പാലക്കാട്: ജയ് ശ്രീറാം ഡി.ജെ ഗാനത്തിനൊപ്പം ബി.ജെ.പി പ്രവര്‍ത്തകര്‍ ദേശീയ പതാക വീശിയ സംഭവത്തില്‍ പരാതി നല്‍കി യൂത്ത് കോണ്‍ഗ്രസ്. പരിപാടിയില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പങ്കെടുത്തതിന്റെ വീഡിയോ അദ്ദേഹം തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ചത്.
സ്വാതന്ത്ര്യദിന ആഘോഷങ്ങളുടെ ഭാഗമായി യുവമോര്‍ച്ച നടത്തിയ തിരംഗ് യാത്രയിലാണ് ഡി.ജെക്കൊപ്പം ദേശീയ പതാക വീശി ബി.ജെ.പി പ്രവര്‍ത്തകര്‍ നൃത്തം ചവിട്ടിയത്. ഇതിനെത്തുടര്‍ന്ന് ദേശീയ പതാകയെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി.
പാലക്കാട് എസ്.പി, നോര്‍ത്ത് പോലീസ് ഇന്‍സ്പെക്ടര്‍ എന്നിവര്‍ക്കാണ് യൂത്ത് കോണ്‍ഗ്രസ് പരാതി നല്‍കിയത്.
പൊലീസ് ഈ നിയമലംഘനം കണ്ടില്ലെന്ന് നടിക്കുകയാണെന്നും പരാതിയില്‍ യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പൊലീസ് കേസെടുത്ത് നടപടി സ്വീകരിക്കണം. കേസ് എടുത്തില്ലെങ്കില്‍ നിയമപരമായി മുന്നോട്ട് പോകുമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ വ്യക്തമാക്കി.
യുവമോര്‍ച്ചയുടെ പ്രകടനം കടന്നുപോയ വഴികളിലൂടെ യൂത്ത് കോണ്‍ഗ്രസ് അഭിമാന യാത്ര സംഘടിപ്പിക്കുകയും ചെയ്തു.
75-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി വിക്ടോറിയ കോളജ് പരിസരത്തുനിന്നാണ് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ പ്രകടനം തുടങ്ങിയത്. ഫേസ്ബുക്ക് പേജിലൂടെ പങ്കുവെച്ച വീഡിയോയില്‍ പാട്ടിനൊപ്പം ദേശീയ പതാക വീശി നൃത്തം ചവിട്ടുന്ന ബി.ജെ.പി പ്രവര്‍ത്തകര്‍ക്കൊപ്പം കെ. സുരേന്ദ്രനും പതാക വീശുന്നത് കാണാം.
ഇതിന് പിന്നാലെ സുരേന്ദ്രനെതിരെ കടുത്ത വിമര്‍ശനമാണ് പലകോണുകളില്‍ നിന്നും ഉയര്‍ന്നത്. ബി.ജെ.പി പ്രവര്‍ത്തകരുടേത് ദേശീയ പതാകയെ അപമാനിക്കുന്ന നടപടിയാണ്. ദേശീയ പതാകയോട് അനാദരവ് കാണിച്ചുവെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.
Content Highlight: Complaint Against BJP Leader K Surendran for waving National Flag while playing DJ Music Incident