തിരുവനന്തപുരം: ഇലക്ട്രോണിക് വോട്ടിങ് യന്ത്രത്തിനെതിരെ വീണ്ടും പരാതി. പട്ടം കേന്ദ്രീയവിദ്യാലയത്തിലെ 151ാം നമ്പര്‍ ബൂത്തിലെ എബിന്‍ എന്ന വോട്ടറാണ് പരാതി നല്‍കിയത്.
താന്‍ ഒരുപാര്‍ട്ടിക്ക് വോട്ടു ചെയ്യാന്‍ വേണ്ടി ആ ചിഹ്നത്തില്‍ അമര്‍ത്തി. എന്നാല്‍ വി.വിപാറ്റ് യന്ത്രത്തില്‍ കണ്ടത് മറ്റൊരു സ്ഥാനാര്‍ത്ഥിയുടെ ചിഹ്നമാണെന്നാണ് എബിന്റെ പരാതിയില്‍ പറയുന്നത്.
പരാതി ഉയര്‍ന്നതോടെ 151ാം നമ്പര്‍ ബൂത്തില്‍ പോളിങ് നിര്‍ത്തിവെച്ച് പരിശോധന നടന്നു. പക്ഷേ പരിശോധനയില്‍ പിഴവ് കണ്ടെത്തിയിട്ടില്ലെന്ന് പ്രിസൈഡിങ് ഓഫീസര്‍ അറിയിച്ചു. എബിന്റെ പരാതിയില്‍ കഴമ്പില്ലെന്നാണ് പ്രിസൈഡിങ് ഓഫീസര്‍ പറഞ്ഞത്.
അതേസമയം, പരാതിയില്‍ എബിന്‍ ഉറച്ചു നില്‍ക്കുകയാണ്. ‘ഞാന്‍ ആഗ്രഹിച്ച പാര്‍ട്ടിക്ക് വോട്ടു ചെയ്തപ്പോള്‍ വീണത് മറ്റൊരു പാര്‍ട്ടിക്കാണ്.’ ചിഹ്നം ഏതാണെന്ന് വ്യക്തമാക്കാനാവില്ലെന്നും എബിന്‍ മാധ്യമങ്ങളോടു പറഞ്ഞു. വി.വിപാറ്റില്‍ താന്‍ ഇക്കാര്യം കൃത്യമായി കണ്ടതാണെന്നും എബിന്‍ പറഞ്ഞു.
രാവിലെ ചൊവ്വരയിലെ ബൂത്തിലും സമാനമായ പരാതി ഉയര്‍ന്നിരുന്നു. ചൊവ്വരയിലെ 151ാം ബൂത്ത് പ്രവര്‍ത്തിക്കുന്ന മാധവ വിലാസം സ്‌കൂളിലായിരുന്നു സംഭവം.
പോള്‍ ചെയ്യുന്നത് കൈപ്പത്തിയിലാണെങ്കിലും വി.വിപാറ്റില്‍ ചുവന്ന ലൈറ്റ് തെളിയുന്നത് താമര ചിഹ്നത്തിലാണെന്നാണ് വോട്ടര്‍മാര്‍ പരാതി ഉന്നയിച്ചത്. 76 വോട്ടുകളാണ് ഇതുവരെ ബൂത്തില്‍ പോള്‍ ചെയ്തത്. എന്നാല്‍ വോട്ടര്‍മാരുടെ ആരോപണം കലക്ടര്‍ വാസുകി തള്ളിയിരുന്നു.
യു.ഡി.എഫ് പ്രവര്‍ത്തകരുടെ പ്രതിഷേധത്തെ തുടര്‍ന്ന്ഇവിടെ ഇപ്പോള്‍ പോളിങ് നിര്‍ത്തി വെച്ചിരുന്നു. അതേസമയം, കഴിഞ്ഞദിവസമുണ്ടായ മഴ കാരണമാണ് വോട്ടിങ് യന്ത്രങ്ങള്‍ തകരാറിലായതെന്നാണ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞത്.
ഇന്നലെ രാത്രി മുതല്‍ സംസ്ഥാനത്ത് പലയിടത്തും ശക്തമായ മഴയാണ് പെയ്തത്. അന്തരീക്ഷത്തില്‍ ഈര്‍പ്പം കൂടിയാല്‍ മെഷീന്‍ തകരാറിലാകാന്‍ സാധ്യതയുണ്ടെന്ന് തങ്ങള്‍ ആദ്യമേ പറഞ്ഞതാണെന്നും ടിക്കാറാം മീണ പറഞ്ഞു.