| Thursday, 18th July 2019, 1:20 pm

'അന്യസംസ്ഥാനക്കാരിയായ അമലപോളിന് തമിഴ് സംസ്‌കാരം അറിയില്ല'; 'ലക്ഷ്യം പണം മാത്രം'; 'ആടൈ'യ്ക്ക് വിലക്ക് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് സാമൂഹ്യപ്രവര്‍ത്തക

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ചെന്നൈ: അമലപോള്‍ നായികയാവുന്ന ചിത്രം ‘ആടൈ’യ്ക്ക് വിലക്ക്ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് തമിഴ് രാഷ്ട്രീയനേതാവും സാമൂഹ്യപ്രവര്‍ത്തകയുമായ പ്രിയ രാജേശ്വരി. അന്യസംസ്ഥാനത്തുനിന്നും വരുന്ന അമല പോളിന് തമിഴ് സംസ്‌കാരം എന്തെന്ന് അറിയില്ലെന്നും അവരുടെ ലക്ഷ്യം പണം മാത്രമാണെന്നുമാണ് പ്രിയയുടെ ആരോപണം.

അമല പോളിന് എതിരെയും ചിത്രത്തിനെതിരെയും പ്രിയ ഡി.ജി.പിക്ക് പരാതി നല്‍കി. ചിത്രത്തില്‍ നഗ്ന രംഗങ്ങള്‍ തമിഴ് യുവാക്കളെ സ്വാധീനിക്കുമെന്നും ഇത് സ്ത്രീകള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ധിപ്പിക്കുമെന്നും പ്രിയ ആരോപിച്ചു.

തമിഴ് സംസ്‌കാരത്തെപറ്റി യാതൊന്നും അറിയാത്ത നടിയാണ് അമല. അവര്‍ മറ്റൊരു സംസ്ഥാനത്തു നിന്നുമാണ് ഇവിടെ വരുന്നത്. തമിഴ് പെണ്‍കുട്ടികളെപറ്റിയും അവര്‍ക്ക് അറിയില്ല. പണത്തിനു വേണ്ടിയും കച്ചവടത്തിനുവേണ്ടിയും അമല എന്തും ചെയ്യുമെന്നും പ്രിയ ആരോപിച്ചു.

ഇങ്ങനെയൊരു സാഹചര്യത്തില്‍ ഇത്തരം സിനിമകള്‍ നാടിന് ആവശ്യമില്ല. അതിപ്പോള്‍ എത്ര നല്ല കഥയാണെന്നു പറഞ്ഞാലും. ഇത് തടയാന്‍ ആളുകള്‍ മുന്നോട്ടുവരണമെന്നും അവര്‍ ആവശ്യപ്പെട്ടു.

അതേസമയം ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തുമെന്നും അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞു. അമല പോളിനെ നായികയാക്കി രത്നകുമാര്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് നേരത്തെ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരുന്നു.

കാര്‍ത്തിക് കണ്ണന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം ഗായകന്‍ പ്രദീപ് കുമാറാണ്. ചിത്രം ഒരു ഡാര്‍ക്ക് കോമഡിയായിരിക്കുമെന്നും അമലയ്ക്ക് ജോഡിയുണ്ടാകില്ലെന്നും നേരത്തെ തന്നെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

അസാധാരണ തിരക്കഥയാണ് ആടൈയുടേതെന്നും മനുഷ്യവികാരങ്ങളുടെ പല അവസ്ഥാന്തരങ്ങളെ അഭിനേതാവ് എന്ന നിലയില്‍ ഈ ചിത്രത്തിലൂടെ കൊണ്ടു വരാനാകുമെന്നു വിശ്വസിക്കുന്നുവെന്നും അമലാപോള്‍ നേരത്തെ പറഞ്ഞിരുന്നു.

മലയാളത്തില്‍ ആടുജീവിതമാണ് അമലയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.

 

 

We use cookies to give you the best possible experience. Learn more