COVID-19
കൊവിഡ് വിവരങ്ങള്‍ കൈമാറിയില്ല, അമൃതാനന്ദമയി മഠത്തിനെതിരെ നിലപാട് കടുപ്പിച്ച് പഞ്ചായത്ത്; പൊലീസില്‍ പരാതി നല്‍കി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2020 Mar 26, 01:09 pm
Thursday, 26th March 2020, 6:39 pm

ആലപ്പാട്: കൊവിഡ് നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച അമൃതാനന്ദമയി മഠത്തിനെതിരെ നിലപാട് കടുപ്പിച്ച് ആലപ്പാട് പഞ്ചായത്ത്. മഠത്തില്‍ താമസിച്ചിരുന്ന അന്തേവാസികളുടെ വിവരം നല്‍കാത്തതില്‍ പഞ്ചായത്ത് പൊലീസില്‍ പരാതി നല്‍കി. കരുനാഗപ്പള്ളി എ.സി.പിക്കാണ് പരാതി നല്‍കിയിരിക്കുന്നത്.

അമൃതാനന്ദമയി മഠത്തിലെ 67 അന്തേവാസികള്‍ കൊവിഡ് നിരീക്ഷണത്തിലാക്കിയതിന് പിന്നാലെയാണ് പഞ്ചായത്ത് പരാതിയുമായി പൊലീസിനെ സമീപിച്ചിരിക്കുന്നത്. കൊവിഡ് സംശയത്തെത്തുടര്‍ന്ന് അന്തേവാസികളെ അമൃതാനന്ദമയി എഞ്ചിനീയറിങ് കോളെജ് ഹോസ്റ്റലിലേക്ക് മാറ്റിയിരിക്കുകയാണ്.

ഇത് സംബന്ധിച്ച വിവരങ്ങള്‍ അമതാനന്ദമയി മഠം അധികൃതര്‍ ആരോഗ്യ വകുപ്പില്‍നിന്നും മറച്ചുവെക്കുകയാണെന്നും ആരോപണമുയരുന്നുണ്ട്. അന്തേവാസികളെ സംബന്ധിച്ച വിവരങ്ങള്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൃത്യമായി നല്‍കിയില്ല എന്നതാണ് ഉയരുന്ന ആരോപണം.

തുടര്‍ന്ന് ജില്ലാ കളക്ടര്‍ ഇടപെട്ടിട്ടാണ് അന്തേവാസികളെ പരിശോധകള്‍ക്ക് വിധേയരാക്കിയത്. പരിശോധനകള്‍ക്കായി സാമ്പിള്‍ ശേഖരിച്ച ശേഷമാണ് ഇവരെ കോളെജ് ഹോസ്റ്റലിലേക്ക് മാറ്റിയത്. ഇവരുടെ പരിശോധനാ ഫലം സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ