| Tuesday, 14th February 2023, 6:31 pm

ശിരോവസ്ത്രം ധരിക്കാതെ ടൂര്‍ണമെന്റില്‍ മത്സരിച്ചു; ഇറാനില്‍ ചെസ് താരത്തിനെതിരെ അറസ്റ്റ് ഭീഷണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്‌റാന്‍: ഇറാനില്‍ ശിരോവസ്ത്രം ധരിക്കാത്തതിന് ചെസ് താരം സാറാ ഖാദത്തിന് ഇറാനിലേക്ക് പ്രവേശിച്ചാല്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി.

ഇറാനിലെ നിര്‍ബന്ധിത ശിരോവസ്ത്ര ധാരണത്തിനെതിരെയുള്ള പ്രതിഷേധങ്ങളുടെ ഭാഗമായി സാറ ചെസ് ടൂര്‍ണമെന്റില്‍ ശിരോവസ്ത്രം ധരിക്കാതെ പങ്കെടുകയായിരുന്നു. ഇതിനെതിരെയാണ് ഇറാന്‍ പൊലീസ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.

ഇറാനില്‍ പ്രവേശിച്ചാല്‍ താരത്തെ കാത്തിരിക്കുന്നത് അറസ്റ്റ് വാറണ്ടുകളാണെന്ന് ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇറാനിലെ സ്ത്രീകള്‍ പൊതു സ്ഥലത്തെത്തുമ്പോള്‍ ശിരോവസ്ത്രം ധരിക്കണമെന്നാണ് നിയമം.

എന്നാല്‍ ഡിസംബറില്‍ ഖസാക്കിസ്ഥാനില്‍ നടന്ന ചെസ് ടൂര്‍ണമെന്റില്‍ ശിരോവസ്ത്രം ധരിക്കാതെ മത്സരിക്കണമെന്നായിരുന്നു തന്റെ തീരുമാനമെന്നും ഇറാനിലെ സ്ത്രീകളും പെണ്‍കുട്ടികളും അടങ്ങുന്ന ജനത തെരുവില്‍ അവകാശങ്ങള്‍ക്ക് വേണ്ടി പൊരുതുമ്പോള്‍ എനിക്ക് ചെയ്യാന്‍ സാധിക്കുന്ന ചെറിയ കാര്യമാണിതെന്നും അവര്‍ പറഞ്ഞു.

‘ഞാന്‍ ഒരു ആക്ടിവിസ്റ്റല്ല, ആളുകള്‍ക്ക് പ്രചോദനമാകുന്ന സന്ദേശങ്ങളൊന്നും ഞാന്‍ നല്‍കുന്നുമില്ല. തെരുവിലെ ജനങ്ങളാണ് എനിക്ക് പ്രചോദനം. കുടുംബത്തെ വിട്ട് നില്‍ക്കുന്നതില്‍ സങ്കടമുണ്ട്. പക്ഷേ എടുത്ത തീരുമാനത്തില്‍ സങ്കടമില്ല. ഞാന്‍ ഇപ്പോഴും ഇറാനിയനാണ്. ഇറാനികള്‍ എന്നെ ഇപ്പോഴും ഇറാനിയനായിട്ടാണ് കാണുന്നത്,’ അവര്‍ പറഞ്ഞു.

നിലവില്‍ താരം ഭര്‍ത്താവിനും ഒരു വയസുള്ള മകനുമൊപ്പം സ്‌പെയിനിലാണ് താമസിക്കുന്നത്. അവരുടെ കൃത്യമായ സ്ഥലം വെളിപ്പെടുത്തരുതെന്നും മൈലുകള്‍ക്ക് അപ്പുറത്ത് നിന്ന് പോലും ഇറാന്‍ ശിക്ഷിച്ചേക്കാമെന്നും അവര്‍ ബി.ബി.സിയോട് പറഞ്ഞു.

ഇറാനില്‍ ശിരോവസ്ത്രം നിര്‍ബന്ധമായപ്പോഴും ഫൈഡ് വേള്‍ഡ് റാപിഡിലും (FIDE World Rapid) ബ്ലിസ് ചെസ് ചാമ്പ്യന്‍ഷിപ്പിലും (Blitz Chess Championships) സാറ മത്സരിച്ചത് ശിരോവസ്ത്രം ധരിക്കാതെയായിരുന്നു.

ടൂര്‍ണമെന്റിന് ശേഷം ഒരുപാട് ഫോണ്‍ കോളുകള്‍ സാറയ്ക്ക് ലഭിച്ചിരുന്നുവെന്നും അവള്‍ ഇറാനിലേക്ക് മടങ്ങി വരണമെന്ന് ആഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്നും റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. ഇറാനിലുള്ള സാറയുടെ കുടുംബാംഗങ്ങള്‍ക്ക് ഇപ്പോഴും ഭീഷണി ഫോണ്‍കോളുകള്‍ വരുന്നുണ്ട്.

ചെസ് ഫെഡറേഷന്‍ വെബ്‌സൈറ്റ് പ്രകാരം ലോക ചെസ് ചാമ്പ്യന്‍ഷിപ്പില്‍ 804ാം സ്ഥാനത്താണ് സാറ.

ശിരോവസ്ത്രം കൃത്യമായി ധരിച്ചില്ലെന്ന പേരില്‍ 22കാരിയായ മഹ്‌സ അമ്‌നിയെ കസ്റ്റഡിയിലെടുക്കുകയും തുടര്‍ന്ന് കൊല്ലപ്പെടുകയും ചെയ്ത സംഭവം ഇറാനില്‍ ഒരുപാട് പ്രതിഷേധങ്ങള്‍ക്ക് കാരണമായിരുന്നു. അതിനെതിരെ നിരവധി സ്ത്രീകള്‍ ശിരോവസ്ത്രം ഉപേക്ഷിച്ചും മുടി മുറിച്ചും പ്രതിഷേധിച്ചിരുന്നു.

CONTENT HIGHLIGHT: competed in the tournament without a headscarf; Chess star threatened in Iran

We use cookies to give you the best possible experience. Learn more