| Thursday, 28th July 2022, 7:27 pm

എല്‍.ജി.ബി.ടി.ക്യൂ+ വിഭാഗത്തിനെതിരെയുള്ള പോസ്റ്റര്‍; പരാതിയുമായി എസ്സെന്‍ ഗ്ലോബല്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ആലപ്പുഴ: എല്‍.ജി.ബി.ടി.ക്യൂ+ വിഭാഗത്തിലെ ആളുകളാണ് മങ്കി പോക്‌സ് പരത്തുന്നതെന്ന തരത്തില്‍ ആലപ്പുഴയില്‍ പ്രചരിച്ച പോസ്റ്ററുകള്‍ക്കെതിരെ പരാതി. എസ്സന്‍ ഗ്ലോബല്‍ ആലപ്പുഴ ആണ് സാമൂഹിക നീതി വകുപ്പ് മന്ത്രി ആര്‍. ബിന്ദുവിനും, ഡി.ജി.പിക്കും, ആലപ്പുഴ എസ്.പിക്കും പരാതി നല്‍കിയത്.

നഗരത്തിലുടനീളം എല്‍.ജി.ബി.ടി.ക്യൂ+ കമ്യൂണിറ്റിക്കെതിരെ നടക്കുന്ന നിന്ദ്യവും, അശാസ്ത്രീയവും, മനുഷ്യത്വ വിരുദ്ദവുമായ പ്രചരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുക എന്ന ആവശ്യമാണ് എസ്സെന്‍ ഗ്ലോബല്‍ മന്ത്രിക്ക് പരാതിയിലുള്ളത്.

പ്രൈഡ് അവയര്‍നെസ് ക്യാമ്പയില്‍ എന്ന പേരിലാണ് പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ ഞായറാഴ്ച നടക്കാനിരുന്ന പ്രൈഡ് മാര്‍ച്ചിന് മുന്നോടിയായാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

സ്വവര്‍ഗാനുരാഗം വൈകൃതമാണെന്നും അതിന് പ്രകൃതിയെ കൂട്ടുപിടിക്കുന്നത് എന്തിനാണെന്നതുള്‍പ്പെടെ ഉള്ള വാചകങ്ങളാണ് പോസ്റ്ററില്‍ എഴുതിയിരുന്നത്. പോസ്റ്ററുകള്‍ പതിപ്പിച്ചിരിക്കുന്നത് ആരാണെന്നത് സംബന്ധിച്ച വിവരമില്ല. ആലപ്പുഴ ജില്ലയിലെ വിവിധ ഭാഗങ്ങളിലും പോസ്റ്ററുകള്‍ പതിപ്പിച്ചിട്ടുണ്ട്.

എല്‍.ജി.ബി.ടി.ക്യൂ+ കമ്യൂണിറ്റികളില്‍ ഉള്ള മനുഷ്യര്‍, സമൂഹം പേടിയോടെ കാണുന്ന, എയ്ഡ്‌സ്, കുരങ്ങുപനി എന്നിവ പകര്‍ത്തുന്നവരാണന്ന അശാസ്ത്രീയവും ലോകാരോഗ്യ സംഘടനകള്‍ അടക്കം തള്ളിക്കളയുന്നതുമായ ആരോപണങ്ങള്‍ ഉയര്‍ത്തി, നിലവില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ട്രാന്‍സ്‌ഫോബിയയും, ഹോമോഫോബിയയും സമൂഹത്തിലേക്ക് പ്രസരിപ്പിച്ച്, അത്തരം മനുഷ്യര്‍ക്കെതിരെയുള്ള ഭീതി വ്യാപാരവും, വെറുപ്പു പ്രചരണവുമാണ് നടന്നത്. അത് അതിന്റേതാകുന്ന ഗൗരവത്തില്‍ അധികാരികള്‍ കാണുമെന്ന് കരുതുന്നു എന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.

സ്വവര്‍ഗാനുരാഗികളായവരിലാണ് മങ്കി പോക്സ് വ്യാപകമായി പ്രചരിക്കുന്നത് എന്ന തരത്തിലുള്ള വ്യാജ പ്രചരണങ്ങള്‍ നേരത്തെയും വന്നിരുന്നു. വൈറസ് ബാധിച്ച ആരുമായും അടുത്തിടപഴകുന്നത് രോഗം പകരാനിടയാകുമെന്നിരിക്കെ ഗേ, ബൈസെക്ഷ്വല്‍ എന്നിവരിലൂടെയാണ് രോഗം പടരുന്നതെന്ന വാര്‍ത്തകള്‍ പ്രചരിച്ചത്. ഇതിനെതിരെ വിമര്‍ശനവുമായി ഐക്യരാഷ്ട്രസഭയുള്‍പ്പെടെ രംഗത്തെത്തിയിരുന്നു.

പരാതിയുടെ പൂര്‍ണരൂപം:

To, ഡോ. ആര്‍. ബിന്ദു
സാമൂഹിക നീതീ വകുപ്പ് മന്ത്രി
തിരുവനന്തപുരം സെക്രട്ടറിയേറ്റ്

ബഹുമാനപ്പെട്ട :ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് അനില്‍ കാന്ത് IPS Police Head Quarters, Vazhuthacaud, Thiruvananthapuram 695010

ബഹുമാനപ്പെട്ട :എസ്.പി ആലപ്പുഴ CCSB Road, Civil Station Ward, Alappuzha, Kerala 688012

ഹരജിക്കാര്‍: എസ്സന്‍ ഗ്ലോബല്‍ ആലപ്പുഴ. പ്രിസം ക്യൂര്‍ പ്രൈഡ് റാലി സംഘാടകര്‍.

ഹരജി സൂചന: നഗരത്തിലുടനീളം എല്‍.ജി.ബി.ടി.ക്യൂ+ കമ്യൂണിറ്റിക്കെതിരെ നടക്കുന്ന നിന്ദ്യവും, അശാസ്ത്രീയവും, മനുഷ്യത്വ വിരുദ്ദവുമായ പ്രചാരണങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുക.

ഹരജിസാരം:

ലോകത്തെമ്പാടും എല്‍.ജി.ബി.ടി.ക്യൂ+ കമ്യൂണിറ്റികളുടേയും സന്നദ്ധ സംഘടനകളുടേയും നേതൃത്വത്തില്‍ സ്വാഭിമാനയാത്രകളും, പൊതുവിദ്യാഭ്യാസ നടപടികളും നടന്നുവരികയാണ്. അതിന്റെ ഭാഗമായി 24/7/2022ല്‍ ആലപ്പുഴയില്‍ എസ്സന്‍ ഗ്ലോബല്‍ ആലപ്പുഴയുടെ നേതൃത്വത്തില്‍ സ്വാഭിമാന യാത്രയും, നഗരത്തിലെ ചെത്ത് തൊഴിലാളി യൂണിയന്‍ ഹാളില്‍ വച്ച് സെമിനാറും നടക്കുകയുണ്ടായി.

ആലപ്പുഴയിലെ പ്രഥമ പരിപാടി എന്ന നിലയില്‍ എല്ലാം കൊണ്ടും ഭംഗിയായി പരിപാടി നടന്നു. ബഹുമാനപ്പെട്ട പൊലീസ് അധികാരികള്‍ വളരെ നല്ല രീതിയില്‍ പരിപാടിയോട് സഹകരിച്ച് എല്ലാത്തരം പിന്‍തുണയും തന്നത് ഞങ്ങള്‍ ഇതോടൊപ്പം നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു.

പരിപാടിയുടെ തലേ ദിവസം, ഈ പരിപാടിയ്ക്ക് എതിരെയും, എല്‍.ജി.ബി.ടി.ക്യൂ+ കമ്യൂണിറ്റിക്കെതിരെയും വളരെ മോശമായ പോസ്റ്റര്‍ ക്യാമ്പെയ്‌നിങ് ആണ് നടന്നത്. അന്ന് സെമിനാര്‍ ഹാളിന്റെ മതിലിലും, കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡ്, റെയില്‍വേ സ്റ്റേഷന്‍, ബീച്ച്, എന്നു വേണ്ട ആലപ്പുഴ നഗരത്തിലെ ഏതാണ്ട് എല്ലാ പ്രധാന ഭാഗങ്ങളിലും, കമ്യൂണിറ്റിയിലുള്ള ജൈവികമായി ലൈംഗിക ന്യൂനപക്ഷരായ എല്ലാ മനുഷ്യരേയും അവഹേളിക്കുന്ന രീതിയിലാണ് പോസ്റ്റര്‍ പ്രചരണം നടന്നിട്ടുള്ളത്.

എല്‍.ജി.ബി.ടി.ക്യൂ+ കമ്മ്യൂണിറ്റികളില്‍ ഉള്ള മനുഷ്യര്‍, സമൂഹം പേടിയോടെ കാണുന്ന, എയ്ഡ്‌സ്, കുരങ്ങുപനി എന്നിവ പകര്‍ത്തുന്നവരാണന്ന അശാസ്ത്രീയവും ലോകാരോഗ്യ സംഘടനകള്‍ അടക്കം തള്ളിക്കളയുന്നതുമായ ആരോപണങ്ങള്‍ ഉയര്‍ത്തി, നിലവില്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന ട്രാന്‍സ്‌ഫോബിയായും, ഹോമോഫോബിയയും സമൂഹത്തിലേക്ക് പ്രസരിപ്പിച്ച്, അത്തരം മനുഷ്യര്‍ക്കെതിരെയുള്ള ഭീതി വ്യാപാരവും, വെറുപ്പു പ്രചരണവുമാണ് നടന്നത്. അത് അതിന്റേതാകുന്ന ഗൗരവത്തില്‍ അധികാരികള്‍ കാണുമെന്ന് കരുതുന്നു.

മനുഷ്യന്‍ ആണ്‍ പെണ്‍ ദ്വൈദങ്ങള്‍ക്കും അപ്പുറം നാല്‍പ്പത്തഞ്ചോളം ജന്‍ഡറുകള്‍ ഉള്ള ജീവിയാണന്നാണ് ആധുനിക ശാസ്ത്രലോകം കണ്ടത്തുന്നത്. അത് അംഗീകരിക്കാന്‍ കഴിയാത്ത ഒരു സമൂഹത്തിന് സാമൂഹിക വിദ്യാഭ്യാസം നല്‍കുന്നതിനാണ് ഇത്തരത്തിലുള്ള സ്വഭിമാനയാത്രയും സെമിനാറുകളും ലോകം മുഴുവന്‍ സംഘടിപ്പിക്കപ്പെടുന്നത്. ഇതിനെതിരെ നടക്കുന്ന എല്ലാ വെറുപ്പു പ്രചരണങ്ങളും അന്താരാഷ്ട്ര ശൈലിയില്‍ ഉള്ളവയാണ്.അതാണ് ആലപ്പുഴയിലും നടന്നത്.

ജൈവികമായ സ്വാതന്ത്രത്തോടെ ഇന്ത്യയില്‍ എതൊരു വ്യക്തിക്കും ജീവിക്കാനുള്ള പൗരന്റെ മൗലികമായ അവകാശങ്ങള്‍ക്ക് മേലെയുള്ള ദുഷ്പ്രചരണമായും, അത്തരം മനുഷ്യരുടെ അന്തസിനെതിരെയും, സ്വഭിമാനത്തിനെതിരെയും, ജീവിക്കാനുള്ള അവകാശധ്വംസനത്തിനെതിരെയും, സര്‍ക്കാര്‍ തന്നെ വിവിധ പദ്ധതികള്‍ വഴി ഈ വിഷയത്തില്‍ നടത്തുന്ന ക്രീയാത്മകമായ നടപടികള്‍ക്കെതിരെയും വെറുപ്പു പ്രചാരണം നടത്തിയ ആളുകളെ നിയമത്തിന് മുന്നില്‍ കൊണ്ടുവന്ന് മേല്‍പ്പടി കുറ്റകരമായ ചെയ്തികള്‍ വേണ്ട ശിക്ഷാ നടപടികള്‍ സ്വീകരിക്കണമെന്ന്, ബഹുമാന്യ അധികാരികളോട് വിനയപൂര്‍വ്വം ആവശ്യപ്പെടുന്നു.

ഹരജിക്കാര്‍

Content Highlights: Complaint against defaming posters LGBTQAI community in Alappuzha

We use cookies to give you the best possible experience. Learn more