| Sunday, 9th September 2018, 8:15 am

ഫ്രാങ്കോയെ കൈയാമം വെച്ച് നിയമത്തിനുമുന്നില്‍ കൊണ്ട് വരണം; പ്രതിഷേധം ശക്തമാക്കാന്‍ തീരുമാനം: നിരാഹാര സമരം തുടരുന്നു

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: ജലന്ധര്‍ കത്തോലിക്ക സഭയിലെ കന്യാസ്ത്രീയുടെ ബലാത്സംഗപരാതിയില്‍ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് വൈകുന്നതില്‍ പ്രതിഷേധിച്ച് ജോയിന്റ് ക്രിസ്റ്റ്യന്‍ കൗണ്‍സിലിന്റെ അനിശ്ചിതകാലനിരാഹാര സമരം കൊച്ചിയില്‍ തുടരും. പരാതി നല്‍കിയ കന്യാസ്ത്രീക്ക് വേണ്ടി കുറവിലങ്ങാട് മഠത്തിലെ അഞ്ച് കന്യാസ്ത്രീകളും പങ്കെടുത്ത് ഇന്നലെ തുടക്കമിട്ട പ്രതിഷേധപരിപാടി ശക്തമായി മുന്നോട്ട് കൊണ്ട് പോകാനാണ് ജെ.സി.സിയുടെ തീരുമാനം.

ഹൈക്കോടതി ജംങ്ഷനിലെ സമരപന്തലിലേക്ക് ഇന്ന് കന്യാസ്ത്രീയെ പിന്തുണക്കുന്ന കൂടുതല്‍ വിശ്വാസികളും പുരോഹിതരും കന്യാസ്ത്രീമാരും എത്തും. ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതില്‍ നടപടി ആവശ്യപ്പെട്ട് നാളെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് കന്യാസ്ത്രീയുടെ കുടുംബം.

ബിഷപ്പ് പീഡിപ്പിച്ചതായി കന്യാസ്ത്രീ പരാതിപ്പെട്ടിട്ട് 74 ദിവസം പിന്നിട്ടിട്ടും കേസില്‍ നടപടി ഉണ്ടാകാത്തതിനെ തുടര്‍ന്നാണ് ഒപ്പമുള്ള കന്യാസ്ത്രീകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയത്. ഭാരത കത്തോലിക്കാ സഭയുടെ ചരിത്രത്തില്‍ ആദ്യമായാണ് കന്യാസ്ത്രീകള്‍ പ്രത്യക്ഷ സമരത്തിനിറങ്ങുന്നത്.


Read Also : സമരം ചെയ്യുന്നവരോട് വൈദ്യപരിശോധന നടത്താന്‍ പറഞ്ഞ പി.സി ജോര്‍ജ്ജിനെതിരെ കന്യാസ്ത്രീയുടെ കുടുംബം പരാതി നല്‍കും


ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ കൈയാമം വെച്ച് നിയമത്തിനുമുന്നില്‍ ഹാജരാക്കുന്നതുവരെ ധര്‍മസമരം തുടരുമെന്നും അധികാരികളില്‍നിന്നുള്ള പീഡനങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ടവരാണ് കന്യാസ്ത്രീകള്‍ എന്ന മിഥ്യാധാരണ അടിച്ചേല്പിക്കാന്‍ ബിഷപ്പ് ഫ്രാങ്കോയെപ്പോലുള്ളവര്‍ ശ്രമിക്കുകയാണെന്നും സിസ്റ്റര്‍ അനുപമ പറഞ്ഞു.

മൗനത്തിലൂടെ അതിനെ ശരിവയ്ക്കുന്ന ഇതര സഭാ പിതാക്കന്മാരും കുറ്റവാളികളുടെ ഗണത്തിലാണെന്നും കേസ് അട്ടിമറിക്കാനുള്ള നീക്കങ്ങളാണ് ഇപ്പോള്‍ നടക്കുന്നതെന്നും അനുപമ പറഞ്ഞു.

അതേസമയം ബിഷപ്പിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ നീക്കം. അന്വേഷണം ക്രൈംബ്രാഞ്ചിന് വിടട്ടേയെന്ന് കോട്ടയം എസ്.പിയോട് ഡി.ജി.പി ചോദിച്ചതായാണ് റിപ്പോര്‍ട്ട്. അന്വേഷണ ഉദ്യോഗസ്ഥരോട് എസ്.പി ഇതുസംബന്ധിച്ച് അഭിപ്രായം ആരാഞ്ഞെന്നും റിപ്പോര്‍ട്ടുണ്ട്.

2014 മുതല്‍ 2016 വരെയായി 13 തവണ കുറവിലങ്ങാടിനടുത്തുള്ള മഠത്തില്‍വെച്ച് ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കന്യാസ്ത്രീ പരാതിപ്പെട്ടത്. പരാതിക്കാരിയായ കന്യാസ്ത്രീക്കൊപ്പം മഠത്തിലെ ഭൂരിപക്ഷം കന്യാസ്ത്രീകളുമുണ്ട്.

We use cookies to give you the best possible experience. Learn more