| Friday, 25th January 2019, 3:56 pm

ഇനിയും മരിച്ചിട്ടില്ലാത്ത കുഞ്ഞുങ്ങള്‍ക്കെങ്കിലും നഷ്ടപരിഹാരം കൊടുക്കണം

ഡോ. ഇ ഉണ്ണിക്കൃഷ്ണന്‍

ജനുവരി 30 മുതല്‍ സെക്രട്ടറിയേറ്റിനു മുമ്പില്‍ കാസര്‍ഗോട്ടെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ അമ്മമാര്‍ പട്ടിണിസമരം നടത്തുകയാണ്. 2012 മുതല്‍ 2016 വരെ ഇവര്‍ നടത്തിയ വിവിധ സമരങ്ങളുടെ ഒത്തുതീര്‍പ്പിനായി മാറി മാറി വന്ന ഭരണകൂടങ്ങള്‍ ഒപ്പിട്ട കരാറുകള്‍ നടപ്പിലാക്കണമെന്നാണാവശ്യം.

പ്രമുഖ മനുഷ്യാവകാശ പ്രവര്‍ത്തകയായ ദയാബായി ജനുവരി 31 മുതല്‍ അമ്മമാര്‍ക്കായി അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിന് ഒരുങ്ങിയിരിക്കുകയാണ്.

ഇരകളുടെ ഈ ജീവിക്കാനുള്ള അവകാശസമരം എട്ടു വര്‍ഷമായി തുടരുകയാണ്. കീടനാശിനിക്കെതിരെ ലോക മന:സാക്ഷി കാസര്‍ഗോഡിനൊപ്പം നിന്ന ഐതിഹാസികമായ സ്റ്റോക്‌ഹോം സമ്മേളനം നടന്ന 2011 വരെ സമരം മുഖ്യമായും എന്‍ഡോസള്‍ഫാന്‍ നിരോധനത്തെ മുന്‍നിര്‍ത്തി പൊതു സമൂഹം നടത്തിയ ഐതിഹാസികമായ പോരാട്ടമായായിരുന്നു. ആഗോള ധാരണകളുടെ പുറത്ത് എന്‍ഡോസള്‍ഫാന്‍ നിയന്ത്രണത്തിന് സര്‍ക്കാര്‍ നിര്‍ബന്ധിതമായതോടെ സമരത്തിന്റെ മുഖച്ഛായ മാറി. ഡി.വൈ എഫ് ഐ നേടിയെടുത്ത 2011 ലെ സുപ്രീം കോടതി വിധിയോടെ ഇന്ത്യയില്‍ എന്‍ഡോസള്‍ഫാന്‍ നിരോധിക്കപ്പെടുകയും ചെയ്തു.

ദുരിതമനുഭവിക്കുന്നവര്‍ നേരിട്ട് നടത്തിയ അവകാശ സമരമായി എന്‍ഡോസള്‍ഫാന്‍ വിരുദ്ധ സമരം പരിവര്‍ത്തനം ചെയ്യപ്പെട്ടു. സര്‍ക്കാരിന്റെ ഔദാര്യമല്ല തങ്ങളെയും വരും തലമുറയെയും ഇങ്ങനെയൊക്കെ ആക്കിത്തീര്‍ത്ത വരില്‍ നിന്നും നിര്‍ബന്ധമായും ഈടാക്കാനുള്ള പിഴയാണ് തങ്ങള്‍ ആവശ്യപ്പെടുന്നതെന്ന രാഷ്ട്രീയം അമ്മമാര്‍ ഉള്‍ക്കൊണ്ടു.ജീവിക്കാനുള്ള അവകാശ സമരമായി മാറി അവരുടെ പ്രതിരോധം.

2012 ഏപ്രില്‍ മുതല്‍ ആഗസ്റ്റ് 25 വരെ കാസര്‍ഗോഡ് കലക്ടറേറ്റിനു മുമ്പില്‍ അമ്മമാര്‍ കഞ്ഞി വെച്ചു കൊണ്ട് സമരം ചെയ്തു. എന്‍ഡോസള്‍ഫാന്‍ ബാധിത ഗ്രാമങ്ങളുടെ പുനരുജ്ജീവനത്തെ കുറിച്ചും രോഗികളുടെ പുനരധിവാസത്തെക്കുറിച്ചും ഗൗരവമായി ചിന്തിക്കാന്‍ അന്നത്തെ കാസര്‍ഗോഡ് കലക്ടര്‍ ജിതേന്ദ്രന്റെ മുന്‍കയ്യില്‍ നടത്തിയ കോണ്‍കോഡ് 2012 ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമരം ചെയ്യുന്ന അമ്മമാര്‍ക്ക് മുഖം കൊടുക്കാതെ അവര്‍ക്കിടയിലൂടെ കാറില്‍ പറന്നു.

നിവേദനം നല്കാന്‍ സെക്രട്ടറിയേറ്റില്‍ ചെന്ന അമ്മമാരുടെ സംഘം പെണ്ണുങ്ങളുടെ മാത്രം കൂട്ടമായിപ്പോയതിനാല്‍ തനിക്ക് നേരിട്ട മാനഹാനിയില്‍ പിന്നീട് ഇദ്ദേഹം നടത്തിയ പരിദേവനവും രാഷ്ട്രീയ അധികാരികളുടെ സമഭാവനാ ചരിത്രത്തില്‍ തങ്കരേഖാങ്കിതമായിത്തീര്‍ന്നു.

ദുരിതബാധിതരുടെ കടബാധ്യത എഴുതിത്തള്ളുക, ജൈവ കാര്‍ഷിക നയം നടപ്പിലാക്കുക, ട്രിബ്യൂണല്‍ സ്ഥാപിക്കുക, കേന്ദ്ര മനുഷ്യാവകാശ കമ്മീഷന്റെ ശുപാര്‍ശകള്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു അമ്മമാര്‍ സമരം തുടങ്ങിയത്. രണ്ടായിരത്തി പത്തിലെ വര്‍ഷാന്ത്യദിനത്തിലായിരുന്നു ജസ്റ്റീസ് ബാലകൃഷ്ണന്‍ ചെയര്‍ പേഴ്‌സണായിട്ടുള്ള കേന്ദ്ര മനുഷ്യാവകാശക്കമ്മീഷന്‍ അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരവും കടം എഴുതിത്തള്ളലും അടക്കമുള്ള സുപ്രധാന ശുപാര്‍ശകള്‍ മുമ്പോട്ടുവെച്ചത്.

ഇവ ഒന്നൊഴിയാതെ നടപ്പിലാക്കുവാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് സംസ്ഥാന ആരോഗ്യ കുടുംബക്ഷേമ വകുപ്പ് കമ്മീഷന് അയച്ച കത്തില്‍ വ്യക്തമാക്കിയത്. ഈ നിര്‍ദേശങ്ങള്‍ക്കു മുമ്പുതന്നെ കേരള സര്‍ക്കാര്‍ കിടപ്പു രോഗികള്‍ക്ക് 2000 രൂപയും മറ്റുള്ളവര്‍ക്ക് 1000വും സാമുഹ്യ സുരക്ഷാ വകുപ്പിലൂടെ നല്‍കാന്‍ തുടങ്ങിയിരുന്നു. ഈ ആനുകൂല്യത്തിനര്‍ഹരായ 2453 പേരുടെ പട്ടിക തയ്യാറാക്കപ്പെടുകയും ചെയ്തിരുന്നു.

പുതിയ ഗവ: വന്ന ശേഷം 2017ല്‍ നടന്ന മെഡിക്കല്‍ ക്യാമ്പില്‍ 1905 പേരെ അര്‍ഹതാ ലിസ്റ്റില്‍ പെടുത്തിയെങ്കിലും ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോള്‍ അതില്‍ 287 പേരേ ഉണ്ടായിരുന്നുള്ളൂ. ഗുരുതരാവസ്ഥയിലുള്ള പല രോഗികളും ഇപ്പോഴും ലിസ്റ്റിനു വെളിയില്‍ തന്നെയാണ്.

മനുഷ്യാവകാശ കമ്മീഷന്‍ നിര്‍ദേശങ്ങള്‍ നടപ്പിലാക്കാമെന്ന ഉറപ്പ് അധികൃതരില്‍ നിന്നും ലഭിച്ചതിനെത്തുടര്‍ന്നാണ് അമ്മമാര്‍ കലക്ട്രേറ്റിനു മുമ്പില്‍ നടത്തിയ ദീര്‍ഘസമരം താത്കാലികമായി നിര്‍ത്തിയത്. ഇത് പാലിക്കപ്പെട്ടില്ലെന്നു മാത്രമല്ല എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കു നല്കുന്ന എല്ലാ സാമ്പത്തിക ആനുകൂല്യങ്ങളും അഞ്ചു വര്‍ഷത്തിനകം പിന്‍വലിക്കാനുള്ള നീക്കങ്ങള്‍ അണിയറയില്‍ നടക്കുകയുമായിരുന്നു.

ഈ തിരിച്ചറിവാണ് അമ്മമാരുടെ സമരത്തിന്റെ തുടര്‍ച്ചയായി 2013 ഫെബ്രുവരി 18 മുതല്‍ ആരംഭിച്ച അനിശ്ചിതകാല നിരാഹാര സത്യാഗ്രഹത്തിലേക്ക് എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയെ കൊണ്ടുചെന്നെത്തിച്ചത്. ഒരു മാസത്തോളം നീണ്ട ഈ സമരത്തില്‍ മൂന്നാഴ്ചയോളം നിരാഹാരം കിടന്ന പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ എ.മോഹന്‍കുമാറിനെ നിര്‍ബന്ധപൂര്‍വം ആശുപത്രിയിലേക്കു മാറ്റിയതിനെ തുടര്‍ന്നാണ് സമരം നിര്‍ത്തിവെക്കപ്പെട്ടത്.

ഞാന്‍ മരിച്ചാല്‍ ഇവള്‍ക്കാര് എന്ന് ഇനി ശീലാബതിയുടെ അമ്മ ചോദിക്കില്ല. ശീലാബതി ഇന്നില്ല. സമരങ്ങളുടെയെല്ലാം മുമ്പിലുണ്ടായിരുന്ന ,ആരുമായും ലോഹ്യം കൂടാന്‍ മുമ്പനായിരുന്ന പെരിയ ബഡ്‌സ് സ്‌കൂളിലെ അല്‍ വാസ് കഴിഞ്ഞ ജൂണ്‍ 5നാണ് നമ്മെ വിട്ടു പോയത്. ഒരു ദിവസം മുഴുവന്‍ രോഗമെന്തെന്ന് അറിയാതെ ജില്ലാ ആശുപത്രിയില്‍ കിടന്നിട്ടും വെര്‍മിഫോം അപന്‍ഡിക്‌സ് പഴുത്തു പൊട്ടിയതാണെന്ന് പെരിയാരം മെഡിക്കല്‍ കോളേജിലെ പോസ്റ്റുമാര്‍ട്ടം ടേബിളില്‍ ആ അമിതവളര്‍ച്ചയുള്ള ഇളം ശരീരം കീറി മുറിച്ച് തന്നെ അറിയേണ്ടിവന്നു.

ശരണ്യ മോള്‍/ഫോട്ടോ: എ.ജെ ജോജി

പഠിക്കാനും വളരാനുമുള്ള ആഗ്രഹങ്ങള്‍ എന്നും ക്ലാസ് ടീച്ചറുമായി പങ്കുവെക്കാറുള്ള പെരിയ സ്‌കുളിലെ ശരണ്യ മോള്‍ മരിച്ചിട്ട് രണ്ടു വര്‍ഷം കഴിഞ്ഞു.( ഞാനായിരുന്നു അവളുടെ ക്ലാസ് അധ്യാപകന്‍.) ബെള്ളൂരിലെ ബാസപ്പഗൗഡ,പമ്പജലുവിലെ ഗായത്രി… മരണത്തിന്റെ മഹാപ്രസ്ഥാനം ഇപ്പോഴും തുടരുകയാണ്. സര്‍ക്കാര്‍ പണം നല്‍കാത്തതു കൊണ്ട് ഇതുവരെ സൗജന്യ ചികിത്സ ലഭിച്ചിരുന്ന ആശുപത്രികളിലും രോഗികള്‍ക്ക് ചികിത്സ നിഷേധിക്കപ്പെട്ടുകൊണ്ടിരിക്കുന്നു എന്ന വാര്‍ത്തയാണ് ഒടുവില്‍ കേട്ടത്.

കാസര്‍ഗോഡ് ജില്ലയിലെ 11 എന്‍ഡോസള്‍ഫാന്‍ ബാധിത പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കമ്യുണിറ്റി ഹെല്‍ത്ത് സെന്ററുകളാക്കി മാറ്റണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ശുപാര്‍ശ ചെയ്തതാണ്. ഇതിലുടെ ഓരോ സെന്ററിലും ഏഴ് വിദഗ്ധ ഡോക്ടര്‍മാരുടെയും ആറ് ബിരുദ ഡോക്ടര്‍മാരുടെയും സേവനം ഓരോ പഞ്ചായത്തിലും ലഭ്യമാകുമായിരുന്നു. ഒന്നും സംഭവിച്ചില്ല. ജില്ലയില്‍ ഒരു മെഡിക്കല്‍ കോളേജ് എന്ന ആതുരരുടെ സ്വപ്നവും യാഥാര്‍ത്ഥ്യമായില്ല.

2013 നവംബര്‍ 30 ന് ഉമ്മന്‍ ചാണ്ടി കാസര്‍ഗോഡ് ഉക്കിനടുക്കയില്‍ ശിലാസ്ഥാപനം നടത്തിയ മെഡിക്കല്‍ കോളേജിന്റെ നിര്‍മാണ ഉദ്ഘാടനം 2018 നവംബര്‍ 25 ന് ഇപ്പോഴത്തെ മുഖ്യമന്ത്രി നിര്‍വഹിച്ചതല്ലാതെ ആശുപത്രി ഉയരുന്ന ലക്ഷണമൊന്നുമില്ല. രോഗികള്‍ക്കായുള്ള പുനരധിവാസ ഗ്രാമം എന്ന സര്‍ക്കാര്‍ പ്രഖ്യാപനം വന്നിട്ടും വര്‍ഷങ്ങള്‍ പലതായി.2018-19 വര്‍ഷത്തെ ബജറ്റില്‍ എന്‍ഡോസള്‍ഫാന്‍ ബാധിത കുടുംബങ്ങളുടെ അമ്പതിനായിരത്തില്‍ കുറഞ്ഞ കടങ്ങള്‍ എഴുതിത്തള്ളാന്‍ അമ്പതു കോടി രൂപ വകയിരുത്തിയിരുന്നു. ഈയിനത്തില്‍ ഒന്നരക്കോടി രൂപ മാത്രമാണ് ഇതിനകം ചെലവഴിക്കപ്പെട്ടത്.

ആസ്ബസ്‌റ്റോസ് ഷെഡില്‍ നിന്നും സാമാന്യം മെച്ചപ്പെട്ട സൗകര്യത്തിലേക്ക് മാറിയ പെരിയയിലെ ബഡ്‌സ് സ്‌കൂള്‍ ഒഴികെ മറ്റെല്ലാം ഇപ്പോഴും ആസ്ബസ്‌റ്റോസ് കൂരയ്ക്കു കീഴിലെ കുടുസ്സുമുറിക്കകത്തു തന്നെ. വിദ്യാലയങ്ങളില്‍ ആരോഗ്യ കാരണങ്ങളാല്‍ ആസ്ബസ്റ്റോസ് കെട്ടിടങ്ങള്‍ നിരോധിച്ചിട്ട് കാലമേറെയായെങ്കിലും ബഡ്‌സ് സ്‌കുളുകളിലെ കഷ്ട ജീവിതങ്ങള്‍ക്ക് ഇതൊന്നും ബാധകമല്ലാതായിരിക്കുന്നു.

വര്‍ഷമിത്രയായിട്ടും തുടരുന്ന ഇത്തരം അവഗണനക്കെതിരായാണ് അമ്മമാര്‍ ക്ക് വീണ്ടും സമരം ചെയ്യേണ്ടി വരുന്നത്. പോയ വര്‍ഷവും ഇതേ തീയതിയില്‍ സെക്രട്ടറിയേറ്റ് പടിക്കല്‍ കാസര്‍കോട്ടെ അമ്മമാര്‍ക്ക് സമരം ചെയ്യേണ്ടി വന്നതാണ്. അന്ന് ഒത്തുതീര്‍പ്പിന്റെ ഭാഗമായി നല്‍കിയ ഉറപ്പുകള്‍ ഒന്നും തന്നെ പാലിക്കപ്പെടാതെ പോയതുകൊണ്ടാണ് ഈ അമ്മമാര്‍ക്ക് വീണ്ടും തെരുവിലിറങ്ങേണ്ടി വന്നത്.

അടയ്ക്കാപ്പുത്തൂരില്‍ പി.ടി.ഭാസ്‌കരപ്പണിക്കര്‍ അനുസ്മരണ യോഗത്തില്‍ നാടകം കളിക്കുന്ന ദയാബായി

കഴിഞ്ഞ ഒന്നര വര്‍ഷമായി ദയാബായി എന്‍ഡോസള്‍ഫാന്‍ രോഗികള്‍ക്കായി പ്രവര്‍ത്തിക്കുകയാണ്. സ്വന്തമായി പാട്ടെഴുതി ഈണം നല്‍കി ആല്‍ബമാക്കി പോകുന്നിടത്തൊക്കെ പ്രദര്‍ശിപ്പിച്ചും കാസര്‍ഗോട്ടെ കുഞ്ഞുങ്ങളെക്കുറിച്ചു മാത്രം എവിടെയും സംസാരിച്ചും അവര്‍ സഞ്ചരിച്ചു കൊണ്ടിരിക്കുകയായിരുന്നു.

സ്വന്തമായി തയ്യാറാക്കിയ ഏകാംഗ നാടകം നിരവധി വേദികളില്‍ അവതരിപ്പിച്ചു കൊണ്ട് അമ്മമാരുടെ സങ്കടം അവര്‍ നാടിനെ അറിയിക്കുകയായിരുന്നു പോയ മാസങ്ങളില്‍ . ഉള്ളുവെന്തുപോകുന്ന കാസര്‍ഗോഡന്‍ ജീവിതങ്ങളുടെ തീക്കടലുകള്‍ ചെരിപ്പിടാക്കാലുകള്‍ കൊണ്ട് തരണം ചെയ്ത നാളുകള്‍ നല്കിയ അനുഭവ സ്ഥൈര്യം തന്നെയാണ് മരണം വരെ നിരാഹാരമിരിക്കാന്‍ ഭൂതദയയുടെ ആള്‍രൂപമായ ദയാഭായിയെ പ്രേരിപ്പിച്ചത്.

ഡോ. ഇ ഉണ്ണിക്കൃഷ്ണന്‍

We use cookies to give you the best possible experience. Learn more