കോഴിക്കോട്: പുതിയ വാഹനനയമനുസരിച്ച് അതിസുരക്ഷാ നമ്പര്‍പ്ലേറ്റുള്ള ഇരുചക്രവാഹനങ്ങള്‍ക്കെതിരെ പൊലീസ് നടപടിയെടുക്കുന്നതായി ആരോപണം. പഴയ രീതിയില്‍ തന്നെ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കണമെന്നാണ് പൊലീസ് പറയുന്നത്.
2020ലെ പുതിയ വാഹനനയമനുസരിച്ച് മുന്‍വശത്തെ നമ്പര്‍പ്ലേറ്റില്‍ അക്കങ്ങളും അക്ഷരങ്ങളും ഒരേ നിരയില്‍ രേഖപ്പെടുത്തണം. പിന്‍വശത്തെ നമ്പര്‍പ്ലേറ്റില്‍ ആദ്യനിരയിലും രണ്ടാമത്തെ നിരയിലും അക്കങ്ങളോ അക്ഷരങ്ങളോ അഞ്ചുവീതം രേഖപ്പെടുത്തണം.
എന്നാല്‍ സംസ്ഥാനത്തെ ചില പൊലീസുദ്യോഗസ്ഥര്‍ പഴയ മാതൃകയില്‍ നമ്പര്‍ രേഖപ്പെടുത്തണമെന്നാണ് പറയുന്നത്. ഇങ്ങനെ മാറ്റിയില്ലെങ്കില്‍ പിഴയീടാക്കുമെന്ന് പറയുന്നതായും പരാതിയുണ്ട്. കാഞ്ഞങ്ങാട്, കോഴിക്കോട്, ഇടപ്പള്ളി എന്നിവിടങ്ങളില്‍ നിന്നും പരാതി വന്നിട്ടുണ്ടായിരുന്നു.
പൊലീസിന്റെ നടപടിയ്ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ആള്‍ കേരള ടു വീലര്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സെപ്റ്റംബര്‍ മാസം മുഖ്യമന്ത്രിക്കും ഗതാഗത മന്ത്രി ആന്റണി രാജുവിനും പരാതി നല്‍കിയിരുന്നു.
വാഹനം ഷോറൂമില്‍ നിന്നിറക്കുന്ന സമയത്ത് ഡീലര്‍മാര്‍ തന്നെ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കണമെന്ന് നിര്‍ബന്ധമാണ്. കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പുതിയ വാഹനനയമനുസരിച്ചുള്ള നമ്പര്‍പ്ലേറ്റുകളാണ് ഘടിപ്പിക്കേണ്ടത്.
പൊലീസിന് ഇക്കാര്യം എന്തുകൊണ്ടാണ് അറിയാത്തതെന്ന് മനസിലാകുന്നില്ലെന്നായിരുന്നു മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചത്.
പുതിയ രീതിയില്‍ തന്നെ അതിസുരക്ഷാ നമ്പര്‍പ്ലേറ്റുകള്‍ നിര്‍ബന്ധമായും ഘടിപ്പിക്കണം. ഇതിന് കൃത്യമായ നിര്‍ദേശങ്ങളും മാര്‍ഗനിര്‍ദേശങ്ങളുമുണ്ട്. പഴയ രീതിയില്‍ നമ്പര്‍പ്ലേറ്റ് ഘടിപ്പിക്കണമെന്ന പൊലീസിന്റെ വാദം പരിശോധിക്കുമെന്നും ഉത്തരമേഖലാ ട്രാഫിക് എസ്.പി സ്വപ്‌നില്‍ മഹാജന്‍ പറഞ്ഞു.