Daily News
കുപ്പുദേവരാജിന്റെ മരണാനന്തര ചടങ്ങിനിടെ സഹോദരന്റെ കോളറിന് പിടിച്ച സംഭവം; കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണര്‍ക്കെതിരെ ഡി.ജി.പിക്ക് പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2016 Dec 29, 02:34 am
Thursday, 29th December 2016, 8:04 am

police


കുപ്പുദേവരാജന്റെ മൃതദേഹം സംസ്‌ക്കരിക്കുന്നത് താമസിപ്പിക്കുന്നുവെന്നാരോപിച്ചാണ് അസിസ്റ്റന്റ് കമ്മീഷണര്‍ സഹോദരന്‍ ശ്രീധരന്റെ കോളറിന് പിടിച്ചിരുന്നത്.


കോഴിക്കോട്:  നിലമ്പൂരില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് കുപ്പുദേവരാജിന്റെ മൃതദേഹം സംസ്‌ക്കരിക്കുന്നതിനിടെ ശ്മശാനത്തില്‍ വെച്ച് സഹോദരന്റെ കോളറില്‍ പിടിച്ച കോഴിക്കോട് അസി. കമീഷണര്‍ പ്രേംദാസിനെതിരെ ഡി.ജി.പിക്ക് പരാതി. മനുഷ്യാവകാശ പ്രവര്‍ത്തകനായ മനോജ് കേദാരമാണ് പരാതി നല്‍കിയത്.

അസിസ്റ്റന്റ് കമ്മീഷണറുടെ നടപടി പൊലീസ് മാന്വല്‍, കേരള പൊലീസ് ആക്ട്, പൊലീസ് മേധാവിയുടെ വിവിധ സര്‍ക്കുലറുകള്‍ എന്നിവയുടെ ലംഘനമാണെന്നും ഡ്യൂട്ടിയിലിരിക്കെ പൊലീസ് ഉദ്യോഗസ്ഥന്‍ യൂനിഫോം, ബാഡ്ജ്, തിരിച്ചറിയല്‍ രേഖ എന്നിവയില്‍ ഏതെങ്കിലും ധരിച്ചിരിക്കണമെന്ന നിര്‍ദേശം പാലിച്ചിട്ടില്ലെന്നും പരാതിയില്‍ പറയുന്നു.

പൊലീസ് ആക്ട് 81 (2) വകുപ്പ് പ്രകാരം സ്ഥാപിത ആചാരങ്ങള്‍ക്ക് മാന്യമായ പരിഗണന നല്‍കണമെന്ന് നിര്‍ദേശമുണ്ട്. ഇത് പാലിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കണമെന്നും ക്രമസമാധാനപാലനം സംബന്ധിച്ച് പൊലീസ് ആക്ടിലെ എട്ടാം വകുപ്പ് പാലിച്ചിട്ടുണ്ടോയെന്നും പരാതിയില്‍ ചോദിക്കുന്നു.

മനുഷ്യാവകാശ സംഘടനയായ പബ്‌ളിക് ഇന്ററസ്റ്റ് ഫസ്റ്റിന്റെ സെക്രട്ടറിയും വിവരാവകാശ പ്രവര്‍ത്തകനുമാണ് പരാതിക്കാരനായ മനോജ് കേദാരം.

കുപ്പുദേവരാജന്റെ മൃതദേഹം സംസ്‌ക്കരിക്കുന്നത് താമസിപ്പിക്കുന്നുവെന്നാരോപിച്ചാണ് അസിസ്റ്റന്റ് കമ്മീഷണര്‍ സഹോദരന്‍ ശ്രീധരന്റെ കോളറിന് പിടിച്ചിരുന്നത്.