കൊല്ലം: ഗാര്‍ഹിക പീഡനത്തില്‍ പരാതിയറിയിക്കാന്‍ വിളിച്ച യുവതിയോട് മോശമായി പെരുമാറിയ സംഭവത്തില്‍ വനിത കമ്മീഷന്‍ അധ്യക്ഷ എം.സി. ജോസഫൈനെതിരെ പ്രതിഷേധം ശക്തമാകുന്നതിനിടെ മറ്റൊരു പരാതിക്കാരിയോട് കയര്‍ത്ത് സംസാരിക്കുന്ന ശബ്ദരേഖ കൂടി പുറത്ത്.
വിവാഹ തട്ടിപ്പുകാരനായ ഭര്‍ത്താവില്‍നിന്ന് നീതി വേണമെന്നാവശ്യപ്പെട്ട് വനിത കമ്മീഷന്‍ അധ്യക്ഷയെ വിളിച്ച കൊല്ലം സ്വദേശിനിയാണ് ശബ്ദരേഖയുമായി രംഗത്ത് വന്നത്.
മാതൃഭൂമിയാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
തന്നേയും കുട്ടികളേയും നോക്കാതെ മറ്റൊരു വിവാഹം കഴിച്ച ഭര്‍ത്താവിനെതിരെ ആയിരുന്നു യുവതിയുടെ പരാതി. എന്നാല്‍ സംസാരത്തിനിടെ നിങ്ങളുടെ പുരാണം കേള്‍ക്കാന്‍ സമയമില്ലെന്നും നിങ്ങളെയാണ് അടിക്കേണ്ടതെന്നും ജോസഫൈന്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
രണ്ടാമത് വിവാഹം കഴിച്ച സ്ത്രീയേയും ഉപേക്ഷിച്ച് ഇയാള്‍ മുറപ്പെണ്ണിനെ വിവാഹം കഴിച്ചെന്നും വീണ്ടും തന്റെയടുത്ത് വന്നെന്നും പരാതിക്കാരി പറഞ്ഞു. തുടര്‍ന്നാണ് നിങ്ങളെയാണ് അടിക്കേണ്ടതെന്നും പുരാണം കേള്‍ക്കാന്‍ സമയമില്ലെന്നും വിളിക്കുന്ന സ്ത്രീകളൊക്കെ ഇങ്ങനെ കഥ പറഞ്ഞാല്‍ എങ്ങനെ വിശ്വസിക്കുമെന്നും ജോസഫൈന്‍ ചോദിച്ചത്.
നേരത്തെ ഗാര്‍ഹിക പീഡനത്തെ കുറിച്ച് പരാതി പറയാന്‍ വിളിച്ച സ്ത്രീയോട് മോശമായ ഭാഷയില്‍ പ്രതികരിച്ച സംഭവമാണ് വിവാദമായത്. മനോരമ ന്യൂസില്‍ നടന്ന ഫോണ്‍ ഇന്‍ പരിപാടിക്കിടെയായിരുന്നു ജോസഫൈന്റെ പ്രതികരണം.
എറണാകുളത്ത് നിന്നും ലെബീന എന്ന സ്ത്രീയായിരുന്നു പരിപാടിയിലേക്ക് വിളിച്ചത്. ഭര്‍ത്താവും ഭര്‍തൃമാതാവും ചേര്‍ന്ന് തന്നെ പീഡിപ്പിക്കുകയാണെന്നായിരുന്നു ലെബീനയുടെ പരാതി.
ഫോണ്‍ കോളിലുണ്ടായ ചില സാങ്കേതിക പ്രശ്നങ്ങളോട് തുടക്കം മുതല്‍ രൂക്ഷമായ രീതിയില്‍ പ്രതികരിച്ച ജോസഫൈന്‍ പിന്നീട് പൊലീസില്‍ പരാതി നല്‍കിയിരുന്നോ എന്ന് അന്വേഷിക്കുകയായിരുന്നു.
എവിടെയും പരാതി നല്‍കിയിട്ടില്ലെന്നും ആരോടും പറഞ്ഞിട്ടില്ലെന്നും ലെബീന അറിയച്ചപ്പോള്‍ ‘എന്നാല്‍ പിന്നെ അനുഭവിച്ചോട്ടാ’ എന്നായിരുന്നു ജോസഫൈന്റെ മറുപടി.
ജോസഫൈന്റെ പ്രതികരണത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. ഒരു വനിതാ കമ്മീഷന്‍ അധ്യക്ഷ ഒരിക്കലും ഇത്തരത്തില്‍ സംസാരിക്കരുതെന്നും ജോസഫൈനെ ഈ സ്ഥാനത്ത് നിന്നും മാറ്റേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞെന്നും നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.
ഇതോടെ പരാമര്‍ശത്തില്‍ വിശദീകരണവുമായി ജോസഫൈന്‍ രംഗത്തെത്തി. പെണ്‍കുട്ടികള്‍ സധൈര്യം പരാതിപ്പെടാന്‍ മുന്നോട്ട് വരാത്തതിലുള്ള ആത്മരോഷം ആണ് പ്രകടിപ്പിച്ചത് എന്നായിരുന്നു ജോസഫൈന്‍ പറഞ്ഞത്.
എന്നാല്‍ പിന്നീട് ചിന്തിച്ചപ്പോള്‍ അങ്ങനെ പറയേണ്ടിയിരുന്നില്ല എന്ന് ബോധ്യപ്പെട്ടുവെന്നും ആ സഹോദരിക്ക് തന്റെ വാക്കുകള്‍ മുറിവേല്‍പ്പിച്ചിട്ടുണ്ടെങ്കില്‍ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിക്കുന്നതായും ജോസഫൈന്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlights: Complaint against Josephine