| Monday, 18th November 2024, 1:03 pm

തോളെല്ലില്‍ ഇട്ട കമ്പി മാറ്റുന്നതിനിടെ വീണ്ടും എല്ല് പൊട്ടി; കോഴിക്കോട് ബീച്ച് ആശുപത്രിക്കെതിരെ പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: കോഴിക്കോട് ബീച്ച് ആശുപത്രിക്കെതിരെ പരാതി. തോളെല്ലില്‍ ഇട്ട കമ്പി എടുത്തുമാറ്റുന്നതിനിടെ വീണ്ടും എല്ല് പൊട്ടിയെന്നാണ് പരാതി.

ബേപ്പൂര്‍ മാഹി സ്വദേശിയായ യുവതിയുടേതാണ് പരാതി. എല്ല് പൊട്ടിയതില്‍ നടപടി എടുക്കണമെന്നും നഷ്ടപരിഹാരം ലഭ്യമാക്കണമെന്നുമാണ് യുവതിയുടെ ആവശ്യം.

ഒന്നരവര്‍ഷം മുമ്പാണ് പൊട്ടിയ എല്ലില്‍ യുവതി കമ്പിയിട്ടത്. 2023 മാര്‍ച്ച് 24നാണ് യുവതിയുടെ തോളെല്ലിന് പരിക്ക് സംഭവിച്ചത്.

തുടര്‍ന്ന് ബീച്ച് ആശുപത്രിയില്‍ വെച്ച് തന്നെ നടന്ന ശസ്ത്രക്രിയയിലാണ് യുവതിയുടെ തോളെല്ലില്‍ കമ്പിയിട്ടത്.

ഇത് എടുത്തുമാറ്റുന്നതിനിടെയാണ് വീണ്ടും എല്ല് പൊട്ടിയത്. തുടര്‍ന്ന് യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയെ തുടര്‍ന്ന് വെള്ളയില്‍ പൊലീസ് ഇന്ന് (തിങ്കളാഴ്ച്ച) ആശുപത്രിയില്‍ പ്രാഥമിക അന്വേഷണം നടത്തും.

നവംബര്‍ ഒന്നിന് എക്‌സ്‌റേ എടുക്കുകയും പരിശോധനയ്ക്ക് ശേഷം എല്ല് ശരിയായെന്ന് ഡോക്ടര്‍ അറിയിച്ചതായും യുവതി പറയുന്നു. തുടര്‍ന്ന് ശാസ്ത്രകിയ നടത്തിയതിന് ശേഷം യുവതി വീട്ടിലേക്ക് മടങ്ങിയിരുന്നു.

എന്നാല്‍ പിന്നീട് നടത്തിയ പരിശോധനയില്‍ എല്ല് വീണ്ടും പൊട്ടിയതായി കണ്ടെത്തുകയായിരുന്നു.

Content Highlight: Complaint against Kozhikode Beach Hospital

We use cookies to give you the best possible experience. Learn more