| Monday, 22nd May 2017, 9:38 am

ജനനേന്ദ്രിയം മുറിച്ച സംഭവം; പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ലൈംഗികാതിക്രമത്തിന് ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച സംഭവത്തില്‍ പെണ്‍കുട്ടിക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി.

പൊതുപ്രവര്‍ത്തകന്‍ പായ്ച്ചിറ നവാസാണ് ഡിജിപി ടിപി സെന്‍കുമാറിന് പരാതി നല്‍കിയത്. ജനനേന്ദ്രിയം മുറിച്ച പെണ്‍കുട്ടിക്കെതിരെ നടപടി സ്വീകരിക്കണമെന്നും നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിയില്‍ പറയുന്നു.

പീഡിപ്പിച്ചയാളിന്റെ ലൈംഗികശേഷി നടത്താതെ കേസ് കോടതിയില്‍ വിജയിക്കില്ലെന്ന് അറിയാവുന്ന നിയമ വിദ്യാര്‍ത്ഥിനി ലിംഗം ഛേദിച്ചത് എന്തിനാണെന്ന് കണ്ടെത്തണമെന്ന് പരാതിയില്‍ ആവശ്യപ്പെടുന്നു. സംഭവത്തില്‍ സാമ്പത്തിക ബാഹ്യഇടപെടലുകള്‍ ഉണ്ടോ എന്നും അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

സംഭവം നടക്കുമ്പോള്‍ സ്വാമി നിലവിളിക്കാത്തത് ദുരൂഹമാണെന്നും വര്‍ഷങ്ങളായി പീഡനത്തിനിരയാകുന്ന പെണ്‍കുട്ടി, ഇത് മറ്റാരോടും പറയാത്തത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെടുന്നു.

വെള്ളിയാഴ്ച്ച രാത്രിയാണ് പെണ്‍കുട്ടി ലൈംഗികാതിക്രമത്തിന് ശ്രമിച്ച സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത്. എട്ടു വര്‍ഷമായി തന്നെ നിരന്തരമായി ലൈംഗികമായി പീഡിപ്പിച്ച ശ്രീഹരി എന്ന ഹരിസ്വാമിയുടെ ജനനേന്ദ്രിയമാണ് പെണ്‍കുട്ടി മുറിച്ചത്.


Dont Miss യു.പിയിലെ ദളിതര്‍ക്കെതിരായ അതിക്രമം: ജന്തര്‍മന്ദറില്‍ വന്‍ദളിത് പ്രക്ഷോഭം; പൊലീസ് വിലക്ക് വകവെക്കാതെ അണിനിരന്നത് അരലക്ഷത്തോളം പേര്‍ 


അഞ്ചു വര്‍ഷമായി പെണ്‍കുട്ടിയുടെ വീട്ടിലെ നിത്യസന്ദര്‍ശകനായിരുന്നു ഹരി സ്വാമി. പൂജകള്‍ക്കെത്തിയ ഇയാള്‍ പെണ്‍കുട്ടിയുടെ അമ്മയുമായി സൗഹൃദം സ്ഥാപിച്ചു. ഇത് മുതലെടുത്താണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചത്.

മൂന്ന് വര്‍ഷമായി ഇയാള്‍ തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് പൊലീസിന് പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. ഭീഷണിയെ തുടര്‍ന്നാണ് ഇത്രയും നാള്‍ വിവരങ്ങള്‍ പുറത്ത് പറയാതിരുന്നതെന്നും പെണ്‍കുട്ടി പറഞ്ഞിരുന്നു.
വിവാദ സ്വാമിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ പ്രത്യേക സെല്ലിലേക്ക് മാറ്റി. ഇയാളുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സ്ഥിതി മെച്ചപ്പെടുമ്പോള്‍ ജയിലിലേക്ക് കൊണ്ടുപോകാനാണ് പൊലീസിന്റെ തീരുമാനം. അതേസമയം ജനനേന്ദ്രിയം താന്‍ സ്വയം മുറിച്ചതാണെന്ന് ഇയാള്‍ കഴിഞ്ഞദിവസവും പൊലീസിനോട് ആവര്‍ത്തിച്ചു.

We use cookies to give you the best possible experience. Learn more