ചെന്നിത്തലക്കെതിരെയുള്ള പരാതി കെ.പി.സി.സിയുടെ പരിഗണനയില്‍ വന്നിട്ടില്ല: കെ. സുധാകരന്‍
Kerala News
ചെന്നിത്തലക്കെതിരെയുള്ള പരാതി കെ.പി.സി.സിയുടെ പരിഗണനയില്‍ വന്നിട്ടില്ല: കെ. സുധാകരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 13th February 2022, 1:57 pm

തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലക്കെതിരെ കെ.പി.സി.സി നേതൃത്വം എന്ന രീതിയില്‍ പ്രചരിക്കുന്ന മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍.

വാര്‍ത്തയുടെ ഉറവിടം സംബന്ധിച്ച് കെ.പി.സി.സിക്ക് ഒരു അറിവും ഇല്ലെന്നും ഇത്തരമൊരു പരാതി കെ.പി.സി.സിയുടെ പരിഗണനയില്‍ വന്നിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

ഇത്തരത്തില്‍ ഒരു വാര്‍ത്ത പ്രചരിക്കാനിടയായ സാഹചര്യം കെ.പി.സി.സി പരിശോധിക്കുമെന്നും കെ.സുധാകരന്‍ അറിയിച്ചു.

നേതൃത്വവുമായി കൂടിയാലോചന നടത്താതെയാണ് രമേശ് ചെന്നിത്തല പ്രഖ്യാപനങ്ങള്‍ നടത്തുന്നതെന്ന് കെ.പി.സി.സി നേതൃത്വം ആരോപിച്ചതായാണ് വാര്‍ത്തകള്‍ പ്രചരിച്ചത്.

ലോകായുക്ത നിയമ ഭേദഗതിയില്‍ നിരാകരണ പ്രമേയം കൊണ്ടുവരണമെന്ന പ്രഖ്യാപനം നേതൃത്വത്തോട് കൂടിയാലോചന നടത്താതെയാണ് രമേശ് ചെന്നിത്തല നടത്തിയത്. ഇത് മുന്‍ഗാമികളുടെ രീതിയല്ലെന്ന് കെ.പി.സി.സി നേതൃത്വം പറഞ്ഞു.

നേതൃത്വത്തിന്റെ അതൃപ്തി ചെന്നിത്തലയെ നേരിട്ടറിയിക്കാനാണ് തീരുമാനമെന്നായിരുന്നു വാര്‍ത്തയില്‍ ഉണ്ടായിരുന്നത്.

പാര്‍ട്ടി നേതൃത്വം പ്രഖ്യാപിക്കേണ്ട കാര്യങ്ങള്‍ രമേശ് ചെന്നിത്തല പറയുമ്പോള്‍ അത് ആശയകുഴപ്പം ഉണ്ടാക്കുമെന്നും കെ.പി.സി.സി പ്രസിഡന്റായ കെ. സുധാകരനോ പ്രതിപക്ഷ നേതാവോ പറയേണ്ട കാര്യങ്ങളില്‍ ഒറ്റയ്ക്ക് വാര്‍ത്താ സമ്മേളനം വിളിച്ച് പ്രതികരിക്കുന്നുവെന്നുമാണ് കെ.പി.സി.സി രമേശ് ചെന്നിത്തലക്കെതിരെ ഉയര്‍ത്തുന്ന പരാതി.

ചെന്നിത്തല സ്വയം പ്രതിപക്ഷ നേതാവിനെ പോലെ പെരുമാറുന്നുണ്ടെന്നും ആക്ഷേപമുയരുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ലോകായുക്ത ഓര്‍ഡിനന്‍സിനെതിരെ നിരാകരണ പ്രമേയം നിയമസഭയില്‍ അവതരിപ്പിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞത്.

ഗവര്‍ണറും മുഖ്യമന്ത്രിയും ജനങ്ങളെ വിഡ്ഢികളാക്കുകയാണ്. ഗവര്‍ണര്‍ സര്‍ക്കാറിനെതിരെ പറഞ്ഞ കാര്യങ്ങള്‍ ഒരു മണിക്കൂറിനകം ആവിയായിപ്പോയോ എന്നും ചെന്നിത്തല ചോദിച്ചിരുന്നു.


Content Highlights: Complaint against Chennithala not considered by KPCC: K. Sudhakaran