ബി.ജെ.പി ഭരണകാലത്ത് വര്‍ഗീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം; പ്രഖ്യാപനവുമായി കര്‍ണാടക സര്‍ക്കാര്‍
national news
ബി.ജെ.പി ഭരണകാലത്ത് വര്‍ഗീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം; പ്രഖ്യാപനവുമായി കര്‍ണാടക സര്‍ക്കാര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 17th June 2023, 11:55 pm

ബെംഗളൂരു: ദക്ഷിണ കര്‍ണാടകയില്‍ ബി.ജെ.പി സര്‍ക്കാരിന്റെ കാലത്ത് വര്‍ഗീയ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട നാല് പേരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് സര്‍ക്കാര്‍. 25 ലക്ഷം രൂപ വീതമാണ് നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നത്.

2022 ജൂലൈ 19 ന് സുള്ള്യ താലൂക്കിലെ കലഞ്ഞയില്‍ കൊല്ലപ്പെട്ട മസൂദ്, ജൂലൈ 28ന് കാട്ടിപ്പള്ളയില്‍ കൊല്ലപ്പെട്ട മുഹമ്മദ് ഫാസില്‍, ഡിസംബര്‍ 24ന് കാട്ടിപ്പള്ളയില്‍ കൊല്ലപ്പെട്ട അബ്ദുള്‍ ജലീല്‍, 2018 ജനുവരി 3ന് കാട്ടിപ്പള്ളയില്‍ കൊല്ലപ്പെട്ട ദീപക്. ആര്‍ എന്നിവരുടെ കുടുംബത്തിനാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ ഉള്‍പ്പെടുത്തിയാണ് നഷ്ടപരിഹാര തുക പ്രഖ്യാപിച്ചത്.

മസൂദിന്റെ മാതാവ് സാറാമ്മയും ഫാസിലിന്റെ പിതാവ് ഉമ്മര്‍ ഫാറൂഖും ജലീലിന്റെ പങ്കാളി ദില്‍ഷാദും ദീപക് റാവുവിന്റെ മാതാവ് പ്രേമ രാമചന്ദ്രയുമാണ് നഷ്ടപ്പരിഹാരത്തുക കൈപ്പറ്റുന്നത്.

നഷ്ടപരിഹാര പ്രഖ്യാപനത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്ന ആരോപണം ഉയര്‍ന്നിരുന്നു. കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ട് വിവിധ സംഘടനകള്‍ പ്രതിഷേധവുമായി വന്നിരുന്നു. ഫാസിലിന്റെ പിതാവ് ഉമര്‍ ഫാറൂഖും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

നേരത്തെ ആഭ്യന്തര മന്ത്രി ജി.പരമേശ്വര്‍ അക്രമികളാല്‍ കൊല്ലപ്പെട്ട നാല് യുവാക്കളുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാരിന് നിര്‍ദേശം നല്‍കുമെന്നും പറഞ്ഞിരുന്നു.

വര്‍ഗീയ കലാപത്തിന് ഇരയായ കുടുംബാംഗങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ദക്ഷിണ കന്നഡ കോണ്‍ഗ്രസിന്റെ ന്യൂനപക്ഷ സെല്ലും ആവശ്യപ്പെട്ടിരുന്നു. കൊല്ലപ്പെട്ട ബി.ജെ.പി യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിന്റെ കുടുംബത്തിന് മാത്രം മുന്‍ സര്‍ക്കാര്‍ വിവേചനപരമായി നഷ്ടപരിഹാരം നല്‍കിയെന്നും മുസ്‌ലിം കുടുംബങ്ങളെ അവഗണിച്ചെന്നും ന്യൂനപക്ഷ സെല്‍ ആരോപിച്ചിരുന്നു.

CONTENT HIGHLIGHTS: Compensation to families of those killed in communal violence during BJP rule; Government of Karnataka with announcement