'ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തി'; എം.എ മണിക്കെതിരെ പരാതി നല്‍കി ബി.ജെ.പി
Kerala News
'ഇരുവിഭാഗങ്ങള്‍ക്കിടയില്‍ സ്പര്‍ദ്ധ വളര്‍ത്തി'; എം.എ മണിക്കെതിരെ പരാതി നല്‍കി ബി.ജെ.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th March 2023, 11:53 pm

തൊടുപുഴ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശത്തില്‍ മുന്‍ മന്ത്രിയും സി.പി.ഐ.എം നേതാവുമായ എം. എം. മണിക്കെതിരെ പരാതി. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ വിദ്വേഷവും സ്പര്‍ധയും വളര്‍ത്താന്‍ എം.എം മണി ശ്രമിച്ചെന്ന് കാണിച്ചാണ് കോട്ടയം എസ്.പിക്ക് പരാതി നല്‍കിയത്.

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിക്കെതിരായ പരാമാര്‍ശത്തിന്റെ പേരില്‍
ബി.ജെ.പി മധ്യമേഖലാ പ്രസിഡന്റ് എന്‍. ഹരിയാണ് പരാതി നല്‍കിയത്. ഇടുക്കി പൂപ്പാറയില്‍ വെള്ളിയാഴ്ച എം.എം. മണി നടത്തിയ പ്രസംഗത്തിനെതിരെയാണ് പരാതി.

രാഹുല്‍ ഗാന്ധിക്കെതിരായ ശിക്ഷ ജനാധിപത്യവിരുദ്ധമാണെന്നും വലിയ കൊള്ളരുതായ്മ ചെയ്ത ഭരണാധികാരിയാണ് നരേന്ദ്രമോദി എന്നും എം.എം. മണി പറഞ്ഞിരുന്നു.

‘മുഖ്യമന്ത്രിയായിരുന്നപ്പോള്‍ ആയിരക്കണക്കിന് മുസ്‌ലിമിനെ കൊല്ലാന്‍ കൂട്ടുനിന്ന ആളാണ്. ശിക്ഷിച്ച കേസില്‍ പ്രതികളെ സര്‍ക്കാര്‍ തീരുമാനിച്ച് മോചിപ്പിച്ച ആളാണ്. എന്തുവൃത്തികേടും ചെയ്യുന്ന പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അദ്ദേഹത്തിന്റെ കാളികൂളി സംഘമായ ആര്‍.എസ്.എസുമാണ്,’ എന്നാണ് എം.എം. മണി പറഞ്ഞിരുന്നത്.