സ്റ്റേറ്റ് അവാര്‍ഡില്‍ പൃഥ്വിക്ക്, നാഷണല്‍ അവാര്‍ഡില്‍ റിഷബ് ഷെട്ടിക്ക്, യൂത്തന്മാര്‍ക്ക് മത്സരം കൊടുക്കാന്‍ മമ്മൂട്ടിയും
Film News
സ്റ്റേറ്റ് അവാര്‍ഡില്‍ പൃഥ്വിക്ക്, നാഷണല്‍ അവാര്‍ഡില്‍ റിഷബ് ഷെട്ടിക്ക്, യൂത്തന്മാര്‍ക്ക് മത്സരം കൊടുക്കാന്‍ മമ്മൂട്ടിയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 5th August 2024, 9:09 pm

2022ലെ ദേശീയ അവാര്‍ഡ് ഈ മാസം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.മികച്ച നടനുള്ള അവാര്‍ഡിന് കടുത്ത മത്സരമാണ് നടക്കുന്നത്. പുഴു, റോഷാക്ക്, നന്‍പകല്‍ നേരത്ത് മയക്കം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മമ്മൂട്ടിയും കാന്താരയിലെ പ്രകടനത്തിന് റിഷബ് ഷെട്ടിയും ഫൈനല്‍ റൗണ്ടില്‍ എത്തിയിരിക്കുകയാണ്. അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ കരിയറിലെ നാലാമത്തെ ദേശീയ അവാര്‍ഡ് മമ്മൂട്ടി സ്വന്തമാക്കുമെന്നാണ് സിനിമാലോകം അഭിപ്രായപ്പെടുന്നത്.

ജാതിവെറിയില്‍ ആണ്ടുപോയ കുട്ടന്‍, വ്യത്യസ്തമായ പ്രതികാരവുമായി വന്ന ലൂക്ക് ആന്റണി, ഒരു ഉച്ചമയക്കത്തിന് ശേഷം സുന്ദരത്തിലേക്ക് പരകായപ്രവേശം നടത്തിയ ജെയിംസ് എന്നീ കഥാപാത്രങ്ങളെ അവതരിപ്പിച്ച മമ്മൂട്ടിക്കാണ് പലരും അവാര്‍ഡ് കല്‍പിക്കുന്നത്. കരിയറിന്റെ പുതിയ ഘട്ടത്തില്‍ വ്യത്യസ്തമായ സിനിമകള്‍ ചെയ്ത് സിനിമാലോകത്തെ ഞെട്ടിച്ച മമ്മൂട്ടി 72ാം വയസിലും പുതിയ നടന്മാര്‍ക്ക് കോമ്പറ്റീഷന്‍ കൊടുക്കുകയാണ്.

നന്‍പകല്‍ നേരത്ത് മയക്കത്തിലെ പ്രകടനത്തിന് മലയാളത്തിലെ മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ് മമ്മൂട്ടി നേടിയിരുന്നു. കരിയറിലെ 15ാമത് ഫിലിംഫെയര്‍ അവാര്‍ഡാണ് മമ്മൂട്ടി നന്‍പകലിലൂടെ നേടിയത്.

കരിയറിലെ നാലാമത്തെ സംവിധാന സംരംഭം കന്നഡയിലെ ഇന്‍ഡസ്ട്രിയല്‍ ഹിറ്റാക്കിയ നടനാണ് റിഷബ് ഷെട്ടി. സംവിധാനത്തോടൊപ്പം നായക കഥാപാത്രത്തെ അവതരിപ്പിച്ചതും റിഷബ് തന്നെയായിരുന്നു. സാധാരണ സിനിമയെന്ന രീതിയില്‍ പൊയ്‌ക്കൊണ്ടിരുന്നു ചിത്രത്തിനെ മറ്റൊരു തലത്തില്‍ എത്തിച്ചത് റിഷബിന്റെ മാസ്മരിക പ്രകടനമായിരുന്നു. ഇരുവരില്‍ ആര് അവാര്‍ഡ് നേടുമെന്നാണ് ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

അതേസമയം കഴിഞ്ഞ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിനുള്ള ചിത്രങ്ങളുടെ പട്ടികയും പുറത്തുവന്നിരുന്നു. ആടുജീവിതത്തിലെ പ്രകടനത്തിന് പൃഥ്വിരാജും, കാതല്‍, കണ്ണൂര്‍ സ്‌ക്വാഡ് എന്നീ ചിത്രങ്ങളിലെ പ്രകടനത്തിന് മമ്മൂട്ടിയും മികച്ച നടനുള്ള അവാര്‍ഡ് പട്ടികയിലുണ്ട്. ജോജു ജോര്‍ജ് (ഇരട്ട), ടൊവിനോ തോമസ് (2018) എന്നിവരും മത്സരത്തിന്റെ മുന്‍പന്തിയിലുണ്ട്.

മികച്ച നടിക്കുള്ള അവാര്‍ഡിനും ശക്തമായ മത്സരമാണ് നടക്കുന്നത്. ഉള്ളൊഴുക്കില്‍ മത്സരിച്ചഭിനയിച്ച ഉര്‍വശിയും പാര്‍വതിയും മികച്ച നടിക്കുള്ള അവാര്‍ഡിന് സാധ്യത കല്പിക്കുന്നുണ്ട്. കാതലിലെ പ്രകടനത്തിന് ജ്യോതികയുടെ പേരും പറഞ്ഞു കേള്‍ക്കുന്നുണ്ട്. നേരിലെ സാറയായി അമ്പരപ്പിച്ച അനശ്വരയും മികച്ച നടിക്കുള്ള അവാര്‍ഡില്‍ ഉയര്‍ന്നുകേള്‍ക്കുന്ന പേരുകളിലൊന്നാണ്.

Content Highlight: Competition between Mammootty and Rishab Shetty for best actor award in 70th National Film Awards