ച്ചയുടെ പരാതി. സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റിനെതിരെയാണ് യുവമോര്‍ച്ച ഡി.ജി.പിക്ക് പരാതി നല്‍കിയത്.
‘വര്‍ത്തമാനകാല ഇന്ത്യയില്‍ മറിച്ചൊരു വിധിയുണ്ടാകുമെന്ന് നിഷ്‌കളങ്കരേ നിങ്ങളിപ്പോഴും പ്രതീക്ഷിച്ചിരുന്നുവോ?’ എന്നായിരുന്നു സ്വരാജിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
യുവമോര്‍ച്ച അധ്യക്ഷന്‍ കെ.പി പ്രകാശ്ബാബുവാണ് പരാതി നല്‍കിയിരിക്കുന്നത്. അയോധ്യ വിധി പ്രഖ്യാപനത്തിന് ശേഷം നടത്തിയ പോസ്റ്റ്, ഒരു വിഭാഗം ജനങ്ങളില്‍ ആശങ്കയും അതുവഴി പരസ്പരവിശ്വാസമില്ലായ്മയും വര്‍ഗ്ഗീയതയും കലാപവും ഉണ്ടാക്കാനാണ് സ്വരാജ് ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു.
ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ
വിധി പറഞ്ഞ സുപ്രീംകോടതിയുടെ സത്യസന്ധതയ്ക്ക് എതിരെ പരസ്യമായി അവിശ്വാസം രേഖപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നുണ്ട്. ശനിയാഴ്ച രാവിലെയാണ് അയോധ്യാ കേസില്‍ വിധി വന്നത്. തര്‍ക്കഭൂമി ഉപാധികളോടെ ഹിന്ദുക്കള്‍ക്ക് വിട്ടു നല്‍കണമെന്നും . മുസ്‌ലീങ്ങള്‍ക്ക് ആരാധനയ്ക്ക് പകരം ഭൂമി നല്‍കുമെന്നുമാണ് കോടതി വിധി.
കേന്ദ്രസര്‍ക്കാരോ സംസ്ഥാന സര്‍ക്കാരോ സുന്നി വഖഫ് ബോര്‍ഡിന് അഞ്ച് ഏക്കര്‍ ഭൂമി നല്‍കും. അത് ഉചിതമായ സ്ഥലത്ത് നല്‍കും.എല്ലാവരുടേയും വിശ്വാസവും ആരാധനയും അംഗീകരിക്കണമെന്നും കോടതിക്ക് തുല്യത കാണിക്കേണ്ടതുണ്ടെന്നും വിധിന്യായത്തിനിടെ ബെഞ്ച് വ്യക്തമാക്കിയിരുന്നു.