'കേസ് തീർപ്പാക്കുന്നതിന് ജഡ്ജിക്കും കമ്മീഷണർക്കും കൊടുക്കാൻ മൂന്ന് ലക്ഷം വാങ്ങി'; ആളൂരിനെതിരെ പരാതിക്കാരി വീണ്ടും
Kerala News
'കേസ് തീർപ്പാക്കുന്നതിന് ജഡ്ജിക്കും കമ്മീഷണർക്കും കൊടുക്കാൻ മൂന്ന് ലക്ഷം വാങ്ങി'; ആളൂരിനെതിരെ പരാതിക്കാരി വീണ്ടും
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 4th February 2024, 11:00 am

കൊച്ചി: വസ്തു കേസ് വേഗത്തിൽ തീർപ്പാക്കാൻ ജഡ്ജിക്കും കമ്മീഷണർക്കും നൽകാനായി അഡ്വ. ബി.എ. ആളൂർ മൂന്ന് ലക്ഷം രൂപ വാങ്ങിയെന്ന വെളിപ്പെടുത്തലുമായി യുവതി. ആളൂർ ഓഫീസിൽ വെച്ച് ലൈംഗികമായി അതിക്രമിക്കാൻ ശ്രമിച്ചുവെന്ന കേസിൽ പൊലീസിന് യുവതി നേരത്തെ പരാതി നൽകിയിരുന്നു.

ബാർ കൗൺസിലിനാണ് ആളൂർ പണം വാങ്ങിയെന്ന പരാതി നൽകിയിരിക്കുന്നത്.

കഴിഞ്ഞ കുറച്ചു മാസങ്ങളായി തന്റെ വസ്തു കേസ് ജില്ലാ കോടതിയിൽ ഉണ്ടെന്നും ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയതിനാൽ കേസിന്റെ ആവശ്യത്തിന് നിരന്തരം നാട്ടിൻ എത്താൻ കഴിയുമായിരുന്നില്ല എന്നും യുവതി പറയുന്നു.

കേസ് വേഗത്തിൽ തീർക്കാൻ ജഡ്ജിക്കും പൊലീസിനും പണം നൽകിയാൽ മതി എന്ന് പറഞ്ഞ് രണ്ട് തവണയായി മൂന്നുലക്ഷം രൂപ വാങ്ങുകയായിരുന്നുവെന്ന് യുവതി ആരോപിക്കുന്നു.

കമ്മീഷണർക്ക് നൽകാനെന്ന് പറഞ്ഞ് 2023 മാർച്ച്‌ 18നും ജഡ്ജിക്ക് നൽകാനെന്ന് പറഞ്ഞ് ജൂൺ അഞ്ചിനും പണം വാങ്ങിയെന്നാണ് ബാർ കൗൺസിലിന് നൽകിയ പരാതിയിൽ പറയുന്നു. യുവതിയുടെ പരാതി അടുത്ത ജനറൽ കൗൺസിൽ യോഗം പരിശോധിക്കുമെന്ന് ബാർ കൗൺസിൽ ചെയർപേഴ്‌സൺ അറിയിച്ചു.

അതേസമയം യുവതി നൽകിയ ലൈംഗികാതിക്രമ പരാതി കെട്ടിച്ചമച്ചതാണെന്ന് ചൂണ്ടിക്കാട്ടി ആളൂർ ഹൈക്കോടതിയിൽ ഹരജി നൽകി. തുടർന്ന് ആളൂരിന്റെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞു വെക്കാൻ ഹൈക്കോടതി എറണാകുളം സെൻട്രൽ പൊലീസിനോട് ആവശ്യപ്പെട്ടു. കേസിൽ പൊലീസിൽ നിന്ന് റിപ്പോർട്ടും തേടിയിട്ടുണ്ട്.

ജനുവരി 31ന് കേസിന്റെ കാര്യം സംസാരിക്കാനെന്ന് പറഞ്ഞ് അഡ്വ. ആളൂരിന്റെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തി തന്റെ അനുവാദമില്ലാതെ ശരീരത്തിൽ കടന്നുപിടിച്ചെന്നാണ് യുവതി നൽകിയ പരാതിയിൽ പറയുന്നത്.

കേസുമായി ബന്ധപ്പെട്ട് ആളൂർ കൂടുതൽ ഫീസ് ചോദിച്ചെന്നും അത്രയും പണം കൈയിലില്ലെന്ന് പറഞ്ഞപ്പോൾ സഹകരിച്ചാൽ മതിയെന്ന് പറഞ്ഞെന്നും പരാതിയിൽ പറയുന്നു.

കേസിൽ തന്റെ ജൂനിയർ അഭിഭാഷകരെ ഇടപെപെടുത്തുന്നതുമായി ബന്ധപ്പെട്ട് പരാതിക്കാരിയുമായി തർക്കം നിലനിന്നിരുന്നുവെന്നും ഇതിന്റെ വിരോധമാണ് പരാതിക്ക് പിന്നിലെന്നുമാണ് ആളൂരിന്റെ വാദം.

Content Highlight: Complainant’s revelation against Adv. BA Aloor alleging He demanded money to offer Judge and Commissioner