കിഴിവെക്കുന്നതിനിടെ രോഗിക്ക് പൊള്ളലേറ്റു; കോഴിക്കോട് ആയുര്‍വേദ ആശുപത്രിക്കെതിരെ പരാതി
Kerala News
കിഴിവെക്കുന്നതിനിടെ രോഗിക്ക് പൊള്ളലേറ്റു; കോഴിക്കോട് ആയുര്‍വേദ ആശുപത്രിക്കെതിരെ പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 31st October 2024, 2:42 pm

കോഴിക്കോട്: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ കിഴിവെക്കുന്നതിനിടെ രോഗിക്ക് പൊള്ളലേറ്റു. ചേലേമ്പ്ര സ്പിന്നിങ് മില്‍ സ്വദേശി എം. മനോജിന്റേതാണ് പരാതി. ഒക്ടോബര്‍ 29നാണ് പരാതിക്ക് ആസ്പദമായ സംഭവം നടന്നത്.

കഴുത്തുവേദനയെ തുടർന്നാണ് മനോജ് ജില്ലാ ആശുപത്രിയില്‍ ചികിത്സക്കെത്തിയത്. 24നാണ് മനോജ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടിയത്. പരിശോധനയെ തുടര്‍ന്ന് അഞ്ച് ദിവസം കിഴിവെക്കണമെന്ന് ഡോക്ടര്‍ നിര്‍ദേശിക്കുകയും ചെയ്തു.

അഞ്ചാം ദിവസമായ 29ന് കിഴി വെക്കുമ്പോളാണ് മനോജിന് പൊള്ളലേറ്റത്. പൊള്ളലേറ്റ ഉടനെ ഡോക്ടറെ വിവരമറിയിച്ചെന്നും ചികിത്സ നല്‍കിയെന്നും മനോജ് പറഞ്ഞു.

എന്നാല്‍ ആശുപത്രിയില്‍ തുടരാനാകാത്തതിനാല്‍ ഡിസ്ചാര്‍ജ് വാങ്ങിയെന്നും മനോജ് വ്യക്തമാക്കി. ഇതിനുപിന്നാലെ മനോജ് സൂപ്രണ്ടിന് പരാതി നല്‍കുകയായിരുന്നു.

കിഴിവെച്ച ജീവനക്കാരന്‍ അതിനിടെ തൊട്ടടുത്തുള്ളവരോട് സംസാരിച്ചതുകൊണ്ടാണ് പൊള്ളലേറ്റതെന്നാണ് മനോജ് പരാതിയില്‍ പറയുന്നത്.

അതേസമയം ജീവനക്കാരന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായതായി കണ്ടെത്തിയെന്ന് ജില്ലാ ആയുര്‍വേദ ആശുപത്രി സൂപ്രണ്ട് ഡോ. വി.എസ്. സോണിയ പരാതിയില്‍ പ്രതികരിച്ചു.

കിഴിവെച്ചപ്പോള്‍ ചൂട് കൂടിയതാണ് പൊള്ളലേല്‍ക്കാന്‍ കാരണമായതെന്നും സൂപ്രണ്ട് പറഞ്ഞു. വിഷയം ആയുര്‍വേദ വകുപ്പിന്റെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും ഡോ. വി.എസ്. സോണിയ അറിയിച്ചു.

Content Highlight: Complaint against Kozhikode Ayurveda Hospital