കൊച്ചി: കൊവിഡ് ചികിത്സയില്‍ പപ്പായ ഇലയുടെ നീര് ഉപയോഗിക്കാമെന്ന് പറയുന്ന ലിങ്കുകള്‍ പങ്കുവെച്ചതിന് സംവിധായകന്‍ സനല്‍ കുമാര്‍ ശശിധരനെതിരെ പരാതി. സനല്‍ കുമാര്‍ തന്നെയാണ് തനിക്കെതിരെ പൊലീസില്‍ പരാതി വന്നതിനെ കുറിച്ചുള്ള വിവരം ഫേസ്ബുക്കില്‍ പങ്കുവെച്ചത്.
സനല്‍ പങ്കുവെച്ച ലിങ്കുകളിലെ വിവരങ്ങളുടെ സത്യാവസ്ഥ അന്വേഷിച്ച് ശേഷം കേസെടുക്കണമെന്നാണ് കേരള പൊലീസിന് ലഭിച്ച സന്ദേശത്തില്‍ പറയുന്നത്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടും സനല്‍ കുമാര്‍ പങ്കുവെച്ചിട്ടുണ്ട്.
പപ്പായ ഇലനീരിനെ കുറിച്ച് പറഞ്ഞതിന് തനിക്കെതിരെ പരാതി നല്‍കിയ നടപടിയെ രൂക്ഷമായി വിമര്‍ശിച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ പോസ്റ്റ്. വൈദ്യശാസ്ത്രം ഒന്നേയുള്ളു എന്നും അത് അലോപ്പതി ആണെന്നും മറ്റൊന്നിനെക്കുറിച്ചും സംസാരിക്കാന്‍ പാടില്ല എന്നുമൊക്കെയുള്ള പുറപ്പാടുകള്‍ അടിസ്ഥാനമില്ലാത്തതും ദുരുദ്ദേശപരവുമാണ്. എന്തിനെക്കുറിച്ചുമുള്ള അറിവുകളും അഭിപ്രായങ്ങളും പങ്കുവെയ്ക്കാന്‍ ഭരണഘടനാപരമായ സ്വാതന്ത്ര്യം ഓരോ പൗരനുമുണ്ടെന്ന് സനല്‍ കുമാര്‍ പറയുന്നു.
‘കൊറോണ തടയാനാവാതെ പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ പപ്പായ ഇല നീരിന് കൊവിഡ് ചികിത്സയില്‍ കാര്യമായ പങ്കുവഹിക്കാന്‍ കഴിയും എന്ന് സമര്‍ഥിക്കുന്ന ചില ലിങ്കുകള്‍ പങ്കുവെച്ചതിന് അകത്താക്കിക്കളയും എന്ന ഭീഷണിയുമായാണ് ചിലര്‍ വരുന്നത്. എന്തിനാവും അത്? എന്താവും അവരുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍? ഞാന്‍ പങ്കുവെച്ച പഠനങ്ങള്‍ സംബന്ധിച്ച തര്‍ക്കമുണ്ടെങ്കില്‍ അത് പ്രസിദ്ധീകരിച്ച ജേര്‍ണലുകളെ സമീപിക്കുകയല്ലേ വേണ്ടത്.
ആയുര്‍വേദവും ഹോമിയോയും സിദ്ധയും ഒന്നും വൈദ്യശാസ്ത്രം അല്ല എന്നുണ്ടെങ്കില്‍ ആ മേഖലയിലെ ആശുപത്രികളും മെഡിക്കല്‍ കോളേജുകളും ഒക്കെ നിയമപരമായി പ്രവര്‍ത്തിക്കാന്‍ തടസമുന്നയിച്ചുകൊണ്ട് കോടതിയില്‍ പോകാത്തതെന്ത്? അഭിപ്രായങ്ങളെയും അറിവുകളെക്കുറിച്ചുള്ള ചര്‍ച്ചകളും ഭീഷണിപ്പെടുത്തി ഇല്ലാതാക്കാമെന്നുള്ള ചിന്തയുടെ വേര് എവിടെയാണ് ചെന്ന് തൊടുന്നത്?’ സനല്‍ കുമാര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ ചോദിക്കുന്നു.
കഴിഞ്ഞ ദിവസം കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ നഗരസഭ ആയുര്‍വേദ മരുന്നുകള്‍ ഉപയോഗിച്ച് പുകയ്ക്കുന്ന ധൂമ സന്ധ്യ എന്ന പരിപാടി നടത്തിയിരുന്നു. ഇത് അശാസ്ത്രീയമാണെന്നും ഇത്തരത്തിലുള്ള നടപടികള്‍ കൊവിഡ് പ്രതിരോധത്തെ ദോഷകരമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്തു വന്നത് ഏറെ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെ പരിഷത്തിന്റെ നടപടികളെ എതിര്‍ത്ത് സംവിധായകന്‍ ഡോ. ബിജു കഴിഞ്ഞ ദിവസം ഫേസ്ബുക്കിലെഴുതിയിരുന്നു.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക