| Monday, 23rd January 2017, 3:28 pm

ലോ അക്കാദമിയുടെ ഭൂമിയില്‍ അനധികൃതമായി കെട്ടിടം പണിത് സ്വകാര്യ സ്വത്താക്കി: ലക്ഷ്മി നായര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് പിണറായി വിജയന് പരാതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമി പ്രിന്‍സിപ്പല്‍ ഡോ. ലക്ഷ്മി നായര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി.

നെടുമങ്ങാട് കോടതിയിലെ അഭിഭാഷകനും ലോ അക്കാദമി പൂര്‍വവിദ്യാര്‍ത്ഥിയും പൊതുപ്രവര്‍ത്തകനുമായ ബി.ആര്‍.എം ഷഫീറും ലോ അക്കാദമി പൂര്‍വവിദ്യാര്‍ത്ഥി പ്രഭാത് പി നായരുമാണ് പരാതി സമര്‍പ്പിച്ചത്.

ഒരു നിയമ കലാലയം തുടങ്ങുവാന്‍ 3 ഏക്കര്‍ സ്ഥലം മതിയെന്നിരിക്കെ തിരുവനന്തപുരം ജില്ലയിലെ പേരൂര്‍ക്കടയില്‍ കേരള ലോ അക്കാദമി ലോ കോളജ് ട്രസ്റ്റ് 12 ഏക്കര്‍ സ് ഥലം പാട്ട വ്യവസ്ഥയില്‍ സ്വന്തമാക്കിയാണ് പ്രവര്‍ത്തനം ആരംഭിച്ചതെന്നും ഈ സ്ഥലത്ത് ഡോ. ലക്ഷ്മി നായര്‍ അവരുടെ സ്വകാര്യ ഭവനങ്ങളും മറ്റും പണിയുകയും സ്വകാര്യ സ്വത്താക്കി മാറ്റിയിരിക്കുകയുമാണെന്നും പരാതിയില്‍ ഇവര്‍ ഉന്നയിക്കുന്നു.


തിരുവനന്തപുരം സെക്രട്ടറിയേറ്റിന് 100 മീറ്റര്‍ അകലെയായി പുത്തന്‍ റോഡില്‍ റിസര്‍ച്ച് സെന്ററിനായി നല്‍കിയ ട്രസ്റ്റിന്റെ പേരിലുള്ള കോടികള്‍ വിലവരുന്ന ഭൂമി മാനദണ്ഡങ്ങളൊന്നും പാലിക്കാതെ അഗ്നിസുരക്ഷ അടക്കമുള്ള ഒരു വകുപ്പിന്റേയും എന്‍.ഒ.സി നേടാതെയും തലസ്ഥാനത്തെ വലിയ ഫ്‌ളാറ്റ് നിര്‍മാതാക്കളായ ഹെതര്‍ ഗ്രൂപ്പിന് 50:50 എന്ന ലാഭവിവിഹിതത്തില്‍ കൈമാറുകയും ഫ്‌ളാറ്റ് സമുച്ചയം പണിത് വിറ്റ് കോടിക്കണക്കിന് രൂപ അനധികൃതമായി സമ്പാദിക്കുകയും ചെയ്തതായും പരാതിയില്‍ ആരോപിക്കുന്നു

ഡോ. ലക്ഷ്മിനായരുടെ ബന്ധുക്കള്‍ക്കെല്ലാവര്‍ക്കും കേരള യൂണിവേഴ്‌സ്റ്റിയില്‍ നിന്ന് നിയമമേഖലയില്‍ നിന്നുള്ള റാങ്കുകള്‍ തുടച്ചയായി ലഭിക്കുന്നതിന് പിന്നില്‍ ദുരൂഹതയുണ്ടെന്നും പരാതിയില്‍ പറയുന്നുണ്ട്. ഈ വിഷയങ്ങളിലെല്ലാം വിജിലന്‍സ് അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരണമെന്നും ഇവര്‍ കത്തില്‍ ആവശ്യപ്പെടുന്നത്.

We use cookies to give you the best possible experience. Learn more