| Monday, 14th October 2019, 8:04 am

കൂടത്തായി കേസ് വെളിച്ചത്തുകൊണ്ടുവരാന്‍ കാരണമായ പരാതിക്കാരന്‍ നാട്ടിലെത്തി; ഒരുക്കിയിരിക്കുന്നത് വന്‍ സുരക്ഷാ സന്നാഹം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോട്ടയം: കൂടത്തായി കേസിലെ പരാതിക്കാരനും മരിച്ച ടോം തോമസിന്റെ ഇളയമകനുമായ റോജോ നാട്ടിലെത്തി. കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ചിന്റെ ആവശ്യപ്രകാരമാണ് അമേരിക്കയില്‍ നിന്ന് ഇന്നു പുലര്‍ച്ചെ റോജോ നാട്ടിലെത്തിയത്.

ഇന്നു പുലര്‍ച്ചെ നാലുമണിക്ക് ദുബായ് വഴിയാണ് റോജോ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയത്. തുടര്‍ന്ന് പൊലീസ് അകമ്പടിയോടെ റോജോയെ സഹോദരി റെഞ്ചി താമസിക്കുന്ന വൈക്കത്തെ വീട്ടിലെത്തിച്ചു.

റോജോയുടെ പരാതിയുടെയും മൊഴിയുടെയും വിവരാവകാശത്തിന്റെ പകര്‍പ്പും അടിസ്ഥാനമാക്കിയാണ് പൊലീസ് കേസന്വേഷിക്കുന്നത്. റെഞ്ചിയും റോജോയും ആവശ്യപ്പെട്ട പ്രകാരം ഇരുവര്‍ക്കും വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കേസില്‍ റോജോയുടെ മൊഴി ക്രൈംബ്രാഞ്ച് രേഖപ്പെടുത്തും. കോഴിക്കോട് നിന്ന് ഇന്നോ നാളെയോ ആയി ക്രൈംബ്രാഞ്ച് കോട്ടയത്തെത്തിയാവും മൊഴി രേഖപ്പെടുത്തുക. മാധ്യമങ്ങളെ കാണരുതെന്ന് റോജോയ്ക്കു നിര്‍ദ്ദേശമുണ്ടെന്നാണു സൂചന.

കഴിഞ്ഞ മാസമാണ് കുടുംബത്തിലെ ആറുപേരുടെ മരണവുമായി ബന്ധപ്പെട്ട് റോജോ പൊലീസില്‍ പരാതി നല്‍കിയത്.

അതേസമയം ജോളിയുടെ ഭര്‍ത്താവ് ഷാജുവിനെ അന്വേഷണ സംഘം വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനു ഹാജരാകാനായി പുലിക്കയത്തെ വീട്ടിലെത്തി ഇന്നലെ പൊലീസ് ഷാജുവിന് നോട്ടീസ് കൈമാറിയിരുന്നു. മൂന്നാംവട്ടമാണ് ഷാജുവിനെ ചോദ്യം ചെയ്യുന്നത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

ഷാജുവിന്റെ അച്ഛന്‍ സക്കറിയയോടും വടകര റൂറല്‍ എസ്.പി ഓഫീസില്‍ ഹാജരാകാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കസ്റ്റഡിയിലുള്ള ജോളിയുടെ ചോദ്യം ചെയ്യലും ഇന്നു തുടരും.

കൂടാതെ പൊന്നാമറ്റം വീട്ടില്‍ വിദഗ്ധ സംഘം ഇന്ന് പരിശോധന നടത്തും. വിരലടയാള വിദഗ്ധര്‍, ഫൊറന്‍സിക് വിദഗ്ധര്‍, വിഷ ശാസ്ത്ര വിദഗ്ധര്‍ എന്നിവരടങ്ങുന്ന എട്ടംഗ സംഘമാണ് പരിശോധന നടത്തുക.

We use cookies to give you the best possible experience. Learn more