കൊച്ചി: ആലുവയില്‍ ക്രൂരമായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ അന്ത്യകര്‍മ്മങ്ങളുമായി ബന്ധപ്പെട്ട് ആരോപണങ്ങള്‍ ഉന്നയിച്ച ഓട്ടോ ഡ്രൈവര്‍ രേവത് ബാബുവിനെതിരെ പരാതി. പൊതുപ്രവര്‍ത്തകനായ അഡ്വക്കറ്റ് ജിയാസ് ജമാലാണ് ആലുവ റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയത്.
മാധ്യമശ്രദ്ധ നേടാനുള്ള വ്യാജ ആരോപണം എന്ന് ചൂണ്ടിക്കാണിച്ചാണ് ആലുവയിലെ റൂറല്‍ എസ്.പിക്ക് പരാതി നല്‍കിയിട്ടുള്ളത്. തെറ്റായ പ്രസ്താവനവഴി മതസ്പര്‍ധയുണ്ടാക്കാനും കലാപത്തിനും ശ്രമിച്ചു എന്നൊക്കെയാണ് പരാതിയില്‍ പറയുന്നത്. പരാതി പരിശോധിച്ച് വരികയാണെന്നും പൊലീസ് അറിയിച്ചു.
ഹിന്ദിക്കാരുടെ കുട്ടികള്‍ക്ക് പൂജ ചെയ്യില്ലെന്ന് പൂജാരിമാര്‍ പറഞ്ഞുവെന്നാണ് ശേഷക്രിയക്ക് പിന്നാലെ രേവത് ബാബു മാധ്യമങ്ങളോട് പറഞ്ഞിരുന്നത്. എന്നാല്‍ ഈ കാര്യങ്ങള്‍ മാറ്റിപ്പറയുന്ന ഇദ്ദേഹത്തിന്റെ തന്നെ പ്രതികരണം പുറത്തുവരുന്നിരുന്നു. ചെറിയ കുട്ടികള്‍ക്ക് ശേഷക്രിയ ചെയ്യില്ലെന്ന് പൂജാരിമാര്‍ പറഞ്ഞെന്നാണ് ഇയാളിപ്പോള്‍ പറയുന്നത്. ഇക്കാര്യങ്ങളൊക്കെ ചൂണ്ടിക്കാണിച്ചാണ് പരാതി ഉന്നയിച്ചിട്ടുള്ളത്.
രേവത് ബാബുവിന്റെ പ്രതികരണത്തില്‍ സംശയം പ്രകടിപ്പിച്ച് സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയ അന്‍വര്‍ സാദത്ത് എം.എല്‍.എയും രംഗത്തെത്തിയിരുന്നു. സംസ്‌കാര കര്‍മങ്ങള്‍ ചെയ്യാമെന്ന് പറഞ്ഞ് രേവത് ബാബു സ്വമേധയാ മുന്നോട്ട് വരികയായിരുന്നുവെന്നും ഇദ്ദേഹം നുണ പറയുമെന്ന് കരുതിയില്ലെന്നും എം.എല്‍.എ പറഞ്ഞു.
Content Highlight: Complaint against auto driver Revat Babu who made allegations regarding the last rites of the girl who was brutally murdered in Aluva