കണ്ണൂര്‍ വിമാനത്താവളത്തിലെ ഭക്ഷണശാലയില്‍ പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നതായി പരാതി
governance
കണ്ണൂര്‍ വിമാനത്താവളത്തിലെ ഭക്ഷണശാലയില്‍ പഴകിയ ഭക്ഷണം വിതരണം ചെയ്യുന്നതായി പരാതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 2nd May 2019, 5:21 pm

കണ്ണൂര്‍ വിമാനത്താവളത്തിലെ ഭക്ഷണശാലയില്‍ വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം വിതരണം ചെയ്യുന്നതായി പരാതി. വിമാനത്താവളത്തിലെ ആഭ്യന്തരടെര്‍മിനലിനുള്ളിലെ ഭക്ഷണശാലയായ ലൈറ്റ് ബൈറ്റ് ഫുഡിനെതിരെയാണ് എയര്‍പോര്‍ട്ട് ജീവനക്കാര്‍ തന്നെ പരാതി ഉന്നയിച്ചിരിക്കുന്നത്. കാലാവധി കഴിഞ്ഞ ഭക്ഷണസാധനങ്ങള്‍ വി.ഐ.പികളടക്കമുള്ള യാത്രക്കാര്‍ക്ക് വിതരണം ചെയ്യുന്നതായും കുടിവെള്ളത്തിനും മറ്റുമായി ബാത്ത്‌റൂമിലെ വെള്ളം ഉപയോഗിക്കുന്നതായുമാണ് പരാതി.

ഇന്ത്യയിലും വിദേശത്തുമടക്കമുള്ള വിമാനത്താവളങ്ങളില്‍ ഭക്ഷണശാലകളുള്ള ലൈറ്റ് ബൈറ്റ് ഫുഡിന്റെ കണ്ണൂരിലെ ശാഖയില്‍ തീര്‍ത്തും വൃത്തിഹീനമായ രീതിയിലാണ് ഭക്ഷണം വിതരണം ചെയ്യുന്നതെന്ന് പേര് വെളിപ്പെടുത്താനാകാത്ത എയര്‍പോര്‍ട്ട് ജീവനക്കാരന്‍ ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘പഴയ ഭക്ഷണം ചൂടാക്കി കൊടുക്കുകയാണ് ഇവിടെ ചെയ്യുന്നത്. പഫ്‌സ് അടക്കമുള്ള ഭക്ഷണങ്ങള്‍ 9 മുതല്‍ 12 മണിക്കൂര്‍ വരെ മാത്രമാണ് ഷെല്‍ഫ് ടൈം. എന്നാല്‍ 30 മണിക്കൂറിലധികം പോലും പഴകിയ ഭക്ഷണങ്ങള്‍ ഇവിടെ വിതരണം ചെയ്യാറുള്ളത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.’

ഭക്ഷണശാലയിലെ ജീവനക്കാരോടാണ് ഇത് ശ്രദ്ധയില്‍പ്പെടുന്ന യാത്രക്കാര്‍ ദേഷ്യപ്പെടുന്നത്. ജീവനക്കാര്‍ മാനേജ്‌മെന്റിന്റെ ശ്രദ്ധയില്‍പ്പെടുത്തിയാല്‍ തന്നെ അത് വേണ്ട രീതിയില്‍ പരിഗണിക്കപ്പെടാറില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും എയര്‍പോര്‍ട്ട് ജീവനക്കാരന്‍ പറയുന്നു. കാലാവധി കഴിഞ്ഞ ഭക്ഷണപാക്കറ്റുകളില്‍ തിയതികള്‍ തിരുത്തിയാണ് വിതരണം ചെയ്യുന്നതെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

‘കുറച്ച് പാസഞ്ചേഴ്‌സ് ഇത് കണ്ട് പരാതിപ്പെട്ടിരുന്നു. തൊഴിലാളികളോടാണ് പാസഞ്ചേഴ്‌സ് ദേഷ്യപ്പെടാറുള്ളത്. ഇക്കാര്യം മാനേജ്‌മെന്റിനോട് സംസാരിക്കുമ്പോള്‍ അവര്‍ ശ്രദ്ധിക്കാറില്ല. മുഖ്യമന്ത്രി വന്നാല്‍പോലും ഇത്തരത്തിലുള്ള ഭക്ഷണമാണ് കൊടുക്കാറുള്ളത്. രാഹുല്‍ ഗാന്ധി വന്നപ്പോഴും ഈ ചായയും സ്‌നാക്‌സുമായിരുന്നു കൊടുത്തിരുന്നത്. അത്രയും ഹൈജീനിക് അല്ലാത്ത ഭക്ഷണമാണ് അവിടെ കൊടുക്കുന്നത്.’

നേരത്തെ കുടിക്കാനാവശ്യമായ വെള്ളം മട്ടന്നൂരില്‍ നിന്ന് കൊണ്ടുവന്നിരുന്നു. എന്നാല്‍ അതിന് ചിലവ് കൂടുതലാണെന്ന് പറഞ്ഞ് പിന്നീട് നിര്‍ത്തിവെക്കുകയായിരുന്നു. ഇപ്പോള്‍ യാത്രികരടക്കമുള്ളവര്‍ക്ക് നല്‍കുന്ന ചായയ്ക്ക് വേണ്ടി ഉപയോഗിക്കുന്നത് ബാത്‌റൂമിലെ വെള്ളമാണെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു. ഇക്കാര്യങ്ങള്‍ എയര്‍പോര്‍ട്ടിലെ സി.സി.ടി.വിയില്‍ പരിശോധിച്ചാല്‍ വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ കണ്ണൂരിന് പുറമെ കോഴിക്കോട് വിമാനത്താവളത്തിലാണ് ലൈറ്റ് ബൈറ്റ് ഫുഡ് ഭക്ഷണം വിതരണം ചെയ്യുന്നത്. എന്നാല്‍ അവിടെയൊന്നും ഇത്തരത്തില്‍ വൃത്തിഹീനമായ സാഹചര്യത്തിലല്ല ഭക്ഷണം വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

‘കുറച്ച് എലീറ്റ് ക്ലാസിലെ ആളുകളൊക്കെ വന്നാല്‍ അവര്‍ വൃത്തിയില്ലാത്ത ഭക്ഷണം കണ്ടാല്‍ അവിടെ തന്നെ ഉപേക്ഷിച്ച് പോകുന്നതെന്നും തന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.’

പരാതിപ്പെടുന്ന സ്റ്റാഫിനെയെല്ലാം ടെര്‍മിനേറ്റ് ചെയ്ത് ഒഴിവാക്കുന്നതും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഴകിയ ഭക്ഷണം വിതരണം ചെയ്തത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് എയര്‍പോര്‍ട്ടിലെ മുന്‍ ജീവനക്കാരനും ഡൂള്‍ന്യൂസിനോട് പറഞ്ഞു. എട്ട് മണിക്കൂര്‍ മാത്രം ഷെല്‍ഫ് ലൈഫുള്ള ഭക്ഷണസാധനങ്ങള്‍ ഒരു ദിവസം മുഴുവന്‍ സൂക്ഷിക്കുന്നുണ്ടെന്നും ഇദ്ദേഹം പറയുന്നു.

യാത്രക്കാരില്‍ ചിലരും ഈ വിഷയം പലപ്പോഴായി ഉന്നയിച്ചിട്ടുണ്ടെങ്കില്‍ മാനേജ്‌മെന്റ് പരിഹാരം കാണുന്നില്ലെന്നാണ് ജീവനക്കാര്‍ പറയുന്നത്.

2018 ഡിസംബര്‍ 9 നാണ് കണ്ണൂര്‍ വിമാനത്താവളം ഉദ്ഘാടനം ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ വിമാനത്താവളമാണ് കണ്ണൂരിലേത്. കേരളത്തിലെ നാലാമത്തെ വിമാനത്താവളമാണ് കണ്ണൂര്‍ വിമാനത്താവളം. ഉള്ളിലെ സൗകര്യങ്ങള്‍ക്കൊണ്ടും മറ്റും ഏറെ ശ്രദ്ധ നേടിയ വിമാനത്താവളത്തില്‍ നിന്നാണ് ഇത്തരത്തിലുള്ള വാര്‍ത്തയും പുറത്തുവരുന്നത്.

വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം സൂക്ഷിക്കുന്നതും പഴകിയ ഭക്ഷണസാധനങ്ങള്‍ കഴിക്കുന്നതും ഗുരുതരമായ രോഗങ്ങള്‍ക്ക് വഴിവെക്കുമെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നു. നേരത്തെ കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ നഗരത്തിലെ ഹോട്ടലുകളില്‍ നിന്ന് പഴകിയ ഭക്ഷണം പിടികൂടിയിരുന്നു.

WATCH THIS VIDEO: