| Thursday, 21st May 2020, 1:18 pm

'പരാതിക്ക് പിന്നിൽ ലീ​ഗ് നേതാക്കൾ ആണെന്ന് പറയണം'; കള്ളപ്പണക്കേസ് പിൻവലിക്കാൻ ഇബ്രാഹിം കുഞ്ഞ് പണം വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കള്ളപ്പണക്കേസ് പിൻവലിക്കാനായി മുൻ മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് പണം വാഗ്ദാനം ചെയ്തുവെന്ന് പരാതിക്കാരൻ. വീട്ടിൽ വിളിച്ചു വരുത്തിയാണ് കേസ് പിൻവലിക്കാൻ ഇബ്രാഹിം കുഞ്ഞ് പണംവാഗ്ദാനം ചെ്യ്തതെന്ന് പരാതിക്കാൻ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട രേഖകൾ പരാതിക്കാരൻ ഇന്ന് കോടതിയിൽ ഹാജരാക്കി.

പരാതിക്ക് പിന്നിൽ ലീ​ഗ് നേതാക്കളാണ് എന്ന് പറയണമെന്ന് ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടതായും പരാതിക്കാരൻ ആരോപിക്കുന്നു. കള്ളപ്പണക്കേസ് പിൻവലിക്കാൻ എ​ഗ്രിമെന്റിൽ ഒപ്പിടാനും ഇബ്രാഹിം കുഞ്ഞ് നിർബന്ധിച്ചുവെന്ന് പരാതിക്കാരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

അഞ്ച് ലക്ഷം രൂപയാണ് ഇബ്രാഹിം കുഞ്ഞ് വാഗ്ദാനം ചെയ്തത്. വിവരങ്ങൾ ചോർത്തി നൽകിയതും പരാതി നൽകാൻ പ്രേരിപ്പിച്ചതും ചില ലീ​ഗ് നേതാക്കൾ ആണെന്ന് എഴുതി നൽകാൻ ആവശ്യപ്പെട്ടു എന്നും പരാതിക്കാരൻ കൂട്ടിച്ചേർത്തു. ഇത് സംബന്ധിച്ച എ​ഗ്രിമെന്റിന്റെ പകർപ്പാണ് പരാതിക്കാരൻ ഇന്ന് കോടതിയിൽ ഹാജരാക്കിയത്.

2016 നവംബറിൽ നോട്ട് നിരോധനം വന്നതിന് തൊട്ടുപിന്നാലെ ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ ബോർഡ് അം​ഗം കൂടിയായ ഇബ്രാഹിം കുഞ്ഞ് പത്ത് കോടി രൂപ പത്രത്തിന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. പത്രത്തിന്റെ കൊച്ചിയിലുള്ള രണ്ട് ബാങ്ക് അക്കൗണ്ടുകളിലായാണ് തുക നിക്ഷേപിച്ചത്. പാലാരിവട്ടം പാലം അഴിമതിയിലൂടെ ലാഭിച്ച കോഴപ്പണം ആണിതെന്നാണ് ആരോപണം.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

We use cookies to give you the best possible experience. Learn more